Tuesday, December 21, 2010

പാറപ്രം സമ്മേളന സ്മാരക മന്ദിരം കാരാട്ട് നാടിനു സമര്‍പ്പിക്കും

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പിണറായി പാറപ്രം സമ്മേളനത്തിന്റെ സ്മരണക്കായി നിര്‍മിച്ച മന്ദിരം 23ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നാടിന് സമര്‍പ്പിക്കും. പിണറായി ഓലയമ്പലത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഫോട്ടോ അനാഛാദനം ചെയ്യും. ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ പതാക ഉയര്‍ത്തും. പരിപാടിയോടനുബന്ധിച്ച് 10,000 പേര്‍ പങ്കെടുക്കുന്ന പ്രകടനവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും. രക്തസാക്ഷികുടുംബാംഗങ്ങള്‍, പഴയകാല പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാറപ്രം സ്മാരക സ്തൂപത്തില്‍നിന്ന് കൊളുത്തുന്ന ദീപശിഖ അത്ലറ്റുകള്‍ റിലേയായി കൊണ്ടുവന്ന് സ്മാരക മന്ദിരത്തില്‍ സ്ഥാപിക്കും.
പാറപ്രം സമ്മേളനത്തിന്റെ 71-ാം വാര്‍ഷികത്തിലാണ് സ്മാരക മന്ദിരം ഉയരുന്നത്. 1989-ല്‍ 50-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഓലയമ്പലത്ത് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഇ എം എസ് തറക്കല്ലിട്ട സ്ഥലത്താണ് സിപിഐ എം പിണറായി ഏരിയാ കമ്മിറ്റി മന്ദിരനിര്‍മാണം പൂര്‍ത്തിയാക്കിയത്. 2009 ആഗസ്ത് 19ന് കൃഷ്ണപിള്ള ദിനത്തിലാണ് നിര്‍മാണം ആരംഭിച്ചത്. പാര്‍ടി ഏരിയാ കമ്മിറ്റി ഓഫീസ്, 250 പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള ഹാള്‍, ലൈബ്രറി, വര്‍ഗ- ബഹുജന സംഘടനകളുടെ ഓഫീസുകള്‍ എന്നിവ മന്ദിരത്തില്‍ പ്രവര്‍ത്തിക്കും. നാനൂറോളം സ്ക്വാഡ് വീടുകയറിയാണ് ഫണ്ട് ശേഖരിച്ചത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് 1939 ഡിസംബര്‍ അവസാനം പിണറായി പാറപ്രത്ത് നടന്ന സമ്മേളനം. 1937-ല്‍ കോഴിക്കോട്ട് രഹസ്യഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ടി പാറപ്രത്തുവച്ചാണ് പരസ്യമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കെ പി ഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു. പാറപ്രത്തുവച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകം ഒന്നായി കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ലയിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ, പിണറായി ഏരിയാ സെക്രട്ടറി പി ബാലന്‍, വി എം വേലായുധന്‍ നമ്പ്യാര്‍, വി എം പവിത്രന്‍, കെ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി 211210

2 comments:

  1. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പിണറായി പാറപ്രം സമ്മേളനത്തിന്റെ സ്മരണക്കായി നിര്‍മിച്ച മന്ദിരം 23ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നാടിന് സമര്‍പ്പിക്കും. പിണറായി ഓലയമ്പലത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഫോട്ടോ അനാഛാദനം ചെയ്യും. ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ എംഎല്‍എ പതാക ഉയര്‍ത്തും. പരിപാടിയോടനുബന്ധിച്ച് 10,000 പേര്‍ പങ്കെടുക്കുന്ന പ്രകടനവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും. രക്തസാക്ഷികുടുംബാംഗങ്ങള്‍, പഴയകാല പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാറപ്രം സ്മാരക സ്തൂപത്തില്‍നിന്ന് കൊളുത്തുന്ന ദീപശിഖ അത്ലറ്റുകള്‍ റിലേയായി കൊണ്ടുവന്ന് സ്മാരക മന്ദിരത്തില്‍ സ്ഥാപിക്കും.

    ReplyDelete
  2. ഉള്ളി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമായത് കേന്ദ്രത്തിന്റെ അവധിവ്യാപാര നയങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പാറപ്രം സമ്മേളനവാര്‍ഷികമായി നിര്‍മ്മിച്ച മന്ദിരം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. പൂഴ്ത്തിവെപ്പും കരിഞ്ചന്തയുടെ പ്രോല്‍സാഹിപ്പിക്കുന്ന നയം തിരുത്തണം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് വില വര്‍ധനക്കു കാരണം. വിക്കിലീക്ക്സ് അമേരിക്കയെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അത്ഭുതപ്പെടേണ്ടതില്ല. അമേരിക്കയെക്കുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞാലേ അത്ഭുതമുള്ളു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ചരിത്രഭൂമിയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. കേരളത്തിലെ തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം വിളംബരം ചെയ്ത ഈ മണ്ണില്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍, ഏരിയാസെക്രട്ടറി പി ബാലന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ഓലയമ്പാടിയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ മന്ദിരം പ്രകാശ്കാരാട്ട് നാടിന് സമര്‍പ്പിക്കും

    ReplyDelete