Wednesday, December 29, 2010

ഇന്ദിരയെയും രാജീവിനെയും വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ പുസ്തകം

മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ആത്മപരിശോധന. പാര്‍ട്ടിയുടെ 125-ാം വാര്‍ഷികം പ്രമാണിച്ച് മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജി എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പുസ്തകത്തിലാണ് രാജീവിന്റെയും ഇന്ദിരയുടെയും പ്രവര്‍ത്തത്തെ തള്ളിപ്പറഞ്ഞിട്ടുള്ളത്.

അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ അനിയന്ത്രിതമായ അധികാരം കേന്ദ്രീകരിച്ചിരുന്നെന്ന് പുസ്തകം പറയുന്നു. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് വിലക്കുവന്നു. മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടു. പ്രസ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ജുഡീഷ്യറിയുടെ അധികാരം ഗണ്യമായി വെട്ടിക്കുറച്ചു. ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അധികാരം അനിയന്ത്രിതമായി പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചെന്ന് ദി കോണ്‍ഗ്രസ് ആന്‍ഡ് ദി മേക്കിംഗ് ഓഫ് ഇന്ത്യന്‍ നാഷന്‍ എന്ന പുസ്തകം പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി വലിയ പ്രാധാന്യമുള്ളനേതാവായി ഉയര്‍ന്നു. അദ്ദേഹത്തിന്റെ പിന്തുണകൊണ്ടാണ് സര്‍ക്കാര്‍ കുടുംബാസൂത്രണ നടപടികള്‍ ശക്തമായി പിന്തുടര്‍ന്നത്. ചേരി നിര്‍മാര്‍ജനം, സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങള്‍, സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. എന്നാല്‍ പലതും ധിക്കാരപരമായ രീതിയിലാണ് നടപ്പാക്കിയതെന്ന് പുസ്തകം പറയുന്നു. ഇത് പൊതുജനാഭിപ്രായം തിരിയാന്‍ ഇടയാക്കി.

അടിയന്തരാവസ്ഥയ്ക്കു കാരണക്കാരനായി ഇന്ദിരാഗാന്ധി ചൂണ്ടിക്കാട്ടിയ ജയപ്രകാശ് നാരായണന്റെ ആര്‍ജവത്തേയും സമര്‍പ്പണ ബോധത്തെയും കുറ്റം പറയാനാവില്ലെന്ന് പുസ്തകം പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആശയം വ്യക്തതയില്ലാത്തതായിരുന്നെന്ന് പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. ജെ പിയുടെ പ്രസ്ഥാനം ഭരണഘടനാതീതവും ജനാധിപത്യവിരുദ്ധവുമായിരുന്നെന്ന് പുസ്തകം കുറ്റപ്പെടുത്തുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു ലക്ഷത്തിലേറെ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. അതിവേഗത്തില്‍ മാറ്റം വരുത്തണം എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും അടിക്കടി പുനസ്സംഘടന നടത്തുകയാണ് രാജീവ് ചെയ്തത്. എന്നാല്‍ പാര്‍ട്ടിയെ പുനരുദ്ധരിക്കും എന്ന വാക്കു പാലിക്കാന്‍ രാജീവിന് ആയില്ല. സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവയ്ക്കുകയാണ് രാജീവ് ചെയ്തത്.

janayugom 291210

1 comment:

  1. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ആത്മപരിശോധന. പാര്‍ട്ടിയുടെ 125-ാം വാര്‍ഷികം പ്രമാണിച്ച് മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജി എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന പുസ്തകത്തിലാണ് രാജീവിന്റെയും ഇന്ദിരയുടെയും പ്രവര്‍ത്തത്തെ തള്ളിപ്പറഞ്ഞിട്ടുള്ളത്.

    ReplyDelete