Sunday, January 30, 2011

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതിബദ്ധത കാട്ടണം

ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി

ആലുവ: എംപി ഫണ്ട് ഉപയോഗിച്ച് ജനകീയസഹകരണത്തോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിനു തുടക്കമായി. രാജ്യത്തിനാകെ മാതൃകയാകുംവിധം സംസ്ഥാനത്ത് സര്‍ക്കാര്‍മേഖലയില്‍ മെഡിക്കല്‍ കോളേജിനു പുറത്ത് ആരംഭിച്ച ആദ്യത്തെ ഡയാലിസിസ് സെന്ററാണിത്. എം പി ഫണ്ടിനൊപ്പം മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്രയും ബൃഹത്തായ പദ്ധതിയും ഇന്ത്യയില്‍ ആദ്യം. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി സെന്റര്‍ ഉദ്ഘാടനംചെയ്തു. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാന്‍ മേല്‍നോട്ടംവഹിച്ച ഡോ. വിജയകുമാറിനെ മന്ത്രി അഭിനന്ദിച്ചു. എ എം യൂസഫ് എംഎല്‍എ അധ്യക്ഷനായി. ഡയാലിസിസ് യൂണിറ്റ് വികസനത്തിന്റെ ആദ്യപടിയായി എംഎല്‍എ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് യൂസഫ് പ്രഖ്യാപിച്ചു.

ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഡയാലിസിസ് തികച്ചും സൌജന്യമായിരിക്കുമെന്ന് ആമുഖപ്രഭാഷണം നടത്തിയ പി രാജീവ് എംപി പറഞ്ഞു. മാര്‍ച്ച് 15നു തുടങ്ങി എട്ടുമാസംകൊണ്ട് പണിപൂര്‍ത്തിയാക്കിയ യൂണിറ്റിന് ഇതിനകം ഒന്നേകാല്‍ കോടി രൂപ ചെലവഴിച്ചു. യൂണിറ്റ് ഉദ്ഘാടനംചെയ്യുന്നതിനുമുമ്പുതന്നെ 52 പേര്‍ ഡയാലിസിസിന് പേര് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എം കെ ജീവന്‍, ഡിഎച്ച്എസ് ഡോ. കെ ടി രമണി, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ഐഎംഎ മധ്യകേരള പ്രസിഡന്റ് ഡോ. സി എം ഹൈദരലി, അഡ്വ. സ്മിത ഗോപി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എന്‍ വി സുബൈദ, കൊച്ചിന്‍ ഷിപ്യാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി അബൂബക്കര്‍, ഡോ. എന്‍ രാധാകൃഷ്ണന്‍, അരോമ പ്രസിഡന്റ് പി എം അബൂബക്കര്‍, ടെല്‍ക് എംഡി എസ് വെങ്കിടേശ്വരന്‍, സിഎംആര്‍എല്‍ ജിഎം എന്‍ അജിത്, ലാ ഫോര്‍ച്യൂണ ഫൌണ്ടേഷന്‍ പ്രതിനിധി കെ എം ഷംസുദ്ദീന്‍, ആലുവ റോട്ടറി ക്ളബ് പ്രതിനിധി കെ പി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ചെയര്‍മാന്‍ എം ടി ജേക്കബ് സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ പി എം സഹീര്‍ നന്ദിയും പറഞ്ഞു.

പി രാജീവ് എംപിയുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന് നീക്കിവച്ച 25 ലക്ഷം രൂപയാണ് ഡയാലിസിസ് യൂണിറ്റിന് തുടക്കം കുറിച്ചത്. മധ്യമേഖല ഐഎംഎയുടെയും മറ്റ് പത്തോളം സംഘടനകളുടെയും സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കിയത്. 11 യൂണിറ്റില്‍ ഒരെണ്ണം എച്ച്ഐവി ബാധിതര്‍ക്കുമാത്രമാണ്. സംരംഭത്തിലെ പ്രധാന പങ്കാളി കൊച്ചിന്‍ ഷിപ്യാര്‍ഡാണ്. മൂന്ന് ഡയാലിസിസ് യൂണിറ്റ് ഷിപ്യാര്‍ഡ് സംഭാവനചെയ്തു. ആലുവയിലെ റീജണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററും ആലുവ റസിഡന്‍സ് ഓവര്‍സീസ് മലയാളി അസോസിയേഷനും (അരോമ) രണ്ടുവീതം യൂണിറ്റ് നല്‍കി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെല്‍ക് ഒരു യൂണിറ്റും അത്യാധുനിക സൌകര്യങ്ങളുള്ള ആംബുലന്‍സും സംഭാവനചെയ്തു. ആലുവ അല്‍ ഹസ്സന്‍ ട്രസ്റ്റ്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് (സിഎംആര്‍എല്‍) എന്നിവയും ഓരോ യൂണിറ്റ് സംഭാവനചെയ്തു. ഇതിനുപുറമെ റിവേഴ്സ് ഓസ്മോസിസ് പ്ളാന്റ് ആലുവ റീജണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററും 82.5 കിലോവാട്ട് ശേഷിയുള്ള ജനറേറ്റര്‍ ഫാല്‍ക്ക ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സ്പോസര്‍ ചെയ്തു. ആശുപത്രി റോഡിന്റെ ടാറിങ് റോട്ടറിക്ളബ് ചെയ്തുകൊടുത്തപ്പോള്‍ ലാ ഫോര്‍ച്യൂണ ഫൌണ്ടേഷന്‍ എയര്‍കണ്ടീഷണറും ടിവിയും നല്‍കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ സഹായങ്ങളും മേല്‍നോട്ടവും ഉണ്ടാകും. സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാനുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഡയാലിസിസ് ഇനി സാമ്പത്തിക ബാധ്യതയാവില്ല


ആലുവ: കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൌകര്യവുമായി ആലുവ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച യൂണിറ്റ് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകും. ഡയാലിസിസിനായി വന്‍തുക ചെലവഴിക്കേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചോര്‍ത്ത് രോഗിയുടെ കുടുംബം ഇനി വേവലാതിപ്പെടേണ്ടതില്ല. സൌജന്യ നിരക്കിലാണ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ്. ഒരുതവണ ഡയാലിസിസ് നടത്തുന്നതിന് പുറത്ത് 2000 രൂപ മുതല്‍ മുകളിലേക്കാണ് ഈടാക്കുന്നതെങ്കില്‍ താലൂക്ക് ആശുപത്രിയില്‍ ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് 400 രൂപ മതിയാകും. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് 700 രൂപ. ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അര്‍ഹരായവര്‍ക്ക് ഡയാലിസിസ് പൂര്‍ണമായും സൌജന്യമായിരിക്കും. ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ക്കും സൌജന്യനിരക്ക് ലഭിക്കും. പ്രമുഖരുടെ ശുപാര്‍ശക്കത്തുമായി വരുന്നവര്‍ക്കല്ല, അര്‍ഹരായവര്‍ക്കായിരിക്കും പരിഗണന ലഭിക്കുക. എംഎല്‍എ, എംപി, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ ശുപാര്‍ശക്കത്തുകള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ആശുപത്രി വികസനസമിതി തീരുമാനിച്ചിട്ടുള്ളത്. ഒന്നേകാല്‍ കോടിയിലധികം രൂപ മുതല്‍മുടക്കി നിര്‍മിച്ച റീജണല്‍ ഡയാലിസിസ് സെന്ററില്‍ 11 ഡയാലിസിസ് യൂണിറ്റാണുള്ളത്. ഇതില്‍ ഒരെണ്ണം എച്ച്ഐവി ബാധിതര്‍ക്കുമാത്രമാണ്.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രതിബദ്ധത കാട്ടണം: മന്ത്രി

ആലുവ: പാവപ്പെട്ട രോഗികളോടുള്ള മനോഭാവത്തിലും അവര്‍ക്ക് ചികിത്സ നിശ്ചയിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂടുതല്‍ ഉദാരസമീപനം പുലര്‍ത്തണമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. ആലുവ താലൂക്ക് ആശുപത്രിയില്‍ പി രാജീവ് എംപിയുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച റീജണല്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. രോഗികളോടുള്ള മനോഭാവത്തില്‍ ഡോക്ടര്‍മാര്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ രോഗികള്‍ എത്തില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ചെയ്യുന്ന ജോലിയോട് കൂടുതല്‍ പ്രതിബദ്ധതയുണ്ടാകണം. അതിനു സന്മനസ്സില്ലാത്ത ഡോക്ടര്‍മാര്‍ അത് തുറന്നുപറയണം. അവര്‍ക്ക് സ്വകാര്യ ആശുപത്രികളിലേക്കോ, പ്രൈവറ്റ് പ്രാക്ടീസിനോ പോകാവുന്നതാണ്. ജില്ലാ ആശുപത്രിയുടെയോ, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെയോ സൌകര്യങ്ങളുണ്ടായിട്ടും ആലുവയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണെന്നു പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒ ഡോ. സുധാകരന് മന്ത്രി നിര്‍ദേശം നല്‍കി.

ദേശാഭിമാനി 300111

1 comment:

  1. എംപി ഫണ്ട് ഉപയോഗിച്ച് ജനകീയസഹകരണത്തോടെ ആലുവ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിനു തുടക്കമായി. രാജ്യത്തിനാകെ മാതൃകയാകുംവിധം സംസ്ഥാനത്ത് സര്‍ക്കാര്‍മേഖലയില്‍ മെഡിക്കല്‍ കോളേജിനു പുറത്ത് ആരംഭിച്ച ആദ്യത്തെ ഡയാലിസിസ് സെന്ററാണിത്. എം പി ഫണ്ടിനൊപ്പം മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്രയും ബൃഹത്തായ പദ്ധതിയും ഇന്ത്യയില്‍ ആദ്യം. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി കെ ശ്രീമതി സെന്റര്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete