Thursday, January 27, 2011

"നീച ഭാഷായാം..''

ഇ എം എസ്സിന്റെ സമ്പൂര്‍ണ കൃതികള്‍ക്കുവേണ്ടി ആദ്യകാല ലേഖനങ്ങള്‍ ശേഖരിക്കാന്‍ യോഗക്ഷേമം, ഉണ്ണിനമ്പൂതിരി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ തേടി എനിക്ക് നിരവധി നമ്പൂതിരി ഇല്ലങ്ങളില്‍ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്. ഭാഗ്യത്തിന് ഒന്നുരണ്ടിടങ്ങളില്‍നിന്ന് ചിലത് കിട്ടി. ഒന്നും കിട്ടിയില്ലെങ്കിലും അവരില്‍ ചിലര്‍ പറഞ്ഞ വാക്കുകള്‍ മറക്കാനാവില്ല.

    "വി ടിയും ഇ എം എസുമൊക്കെയാണ് ഞങ്ങളെ ഇന്നത്തെ നിലയില്‍ എത്തിച്ചത്''. ശരിയാണ്, ആ പറഞ്ഞവരില്‍ പലരുടെയും സ്വന്തക്കാര്‍ അമേരിക്ക മുതലായ വിദേശ രാജ്യങ്ങളിലാണ്- ഡോക്ടര്‍മാരായും പ്രൊഫസര്‍മാരായും ശാസ്ത്രജ്ഞരായും മറ്റും.

    എങ്ങനെയാണവര്‍ അവിടങ്ങളില്‍ എത്തിയത്?

    വി ടിയും ഇ എം എസും എന്താണ് ചിന്തിച്ചത്, എന്താണ് ചെയ്തത്?

    ഞാന്‍ തിരക്കാന്‍ നിന്നില്ല.

    അവരെന്തു ചിന്തിച്ചു, എന്തു പ്രവര്‍ത്തിച്ചു എന്നതിന്റെ രേഖകള്‍ തിരക്കിയാണ് ഞാന്‍ അവരെ സമീപിച്ചത്.

    അതിന്റെയൊന്നും വിലയറിയാതെ അവ മുഴുവന്‍ നശിച്ചു. നശിപ്പിച്ചു!

    ഇംഗ്ളീഷ് വിദ്യാഭ്യാസമാണ് അവരെ ആധുനിക ലോകത്തിലേക്ക് പിടിച്ചുകയറ്റിയതെന്നവര്‍ക്ക് അറിയാമോ?

    അതാണ് ചരിത്രം.

    അതിനുമുമ്പ് സ്ഥിതിയെന്തായിരുന്നു?

    വി ടി ഭട്ടതിരിപ്പാടിനെപ്പറ്റി എഴുതിയപ്പോള്‍ അക്കിത്തം ആ ചരിത്രം സൂചിപ്പിക്കുകയുണ്ടായി; ഭംഗിയായി.

    "... ഇരുപത്തിമൂന്നു വയസ്സില്‍ വി ടിക്ക് ചേര്‍ന്ന് പഠിക്കാന്‍ പാകത്തില്‍ ആരംഭിക്കപ്പെട്ട നമ്പൂതിരിവിദ്യാലയത്തിന്റെ ആദികാരണമായ യോഗക്ഷേമസഭ രൂപംകൊണ്ടത് 1083ല്‍, വി ടിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ്. കുംഭം 18-ാം തീയതി ശിവരാത്രി ദിവസം ആലുവാ മണപ്പുറത്തുവച്ച് രൂപം പ്രാപിച്ച സഭയുടെ ആദ്യ മുദ്രാവാക്യമാകട്ടെ "നീചഭാഷാം ന ചാഭ്യസേല്‍'' എന്നായിരുന്നുതാനും. എങ്കിലും "നമ്പൂതിരിമാര്‍ക്ക് വിദ്യാഭ്യാസ സംബന്ധമായും ധര്‍മാചാരസംബന്ധമായും രാജനീതി സംബന്ധമായും ധനസംബന്ധമായും ഉള്ള അഭിവൃദ്ധി'' സഭയുടെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ "വെള്ളിമഴ പെയ്ത വെള്ളിനേഴി സഭ'' എന്ന് പ്രകീര്‍ത്തിക്കപ്പെട്ട എട്ടാം വാര്‍ഷികയോഗത്തില്‍വച്ച് 1916-ല്‍ ആദ്യമായി എംഎ പാസായ സി എസ് സുബ്രഹ്മണ്യന്‍ പോറ്റിക്ക് കുറൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വശക്തിയാല്‍ മെഡല്‍ സമ്മാനിക്കപ്പെട്ടതോടുകൂടി ഇംഗ്ളീഷ് വിദ്യാഭ്യാസം അംഗീകൃതമായി. തുടര്‍ന്ന് ശുകപുരം ക്ഷേത്ര ത്തില്‍വച്ച് എഴുനൂറില്‍പ്പരം നമ്പൂതിരിമാരുടെ ആവണപ്പലക സമ്മേളനം നടന്നു. സഭയുടെ ആംഗലഭാഷാ പ്രണയത്തിന് കടിഞ്ഞാണിടുകയായിരുന്നു യോഗത്തിന്റെ ഉദ്ദിഷ്ടലക്ഷ്യം. പക്ഷേ ഉണ്ണി നമ്പൂതിരിപ്പാടിന്റെ സുദീര്‍ഘപ്രസംഗം 'ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത'' എന്ന ആഹ്വാനത്തില്‍ച്ചെന്ന് മുട്ടിയപ്പോള്‍ നീണ്ടുനിന്ന കൈയടിയാണുണ്ടായത്. തുടര്‍ന്ന് "നമ്പൂതിരിമാര്‍ക്ക് നവീന വിദ്യാഭ്യാസം മാത്രമാണ് വിമോചനമാര്‍ഗ'മെന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയും ചെയ്തു.''

    നമ്പൂതിരി സമുദായത്തിന്റെ അന്നത്തെ നിലപാട് കവിയായ അക്കിത്തം മാത്രമല്ല രേഖപ്പെടുത്തിയിട്ടുള്ളത്. ചരിത്രകാരനും അതുതന്നെ വ്യക്തമാക്കിയിരിക്കുന്നു."നമ്പൂതിരി യോഗക്ഷേമസഭയുടെ മുമ്പും പിമ്പും'' എന്ന സി കെ നമ്പൂതിരിയുടെ ലഘുഗ്രന്ഥത്തിലും ആ സ്ഥിതി വ്യക്തമാക്കിയിട്ടുണ്ട്.

    "ആലുവാപ്പുഴവരെ എത്തിയ ടിപ്പുവിന്റെ ആക്രമണകാലത്തിനുശേഷം കൊള്ളയും കൊലയും പേടിച്ചു ഭയപ്പെട്ടിരിക്കാനല്ലാതെ വിദ്യാഭ്യാസം ചെയ്യാനോ ശാന്തജീവിതം നയിക്കുവാനോ സാധിച്ചവര്‍ വളരെ കുറവാണ്. കേരളത്തില്‍ സ്വന്തം മുതലുകളെ സംബന്ധിച്ച രേഖയോ സാധനങ്ങളോ കൈവശമില്ലാതായ നമ്പൂതിരിക്ക് ജീവിക്കാന്‍ പരാശ്രയമല്ലാതെ ഗത്യന്തരമില്ലാതായി.'പടയോട്ട'ത്തിനുശേഷം സ്വാധീനം കിട്ടിയവര്‍ സ്ഥിരതക്കുവേണ്ടി വാരവും പൂരവും ഓത്തൂട്ടും ഉത്സവവും കഥകളിയും ആനയും സ്വര്‍ണപ്പണ്ടവും കൈയാങ്കളിയും കരിങ്കല്ലു കല്‍പ്പടയും ഉണ്ടാക്കുവാനോ നടത്തുവാനോ അല്ലാതെ വിദ്യാഭ്യാസം ചെയ്യുവാനോ നാടിന്റെയും ഗവണ്‍മെന്റിന്റെയും പോക്കറിയുവാനോ ശ്രമിച്ചിരുന്നില്ല. വല്ലവരും രാത്രി അറയടച്ചിരുന്ന് ഇംഗ്ളീഷ് അക്ഷരം പഠിക്കാന്‍ ശ്രമിച്ചുവെങ്കില്‍പ്പോലും അവര്‍ പ്രായശ്ചിത്തക്കാരനായിത്തീരും.'' നീചഭാഷാം ന ചാഭ്യസേല്‍'' എന്നായിരുന്നു അന്നത്തെ നമ്പൂതിരിയുടെ മുദ്രാവാക്യം'' അന്ന് നമ്പൂതിരിയുടെ വിദ്യാഭ്യാസ നിലവാരം എന്തായിരുന്നു ? ചരിത്ര പുസ്തകത്തില്‍ അത് കാണാം.

    'കൊച്ചി രാജ്യചരിത്ര'ത്തില്‍ കെ പി പത്മനാഭമേനോന്‍ 1912ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍നിന്ന് നമ്പൂതിരിമാരുടെ കണക്ക് ഉദ്ധരിക്കുന്നു. കൊച്ചിരാജ്യത്തെയാണത്.

    രാജ്യത്താകെ മലയാളബ്രാഹ്മണര്‍ 6617.

    അതില്‍ അക്ഷരജ്ഞാനമില്ലാത്തവര്‍ 3800.

    ആകെ പുരുഷന്മാര്‍ 3416ല്‍ 1254 പേര്‍ക്കും സ്ത്രീകള്‍ 3199ല്‍ 2557 പേര്‍ക്കും എഴുത്തും വായനയും അറിയില്ല.

    പത്മനാഭമേനോന്‍ വിശദമായിത്തന്നെ അവരുടെ സ്ഥിതി വിവരിച്ചുതരികയും ചെയ്യുന്നു. അദ്ദേഹം 'മലയാള വിവാഹക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നമ്പൂതിരിമാരുടെ സ്ഥിതിയെപ്പറ്റി കമ്മീഷണര്‍മാരുടെ അഭിപ്രായവും ഉദ്ധരിച്ചിട്ടുണ്ട്.

    അത് താഴെ ചേര്‍ക്കുന്നു.

    "മറ്റുള്ള ദിക്കിലെ ബ്രാഹ്മണര്‍ ചെയ്യുന്നതുപോലെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കേണ്ടുന്ന എല്ലാ കലകളിലും നായകന്മാരായിത്തീര്‍ന്ന് മറ്റുള്ളവരെ നയിപ്പിക്കാതെ നമ്പൂതിരിമാര്‍ വേദഭാഷയായ സംസ്കൃതത്തിലെ വ്യാകരണവും വാക്യരീതിയും മാത്രം പഠിച്ചിട്ടുള്ളവരായി ഏതാനും ചിലരെ അല്ലാതെ കാണുവാന്‍ വളരെ പ്രയാസമായിത്തീരത്തക്കവണ്ണം ക്ഷീണന്മാരായിത്തീര്‍ന്നിരിക്കുന്നു. അവരില്‍ മുക്കാലേ മുണ്ടാണി ആളുകളും ഏതാനും ശ്ളോകങ്ങളെ കാണാപ്പാഠം പഠിക്കുന്നതിലധികം ഒന്നും ചെയ്യുന്നില്ല. മ്ളേഛന്മാരുടെ ഗവണ്‍മെന്റ് അവര്‍ക്കായി വെട്ടിത്തുറന്നിട്ടുള്ള ജ്ഞാനമാര്‍ഗത്തില്‍ ചരിക്കുന്നതിന് അവര്‍ക്ക് മനസ്സില്ല. എന്നു മാത്രമല്ല അവരുടെ കൂട്ടത്തില്‍ സ്വഭാഷാ സാഹിത്യത്തെ എത്രതന്നെ സ്വല്‍പ്പം ആയിരുന്നാലും ശരിയായി പഠിച്ചിട്ടുള്ള ഒരുവനെ എവിടെ എങ്കിലും കാണുന്നത് വളരെ വളരെ ദുര്‍ലഭമായിരിക്കുന്നു.''

    ഈ യാഥാര്‍ഥ്യം വി ടി ഭട്ടതിരിപ്പാട്, ഇ എം എസ് മുതലായവരും രേഖപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍ എന്നാണ് ആ പഠനകാലത്തെ ഇ എം എസ് വിശേഷിപ്പിച്ചത്.

    യാഥാസ്ഥിതിക ബ്രാഹ്മണര്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം തടയാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ കാലത്ത് അവര്‍ണരും അയിത്ത ജാതിക്കാരും വളരെ മുമ്പേ നടന്നുകഴിഞ്ഞിരുന്നു. നാരായണഗുരുതന്നെ, സംസ്കൃതമല്ല ഭാവിയില്‍ ഇംഗ്ളീഷിനാണ് പ്രാമുഖ്യമുണ്ടാവുക, അതുകൊണ്ട് ഇംഗ്ളീഷ് പഠിക്കണം എന്ന് നിര്‍ദേശിച്ചപ്പോള്‍ അത് നടപ്പാക്കപ്പെടുകയും ചെയ്തു.

    ഈഴവരുടെയും പുലയരുടെയും വിദ്യാഭ്യാസ പുരോഗതി കാണിക്കുന്ന കണക്കുകള്‍ നോക്കുക. തിരുവിതാംകൂറിലെ കണക്ക് മാത്രമാണ്. കൊച്ചിയിലും മലബാറിലും സ്ഥിതി വ്യത്യസ്തമാവില്ല. 1914 ല്‍ തിരുവിതാംകൂറില്‍ ആകെ ഈഴവ വിദ്യാര്‍ഥികള്‍: 23893

    1918 ല്‍ .... : 51114. 114 ശതമാനം വര്‍ധനവ്.

    1914 ല്‍ പുലയവിദ്യാര്‍ഥികള്‍: 2000 ത്തോളം

    1918ല്‍.... 17753.

    850 ശതമാനം വര്‍ധനവ്.

    യോഗക്ഷേമസഭയിലെ യുവാക്കള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ടേയിരുന്നു. അവര്‍ പഴമനസ്സുകളെ ശരിക്ക് പിഴിഞ്ഞു കലക്കുകതന്നെ ചെയ്തു. സമുദായത്തില്‍ വിദ്യാഭ്യാസത്തില്‍ മാറ്റം വരുത്താനുള്ള -ആധുനിക വിദ്യാഭ്യാസം സമ്പാദിക്കാന്‍-ആഗ്രഹം അത്ര തീവ്രമായിരുന്നു. ആ തീവ്രതയുടെ ബഹിര്‍സ്ഫുരണവും തീവ്രം തന്നെയായിരുന്നു.

    ഒരുദാഹരണം.

    "ലോകമെന്നാല്‍ കൊച്ചിശ്ശീമയെന്നോ അഥവാ സ്വഗൃഹം തന്നെയെന്നോ മാത്രം കരുതി പോരുന്ന നമ്മുടെ ചില "ഒറക്കുത്തു'പിടിച്ച പഴമക്കാര്‍ നമ്പൂതിരിമാര്‍ ആ പഴയ വേദമല്ലാതെ വല്ലതും ശബ്ദിച്ചുപോയാല്‍ സര്‍വരാലും അനുഗ്രൃഹീതമായ ബ്രാഹ്മണ്യം തന്നെ പൊയ്പ്പോവുമെന്ന് ഭയപ്പെടുന്നു. വരും വരായ്കകളെ ചിന്തിച്ചുകൊണ്ടും ലോകത്തില്‍ അന്നന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മുഴുവന്‍ ഭാവിയിലിരിക്കുന്ന ഏതോ ഒരത്യാപത്തിന്റെ സൂചനകളാണെന്ന് വ്യാഖ്യാനിച്ചുകൊണ്ടും ജീവിക്കുന്ന ആ യഥാര്‍ഥ യാഥാസ്ഥിതികന്മാര്‍ നമ്പൂതിരിമാര്‍ക്ക് ഒരു വിദ്യാലയമോ മറ്റോ സ്ഥാപിച്ചിട്ടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വടക്കെ മഠം മുതലായ സ്ഥാപനങ്ങളെല്ലാംതന്നെ തോട്ടിലിറങ്ങിയേക്കുമെന്ന് പരിഭ്രമിക്കുന്നു. ഇംഗ്ളീഷ് എന്നത് ഒരു പൈശാചിക ശബ്ദമാണെന്നും ഗായത്രി ഉച്ചരിക്കുന്ന ആ പരിപാവനമായ രസന അതുച്ചരിച്ച് മലീമസമാക്കരുതെന്നും സഭാമഞ്ചങ്ങളിലും പത്രരംഗങ്ങളിലും ചിലര്‍ മുക്തകണ്ഠ പ്രലപിക്കുന്നു. സമുദായ ഹൃദയം ഇത്രയും അഭിപ്രായ വ്യത്യാസങ്ങളുടെ ഒരു ഘോര സമ്മര്‍ദം-തികച്ചും ഒരു പോര്‍ക്കളമായിട്ടാണ് ഇരിക്കുന്നത്.'' ("നമ്പൂതിരി യുവജനസംഘം'' ആറാം വാര്‍ഷികയോഗത്തില്‍ മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷ പ്രസംഗത്തില്‍)

    യാഥാസ്ഥിതിക കാരണവന്മാരുടെ ഈ എതിര്‍പ്പ് വാസ്തവത്തില്‍ ഒരു ചരിത്ര നിയോഗമായിരുന്നുവോ? കാരണവന്മാരുടെ എതിര്‍പ്പ് തിരിച്ചുചെന്ന് അവരെത്തന്നെ കുത്തി. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തടയിടാന്‍ ശ്രമിച്ച കാരണവന്മാര്‍ക്കെതിരെ അനന്തരവന്മാര്‍ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമല്ല പൊരുതിയത്. ആളോഹരി ഭാഗത്തിന് കൂടിയായിരുന്നു. നമ്പൂതിരി സമൂഹത്തിന്റെ കടതന്നെ പിഴുതെടുക്കുന്ന ആവശ്യമായിരുന്നു അത്- സ്വത്ത് ഭാഗം വയ്ക്കുക. സ്വത്തിന്റെ കേന്ദ്രീകരണത്തിലായിരുന്നു നമ്പൂതിരി സമൂഹത്തിന്റെ കരുത്ത്. ആ കരുത്ത് ചോര്‍ത്തിക്കളയുന്ന അവകാശവാദമാണ് ചെറുപ്പക്കാര്‍ മുന്നോട്ട് വച്ചത്.

    ഇ എം എസ് ആ സ്ഥിതി ഇങ്ങനെ വിവരിക്കുന്നു: സ്കൂളുകളിലും കോളേജുകളിലും ചേര്‍ന്ന് ആധുനിക വിദ്യാഭ്യാസം നേടുന്ന കാര്യത്തെച്ചൊല്ലി യാഥാസ്ഥിതികരും ഉല്‍പ്പതിഷ്ണുക്കളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുകയായായിരുന്നു. തറവാടുകളിലെ കാരണവന്മാര്‍ യാഥാസ്ഥിതികരും അനന്തരവന്മാര്‍ വിദ്യാഭ്യാസ കുതുകികളുമായിരുന്നതിനാല്‍ വിദ്യാഭ്യാസത്തിന് പോകുന്ന അനന്തരവന്മാര്‍ക്ക് ചെലവിന് കൊടുക്കാതിരിക്കുകയെന്ന തന്ത്രം കാരണവന്മാര്‍ പ്രയോഗിച്ചു. ഇതിനെ നേരിട്ട് പട്ടിണികിടന്നും പഠിക്കണമെന്ന വാശിയോടെ ചെറുപ്പക്കാരും അവര്‍ക്ക് ചില്ലറ സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ മറ്റ് ഉല്‍പ്പതിഷ്ണുക്കളും മുന്നോട്ടുവന്നു.തങ്ങളുടെ താളത്തിനൊത്ത് തുള്ളാത്ത അനന്തരവന്മാരെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയെന്ന കാരണവന്മാരുടെ തന്ത്രവും അതിനെ പൊളിക്കുന്നതിന് കുടുംബസ്വത്ത് ഭാഗിച്ചുകിട്ടുക എന്ന ആവശ്യവും ഇതിന്റെ ഭാഗമായിരുന്നു. ഈ പ്രശ്നത്തെ മുന്‍നിര്‍ത്തി സമുദായത്തെ ആകെ പിടിച്ചുകുലുക്കി വിദ്യാഭ്യാസരംഗത്തെന്നപോലെ കുടുംബവ്യവസ്ഥാ പരിഷ്കരണം സംബന്ധിച്ചും സമുദായാംഗങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആവിഷ്കരിക്കപ്പെട്ടത്.

    'യാചനായാത്ര' എന്ന പദം സൂചിപ്പിക്കുന്നതുപോലെ ദരിദ്രരായ നമ്പൂതിരി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം നടത്തിക്കുന്നതിനുവേണ്ടിയുള്ള ഫണ്ട് ശേഖരിക്കാന്‍ ധനികരെ കണ്ട് 'യാചിക്കുക', ഇതായിരുന്നു പരിപാടി. വി ടിയുടെ തന്നെ നേതൃത്വത്തില്‍ ഒരു ഡസനിലധികം യുവാക്കള്‍ കേരളത്തിന്റെ വടക്കെ അറ്റം മുതല്‍ നമ്പൂതിരി കുടുംബങ്ങള്‍ കയറിയിറങ്ങി യാചിക്കാന്‍ തുടങ്ങി. 'പണത്തിനു ഞെരുക്കമാണ്' എന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിക്കുന്നവരെ നേരിടുന്നതിനുവേണ്ടിവളണ്ടിയര്‍മാര്‍ ചാക്കും കരുതിയിരുന്നു. പണമില്ലെങ്കില്‍ നെല്ലോ മറ്റു സാധനങ്ങളോ തന്നാലും വാങ്ങാം എന്നാണ് ഇതിന്റെ സൂചന. പലേടങ്ങളില്‍നിന്നും സാധനങ്ങളായുള്ള സംഭാവന കിട്ടുകയും ചെയ്തു. ഒന്നോ രണ്ടോ മാസത്തോളം നീണ്ടുനിന്ന ഈ പരിപാടി മുമ്പ് നാടകാഭിനയമെന്നപോലെ സമുദായത്തിന്റെ ഹൃദയത്തെ ഇളക്കിമറിച്ചു.

    അവര്‍ണജാതികള്‍ക്കും അയിത്തജാതിക്കാര്‍ക്കും സ്കൂള്‍ പ്രവേശനത്തിന് സര്‍ക്കാരിനോടും സവര്‍ണരോടും സമരം ചെയ്യേണ്ടിവന്നു- തങ്ങളുടെ കരുത്ത് കാട്ടിക്കൊടുക്കേണ്ടിവന്നു.

    എന്നാല്‍ നമ്പൂതിരിക്കും മുസ്ളിമിനും ആധുനിക വിദ്യാഭ്യാസം നേടാന്‍ പൊരുതേണ്ടി വന്നത് സ്വന്തം യാഥാസ്ഥിതിക കാരണവന്മാരോടും. മാറ്റം സ്വയം സമൂഹത്തില്‍ നടക്കില്ല.

ആണ്ടലാട്ട് ദേശാഭിമാനി വാരിക 230111

1 comment:

  1. യാഥാസ്ഥിതിക കാരണവന്മാരുടെ ഈ എതിര്‍പ്പ് വാസ്തവത്തില്‍ ഒരു ചരിത്ര നിയോഗമായിരുന്നുവോ? കാരണവന്മാരുടെ എതിര്‍പ്പ് തിരിച്ചുചെന്ന് അവരെത്തന്നെ കുത്തി. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തടയിടാന്‍ ശ്രമിച്ച കാരണവന്മാര്‍ക്കെതിരെ അനന്തരവന്മാര്‍ വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമല്ല പൊരുതിയത്. ആളോഹരി ഭാഗത്തിന് കൂടിയായിരുന്നു. നമ്പൂതിരി സമൂഹത്തിന്റെ കടതന്നെ പിഴുതെടുക്കുന്ന ആവശ്യമായിരുന്നു അത്- സ്വത്ത് ഭാഗം വയ്ക്കുക. സ്വത്തിന്റെ കേന്ദ്രീകരണത്തിലായിരുന്നു നമ്പൂതിരി സമൂഹത്തിന്റെ കരുത്ത്. ആ കരുത്ത് ചോര്‍ത്തിക്കളയുന്ന അവകാശവാദമാണ് ചെറുപ്പക്കാര്‍ മുന്നോട്ട് വച്ചത്.

    ReplyDelete