Wednesday, December 22, 2010

ജെപിസിയെ ഭയന്ന് പ്രധാനമന്ത്രി; വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം

ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതി ജെപിസി അന്വേഷണമെന്ന ആവശ്യത്തിന്റെ മുനയൊടിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം പാളുന്നു. പിഎസി അന്വേഷണത്തിന് സ്വീകാര്യത നല്‍കാനാണ് പ്രധാനമന്ത്രി തന്നെ അതിനു മുമ്പില്‍ ഹാജരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാല്‍, ജെപിസി അന്വേഷണം തന്നെ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്നതോടെ കോഗ്രസിന്റെ ഈ നീക്കവും പ്രശ്ന പരിഹാരത്തിലേക്ക് നയിക്കില്ലെന്ന് ഉറപ്പായി. ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന ബജറ്റ് സമ്മേളനവും തടസ്സപ്പെടുമെന്ന സൂചനയാണ് പ്രതിപക്ഷ പാര്‍ടികളില്‍ നിന്നു ലഭിക്കുന്നത്.

പിഎസി അന്വേഷണമെന്ന ആശയം പ്രതിപക്ഷം തുടക്കത്തില്‍തന്നെ തള്ളിയിരുന്നു. ജെപിസിയെ അപേക്ഷിച്ച് പിഎസിക്ക് വിപുലമായ അധികാരമില്ലെന്നതാണ് കാരണം. പിഎസി ഒരു വര്‍ഷത്തേക്കുള്ള സമിതിയാണ്. അതിന്റെ അധ്യക്ഷന്‍ പ്രതിപക്ഷ നേതാവായിരിക്കുമെങ്കിലും മന്ത്രിമാരെയും പ്രധാനമന്ത്രിയെയും വിളിപ്പിക്കാന്‍ സമിതിക്ക് അധികാരമില്ല. പ്രധാനമന്ത്രി പിഎസിക്ക് മുമ്പില്‍ ഹാജരാകാമെന്നു സമ്മതിച്ചാലും പിഎസി ചെയര്‍മാന് അദ്ദേഹത്തെ നേരിട്ടു വിളിക്കാന്‍ അധികാരമില്ല. സ്പീക്കറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വിളിപ്പിക്കാനാകൂ. മാത്രമല്ല സിഎജി റിപ്പോര്‍ട്ട് ഒരോ ഖണ്ഡികയും പരിശോധിച്ച് അതിനോടുള്ള പ്രതികരണം തയ്യാറാക്കാന്‍ മാത്രമേ പിഎസിക്ക് കഴിയൂ. പിഎസി റിപ്പോര്‍ട്ട് ഇന്നുവരെയും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ജെപിസിക്ക് അതിന്റെ പരിഗണനാവിഷയങ്ങള്‍ സ്വയം നിശ്ചയിക്കാന്‍ അധികാരമുണ്ട്. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും വിളിപ്പിക്കാനും സാധിക്കും. ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ജെപിസിക്ക് മുമ്പില്‍ ധനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍സിങ് തന്നെ ഹാജരായതാണ്.

പ്രധാനമന്ത്രിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജെപിസി രൂപീകരിച്ചുകൂടെന്ന ചോദ്യം പ്രസക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഭരണസഖ്യത്തിനു ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് അംഗം ചെയര്‍മാനാകുന്ന ജെപിസി സമിതിയെ എന്തിന് പ്രധാനമന്ത്രി ഇത്രമാത്രം ഭയക്കുന്നെന്നും യെച്ചൂരി ചോദിച്ചു. ജെപിസിക്ക് മുമ്പില്‍ ഹാജരാകില്ലെന്ന പിടിവാശി പ്രധാനമന്ത്രിക്ക് എന്തോ മറച്ചുവെയ്ക്കാനുണ്ടെന്നതിന് തെളിവാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 221210

No comments:

Post a Comment