Tuesday, December 28, 2010

ആണവകരാറും വന്‍ അഴിമതി

തൃശൂര്‍: ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ വന്‍ അഴിമതിയുടെ ചുരുളഴിയുമെന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത് 2ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയാകും. പ്രധാനമന്ത്രിയെയാണ് ഈ അഴിമതി നേരിട്ട് ബാധിക്കുക. ഇത്തരം ആണവപദ്ധതികളെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ ചെറുക്കണം. അഞ്ചു ദിവസം നീളുന്ന 13-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുത്തക കച്ചവടക്കാരുമടങ്ങുന്ന വന്‍ഗൂഢസംഘമാണ് ഇന്തോ- അമേരിക്കന്‍ ആണവകരാറിന് പിന്നില്‍. ഇവര്‍ ഇല്ലാതാക്കുന്നത് നെഹ്രുവിന്റെ കാലം മുതല്‍ പിന്തുടരുന്ന രാജ്യത്തിന്റെ ആണവോര്‍ജ നയങ്ങളാണ്. ആണവോര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ആദ്യകാലംമുതല്‍ ശ്രമിച്ചിരുന്നത്. പൊക്രാനില്‍ 1974ലും 1998ലും നടത്തിയ പരീക്ഷണങ്ങള്‍ ആണവമേഖലയില്‍ ഇന്ത്യയുടെ ശക്തമായ കാല്‍വയ്പ്പുതന്നെയായിരുന്നു. എന്നാല്‍ അവ പിന്തുടരാതെ, ഉദാരവല്‍ക്കരണ നയത്തിന്റെ ഭാഗമായി ആണവോര്‍ജമേഖലയും കുത്തകരാഷ്ട്രങ്ങള്‍ക്ക് അടിയറവയ്ക്കാനാണ് ശ്രമം. സിടിബിടിയില്‍ ഒപ്പുവയ്ക്കാതിരിക്കുമ്പോള്‍ത്തന്നെ അമേരിക്കയുമായി ആണവ ഉടമ്പടികളുമായി മുന്നോട്ട് പോകുന്നത് ജനവഞ്ചനയാണ്. കോടികള്‍ മുടക്കി വിദേശ ആണവ റിയാക്ടറുകള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം ഇന്ത്യയുടെ ആണവ പ്രതിസന്ധി പരിഹരിക്കാനാവില്ല. മറിച്ച് കൊങ്ക(ണ്‍) പോലുള്ള ചെറിയ പ്രദേശങ്ങളില്‍ ഇത്തരം റിയാക്ടറുകള്‍ സ്ഥാപിക്കുന്നത് ജീവന് ഭീഷണിയാകും.

ഇന്ത്യയില്‍ ഉപയോഗിക്കുന്നത് ഘന ജല റിയാക്ടറുകളാണ്. ഇറക്കുമതി ചെയ്യുന്നവ ലഘു ജല റിയാക്ടടറുകളും. ഇതിനാവശ്യമായ ഇന്ധനവും ഇറക്കുമതി ചെയ്യേണ്ടിവരും. പൊക്രാനിലെ ആദ്യ പരീക്ഷണത്തെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. അത്തരം സാഹചര്യം ഇനിയുമുണ്ടായാല്‍ ഇന്ധനം ലഭിക്കാതെ റിയാക്ടറുകള്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് ഇന്ത്യയില്‍തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുക്കുന്ന റിയാക്ടറുകളാകും എറെ അനുയോജ്യമായത്. ആണവകരാര്‍ ഉടമ്പടികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കേണ്ടതല്ല. ഒളിപ്പിച്ചുവയ്ക്കുന്ന അത്തരം വ്യവസ്ഥകള്‍ വിവരാവകാശനിയമത്തിന്റെ പിന്‍ബലത്താല്‍ പുറത്തുകൊണ്ടുവരണമെന്നും ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സി പി നാരായണന്‍ അധ്യക്ഷനായി. ശാസ്ത്രം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വികസനത്തിനും എന്ന മുദ്രാവാക്യമുയര്‍ത്തി കേരളവര്‍മ്മ കോളേജിലും 'കില'യിലുമായി നടക്കുന്ന കോണ്‍ഗ്രസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500ഓളം പ്രതിവിധികള്‍ക്കു പുറമെ കേരളത്തില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള പ്രതിനിധികളുംപങ്കെടുക്കുന്നു.

ദേശാഭിമാനി 281210

1 comment:

  1. ഇന്തോ-അമേരിക്കന്‍ ആണവ കരാറിലെ ഉള്ളുകള്ളികള്‍ പുറത്തുവന്നാല്‍ വന്‍ അഴിമതിയുടെ ചുരുളഴിയുമെന്ന് ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അത് 2ജി സ്പെക്ട്രത്തേക്കാള്‍ വലിയ അഴിമതിയാകും. പ്രധാനമന്ത്രിയെയാണ് ഈ അഴിമതി നേരിട്ട് ബാധിക്കുക. ഇത്തരം ആണവപദ്ധതികളെ ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ ചെറുക്കണം. അഞ്ചു ദിവസം നീളുന്ന 13-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ് തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete