Thursday, December 23, 2010

കേന്ദ്രനയങ്ങള്‍ക്കെതിരെ വിപുല പ്രചാരണം: എല്‍ഡിഎഫ്

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളും അഴിമതിയും തുറന്നുകാട്ടിയും കേരളത്തോടുള്ള അവഗണന വിശദീകരിച്ചും വര്‍ഗബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. എല്‍ഡിഎഫിനൊപ്പമുള്ള വര്‍ഗബഹുജന സംഘടനകളുടെ സംസ്ഥാനതല യോഗം ചേര്‍ന്ന് പ്രചാരണപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിവിധ മേഖലകളിലുണ്ടാക്കിയ മാറ്റം പ്രചാരണപരിപാടികളില്‍ വിശദീകരിക്കും. ജില്ല-നിയോജകമണ്ഡലം-പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ക്യാമ്പയിന് രൂപം നല്‍കും. ട്രേഡ് യൂണിയനുകള്‍, കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകള്‍, മഹിളാ, യുവജന, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവയുടെ യോഗം പ്രത്യേകമായി ചേരും. ഓരോ വിഭാഗത്തിലും പെട്ടവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിക്കുകയും ഈ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുകയുംചെയ്യും. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ ധന-ഗതാഗത മന്ത്രിമാരെയും എല്‍ഡിഎഫ് കണ്‍വീനറെയും യോഗം ചുമതലപ്പെടുത്തി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ പരിമതിയില്‍ ഒതുങ്ങിനിന്ന് എല്ലാ നടപടിയുമെടുത്തതായി വൈക്കം വിശ്വന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഏക സംസ്ഥാനമാണ് കേരളം. പഞ്ചസാരവില കുതിക്കുമ്പോള്‍ ഇവിടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു. മറ്റിടങ്ങളില്‍ പഞ്ചസാരയ്ക്ക് തീവിലയാണ്. ഉള്ളിവില എണ്‍പതിലെത്തി. അതൊന്നും പറയാതെ കേരളത്തിലെ പൊതുവിതരണസംവിധാനം തകര്‍ക്കാനാണ് വിവാദമുണ്ടാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റം തടയാന്‍ ഒന്നും ചെയ്യുന്നില്ല. മാധ്യമങ്ങള്‍ക്ക് അതില്‍ ഒരു പരാതിയുമില്ല.

കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കയാണ്. അത് മറച്ചുപിടിക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നത്. സപ്ളൈകോ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നുണ്ട്. അത് തുടരും. ഗൌരിയമ്മ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഗൌരിയമ്മയും യുഡിഎഫും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കൂലി വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം തുടരും: പാലോളി


ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ കൂലി വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം തുടരുമെന്ന് തദ്ദേശസ്വയംഭരണമന്ത്രി പാലോളി മുഹമ്മദുകുട്ടി നിയമസഭയില്‍ പറഞ്ഞു. കൂലി വര്‍ധിപ്പിക്കണമെന്ന സഭയുടെ പൊതുവികാരം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പി ജയരാജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു. കര്‍ഷകത്തൊഴിലാളി മിനിമംവേതനനിയമം അനുസരിച്ചാണ് തൊഴിലുറപ്പുപദ്ധതിയിലെ പ്രതിദിന കൂലിയായി 125 രൂപ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. 2009 ആഗസ്ത് പത്തിന് കേരളത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ മിനിമംകൂലി 200 രൂപയായി വര്‍ധിപ്പിച്ചു. ഇതിന് ആനുപാതികമായി കൂലി വര്‍ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. പദ്ധതിയില്‍ ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമുണ്ടാകുന്നു. 2010-11ല്‍ 1131.94 കോടി രൂപയുടെ ലേബര്‍ ബജറ്റ് സംസ്ഥാനം സമര്‍പ്പിച്ചപ്പോള്‍ കേന്ദ്രം അംഗീകരിച്ചത് ആദ്യഘട്ടമായി 235.08 കോടി. 60 ശതമാനം ചെലവഴിച്ചാല്‍ അടുത്തഘട്ടം അനുവദിക്കണമെന്നാണ് വ്യവസ്ഥ. കണ്ണൂര്‍ ജില്ലയുടെ രണ്ടാംഗഡുവും തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളുടെ മൂന്നാംഗഡുവുമടക്കം ഇനിയും അനുവദിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച എല്ലാ മാനദണ്ഡവും പാലിച്ചാണ് അപേക്ഷ നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര നടപടി കണ്ണീര്‍ പൊഴിക്കലില്‍ ഒതുങ്ങുന്നു

വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ കേന്ദ്രം കണ്ണീര്‍പൊഴിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് എം പ്രകാശന്‍ നിയമസഭയില്‍ പറഞ്ഞു.

ഇന്ത്യാചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ വിലക്കയറ്റം. ഉള്ളിക്ക് കിലോയ്ക്ക് 100 രൂപവരെയായി. വിലക്കയറ്റം സാര്‍വത്രികമെന്ന് പറഞ്ഞൊഴിയാനാണ് ഭരണാധികാരികളുടെ ശ്രമം. ജി- 20 രാജ്യങ്ങളില്‍ വിലക്കയറ്റത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. 13 ശതമാനമാണ് വിലക്കയറ്റത്തിന്റെ തോത്. എന്നിട്ടും നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ 560 ദശലക്ഷം ടണ്‍ ധാന്യം കേന്ദ്രസര്‍ക്കാരിന്റെ സംഭരണികളില്‍ കെട്ടിക്കിടന്നു നശിക്കുന്നു. ഈ ധാന്യം കുറഞ്ഞവിലയ്ക്ക് പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാന്‍ സുപ്രീംകോടതിപോലും ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധനയുടെ ഭാഗമായി രാസവളവിലയും ഉയരുന്നു. ഇതു കാര്‍ഷികമേഖലയിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് 'കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വകലാശാലാ ബില്ലിന്റെ' ചര്‍ച്ചയില്‍ പങ്കെടുത്ത് എം പ്രകാശന്‍ പറഞ്ഞു.

ദേശാഭിമാനി 231210

1 comment:

  1. ഇന്ത്യാചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ വിലക്കയറ്റം. ഉള്ളിക്ക് കിലോയ്ക്ക് 100 രൂപവരെയായി. വിലക്കയറ്റം സാര്‍വത്രികമെന്ന് പറഞ്ഞൊഴിയാനാണ് ഭരണാധികാരികളുടെ ശ്രമം. ജി- 20 രാജ്യങ്ങളില്‍ വിലക്കയറ്റത്തില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാണ്. 13 ശതമാനമാണ് വിലക്കയറ്റത്തിന്റെ തോത്. എന്നിട്ടും നട്ടം തിരിയുന്ന ജനങ്ങളെ സഹായിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുകയറുമ്പോള്‍ 560 ദശലക്ഷം ടണ്‍ ധാന്യം കേന്ദ്രസര്‍ക്കാരിന്റെ സംഭരണികളില്‍ കെട്ടിക്കിടന്നു നശിക്കുന്നു. ഈ ധാന്യം കുറഞ്ഞവിലയ്ക്ക് പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യാന്‍ സുപ്രീംകോടതിപോലും ആവശ്യപ്പെട്ടു.

    ReplyDelete