Tuesday, December 21, 2010

കോണ്‍ഗ്രസ് സമ്മേളനം; സമാപനവും കൈയാങ്കളിയോടെ

ബുറാഡി(ഡല്‍ഹി): കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ വീണ്ടും കൈയാങ്കളി. സമ്മേളനത്തിന്റെ സമാപനദിവസമാണ് പ്രതിനിധികള്‍ നേതാക്കള്‍ക്കെതിരായ പ്രതിഷേധം ആവര്‍ത്തിച്ചത്. രാഹുല്‍ഗാന്ധി പ്രത്യേക താല്‍പ്പര്യമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിഹാറില്‍നിന്നുള്ള പ്രതിനിധികളാണ് തിങ്കളാഴ്ചയും നേതൃത്വത്തിന് തലവേദനയായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ബിഹാര്‍ പ്രതിനിധികള്‍ നേതാക്കളുടെ അഴിമതി ഉയര്‍ത്തി രംഗത്തുവന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. പ്രതിനിധികളുടെ ശ്രദ്ധ പ്രശ്നസ്ഥലത്തേക്ക് തിരിഞ്ഞെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു. ഇതിനിടെ ചില മാധ്യമപ്രവര്‍ത്തകരെ സേവാദളുകാര്‍ മര്‍ദിച്ചു. സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രണബ് മുഖര്‍ജി തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

കേന്ദ്രമന്ത്രി മുകുള്‍ വാസ്നിക്കിനെതിരെ നോട്ടീസ് പുറത്തിറക്കി രാവിലെതന്നെ ബിഹാര്‍ പ്രതിനിധികള്‍ നിലപാട് അറിയിച്ചു. നോട്ടീസ് വിതരണം തടയാന്‍ സേവാദള്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിഹാറില്‍ മദ്യവ്യാപാരികള്‍, റിയല്‍ എസ്റ്റേറ്റ് മാഫിയ, സ്കൂള്‍- കോച്ചിങ് മാഫിയ എന്നിവര്‍ക്കായി സീറ്റ് വീതിച്ചെന്ന് കോണ്‍ഗ്രസ് ബചാവോ സംഘര്‍ഷ് മോര്‍ച്ചയുടെ പേരില്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. അധികാരമില്ലാതെയും ദശകങ്ങളായി കോണ്‍ഗ്രസിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരെയാണ് സീറ്റ് നല്‍കാതെ നേതാക്കള്‍ തഴഞ്ഞത്. കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് ഇത് കാരണമായി. പണംവാങ്ങിയുള്ള സീറ്റുവിതരണം നേതൃത്വം കണ്ടില്ലെന്നു നടിക്കുകയാണ്. പല പാര്‍ടികളില്‍നിന്ന് കൂടുമാറി വന്നവര്‍ക്കാണ് സീറ്റ് നല്‍കിയത്. അശോക്കുമാര്‍, സാഗര്‍റെയ്ക്ക, ഇമ്രാന്‍ കിദ്വായ് എന്നീ സംസ്ഥാന നേതാക്കളുമായി കൂട്ടുചേര്‍ന്നാണ് വാസ്നിക് കച്ചവടം നടത്തിയത്. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടണം. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം- നേതാക്കള്‍ക്കടക്കം വിതരണംചെയ്ത നോട്ടീസില്‍ ആവശ്യപ്പെട്ടു.

ബിഹാര്‍ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വാസ്നിക്കിനോട് നേതൃത്വം വിശദീകരണം തേടിയതായാണ് സൂചന. സമ്മേളനം അവസാനിച്ചതിന് ശേഷവും അണികളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നു. അഴിമതിനേതാക്കള്‍ക്കെതിരെ ഒരു വനിതാപ്രതിനിധി ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയതിനെത്തുടര്‍ന്ന് സോണിയക്ക് വേദിയില്‍നിന്ന് ഇറങ്ങിവന്ന് പരാതി കേള്‍ക്കേണ്ടി വന്നു.

ദേശാഭിമാനി 21210

1 comment:

  1. കോണ്‍ഗ്രസ് സമ്പൂര്‍ണ സമ്മേളനത്തില്‍ വീണ്ടും കൈയാങ്കളി. സമ്മേളനത്തിന്റെ സമാപനദിവസമാണ് പ്രതിനിധികള്‍ നേതാക്കള്‍ക്കെതിരായ പ്രതിഷേധം ആവര്‍ത്തിച്ചത്. രാഹുല്‍ഗാന്ധി പ്രത്യേക താല്‍പ്പര്യമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിഹാറില്‍നിന്നുള്ള പ്രതിനിധികളാണ് തിങ്കളാഴ്ചയും നേതൃത്വത്തിന് തലവേദനയായത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ബിഹാര്‍ പ്രതിനിധികള്‍ നേതാക്കളുടെ അഴിമതി ഉയര്‍ത്തി രംഗത്തുവന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. പ്രതിനിധികളുടെ ശ്രദ്ധ പ്രശ്നസ്ഥലത്തേക്ക് തിരിഞ്ഞെങ്കിലും പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നു. ഇതിനിടെ ചില മാധ്യമപ്രവര്‍ത്തകരെ സേവാദളുകാര്‍ മര്‍ദിച്ചു. സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കുന്നതിനിടെയാണ് ബഹളമുണ്ടായത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രണബ് മുഖര്‍ജി തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

    ReplyDelete