Sunday, January 30, 2011

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട സഹായം ഉമ്മന്‍ചാണ്ടിയുടെ തണലില്‍

കൊച്ചി കോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് വീണ്ടും അന്വേഷിക്കാന്‍ വഴിതെളിഞ്ഞു. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫിന്റെ ആരോപണങ്ങള്‍ വളരെ ഗൌരവമുള്ളതാണെന്നും പെണ്‍‌വാണിഭ കേസ് പുനരന്വേഷിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റൌഫിന്റെ വെളിപ്പെടുത്തല്‍, കേസ് പുനരന്വേഷിക്കാന്‍ പര്യാപ്തമാണെന്ന് നിയമജ്ഞരും ചൂണ്ടിക്കാട്ടുന്നു. പുതുതായി വെളിപ്പെടുന്ന രേഖകളോ തെളിവോ വിശ്വാസയോഗ്യമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പുനരന്വേഷണം നടത്താം. അല്ലെങ്കില്‍ ഹൈക്കോടതിക്കോ സുപ്രീംകോടതിക്കോ പുനരന്വേഷണത്തിന് സ്വമേധയാ ഉത്തരവിടാമെന്നും നിയമവൃത്തങ്ങള്‍ പറഞ്ഞു. കോടതി തീര്‍പ്പാക്കിയ കേസില്‍, പുതിയ തെളിവോ പഴയ തെളിവിന്റെ പുതിയ ആഖ്യാനമോ ഉണ്ടെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താമെന്ന് നിയമവിദഗ്ധന്‍ കാളീശ്വരം രാജ് പറഞ്ഞു. ബെസ്റ് ബേക്കറി കേസിലടക്കമുള്ള സുപ്രീംകോടതി വിധികള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നേരത്തെ നല്‍കിയ തെളിവുകള്‍ വ്യാജമാണെന്നു ബോധ്യപ്പെട്ടാലും മതി. പുതിയ തെളിവുകള്‍ വിശ്വാസയോഗ്യമാണെന്നും അത് പുനരന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടണം. ഐസ്ക്രീം കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ റൌഫിനുതന്നെ തെളിവുകളുമായി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാം. ഇതുപ്രകാരം കേസെടുത്ത് അന്വേഷിക്കാം. ഇപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന്‍ കേസെടുത്തില്ലെങ്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ സര്‍ക്കാരിനെയോ സമീപിക്കാം. അധികാരകേന്ദ്രവുമായി ബന്ധപ്പെട്ട കേസായതിനാല്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയും നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് സ്വമേധയാ നോട്ടീസ് നല്‍കാനോ പുനരന്വേഷണത്തിനുള്ള നിര്‍ദേശം നല്‍കാനോ ഉള്ള അധികാരമുണ്ടെന്ന് മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി ജി തമ്പി പറഞ്ഞു. ഈ കേസില്‍ കോടതികള്‍ക്കുനേരെതന്നെ ആരോപണം ഉയരുന്നുണ്ട്. അതുകൊണ്ട് കോടതികള്‍തന്നെ ശുദ്ധി തെളിയിക്കാന്‍ നേരിട്ട് വരേണ്ടിവരും- അദ്ദേഹം പറഞ്ഞു. എന്നാല്‍, വെറുമൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍വച്ചുമാത്രം പുനരന്വേഷണത്തിന് സാധ്യതയില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതിനും മൊഴി പണംകൊടുത്ത് നിര്‍ബന്ധിച്ച് മാറ്റിയതിനും അനുകൂല വിധിക്കായി ജുഡീഷ്യറിയെത്തന്നെ സ്വാധീനിച്ചതിനുമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് റൌഫ് അവകാശപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് റൌഫിനെ ചോദ്യംചെയ്തശേഷം അതിന്റെ വിശദാംശവുമായി പുനരന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കാനാകും. ഒരുപ്രാവശ്യം പുനരന്വേഷണ ആവശ്യം തള്ളിയതിനാല്‍ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും ഹൈക്കോടതിയെ ബോധ്യപ്പെടുത്തി പുനരന്വേഷണം നടത്താനാണ് കൂടുതല്‍ സാധ്യതയുള്ളത്. കോഴിക്കോട് ബീച്ചിലെ ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍‌വാണിഭ കേസുകള്‍ പുറത്തുവരുന്നത് 1997 ആഗസ്തിലാണ്. പാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവയ്ക്കുന്നതായാണ് ആരോപണം ഉയര്‍ന്നത്. തെളിവുകള്‍ പുറത്തുവരുന്നതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയുടെ പേരും പുറത്തായത്.

മാറ്റിപ്പറയാനുള്ള സാക്ഷിമൊഴി എഴുതിവാങ്ങി

ഐസ്ക്രീം പെണ്‍‌വാണിഭക്കേസില്‍ കോടതിയില്‍ മാറ്റിപ്പറയാനുള്ള പ്രധാന സാക്ഷികളുടെ മൊഴി കുഞ്ഞാലിക്കുട്ടിയും കൂട്ടരും മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങിയതായി തെളിവുകള്‍. റെജീന, റെജുല എന്നീ സാക്ഷികളില്‍നിന്ന് 100 രൂപയുടെ മുദ്രക്കടലാസില്‍ നോട്ടറിയെക്കൊണ്ടു സാക്ഷ്യപ്പെടുത്തി എഴുതിവാങ്ങിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തായി. പണം നല്‍കിയതിന്റെ ഉറപ്പിനായും വീണ്ടും മൊഴിമാറ്റാതിരിക്കാന്‍ ഭീഷണിപ്പെടുത്താനുമാണ് ഈ മൊഴികള്‍ എഴുതിവാങ്ങിയത്. കുഞ്ഞാലിക്കുട്ടിക്കുവേണ്ടി എഴുതിവാങ്ങിയ രേഖകള്‍ ഇത്രയുംകാലം ബന്ധു കെ എ റൌഫിന്റെ പക്കലായിരുന്നു. അതാണ് ഇപ്പോള്‍ പുറത്തുവന്നത്.

കുന്ദമംഗലം സബ്കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ മൊഴി മാറ്റിപ്പറയിപ്പിക്കാന്‍ റെജീനയ്ക്കും റെജുലയ്ക്കും കുഞ്ഞാലിക്കുട്ടി തന്ന ലക്ഷങ്ങള്‍ താന്‍ കൈമാറിയതായി റൌഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഒമ്പതു പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റെജീനയും റെജുലയും സബ്കോടതിയില്‍ ആദ്യം മൊഴിനല്‍കിയത്. മറ്റുള്ള നാലു സാക്ഷികള്‍ പൊലീസിലും മൊഴിനല്‍കി. കോടതിയില്‍ നല്‍കിയ മൊഴി വിചാരണസമയത്ത് മാറ്റിപ്പറഞ്ഞാല്‍ അത് കേസിനെ ബാധിക്കുമെന്നതിനാല്‍ അതിനുമുമ്പുതന്നെ മൊഴിമാറ്റാനായിരുന്നു ശ്രമം. മജിസ്ട്രേട്ടിനുമുമ്പാകെ നല്‍കിയ മൊഴി നിയമപ്രകാരമല്ലെന്നും അതിനാല്‍ മൊഴി രണ്ടാമത് രേഖപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയത് മൊഴിമാറ്റാനുള്ള അവസരമുണ്ടാക്കി. ഇതിനിടെ പ്രതികള്‍ പണം നല്‍കി സാക്ഷികളെ സ്വാധീനിച്ചു. തുടര്‍ന്ന് തിരുത്തിയ മൊഴി കോടതിയില്‍ നല്‍കുകയായിരുന്നു.

അന്വേഷി പ്രവര്‍ത്തകരും പൊലീസും ഭീഷണിപ്പെടുത്തിയതിനാലാണ് കുഞ്ഞാലിക്കുട്ടിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞതെന്നും അത് വാസ്തവവിരുദ്ധമാണെന്നുമാണ് നോട്ടറിയുടെ മുന്നില്‍ റെജീനയും റെജുലയും ഒപ്പിട്ടുനല്‍കിയ മൊഴികളിലുള്ളത്. പിന്നീട് കോടതിയില്‍ ഇവര്‍ നല്‍കിയതും ഈ മൊഴിതന്നെ. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ചും പരാമര്‍ശിക്കാതെയും രണ്ടുതരത്തിലുള്ള മൊഴികള്‍ ഇവരോട് എഴുതിവാങ്ങിയിരുന്നു. കോടതിയില്‍ ഏതു മൊഴി നല്‍കണം എന്നു തീരുമാനിക്കുംമുമ്പ് രേഖപ്പെടുത്തിയതാണിവയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. തോമസ് മാത്യു എന്ന നോട്ടറി സാക്ഷ്യപ്പെടുത്തിയ കെ റെജീനയുടെ മൊഴിയില്‍ ടി പ്രസാദാണ് സാക്ഷി. ഇയാളുടെ പേരില്‍ കുഞ്ഞാലിക്കുട്ടി കാറും ഫ്ളാറ്റും വാങ്ങിനല്‍കിയെന്ന് റൌഫ് വെളിപ്പെടുത്തിയിരുന്നു. എച്ച് ജെ മനോഹര്‍ലാല്‍ തയ്യാറാക്കിയ റെജുലയുടെ മൊഴിയില്‍ അച്ഛന്‍ സുന്ദരനാണ് സാക്ഷി.
(ഡി ദിലീപ്)

കുഞ്ഞാലിക്കുട്ടിയുടെ വഴിവിട്ട സഹായം ഉമ്മന്‍ചാണ്ടിയുടെ തണലില്‍

യുഡിഎഫ് ഭരിക്കെ അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പലരും കയറിയിറങ്ങിയെന്നും വഴിവിട്ട സഹായം അവര്‍ക്ക് ചെയ്തുകൊടുത്തെന്നും കുമ്പസാരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് തണലായിനിന്നത് ഉമ്മന്‍ചാണ്ടി. വ്യവസായമന്ത്രിയായിരിക്കെ യുഡിഎഫിന്റെ രാഷ്ട്രീയനീക്കങ്ങള്‍ നിശ്ചയിക്കുന്നതില്‍ തനിക്കൊപ്പംനിന്ന കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഉമ്മന്‍ചാണ്ടി അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി തന്റെ ഭരണകാലത്ത് ഒരു മന്ത്രി വഴിവിട്ടു പ്രവര്‍ത്തിച്ചതിനെ ന്യായീകരിച്ച് സ്വയരക്ഷയ്ക്ക് ശ്രമിക്കുകയാണ്. ആദ്യത്തെ കുറ്റസമ്മതം വൈകിട്ട് നിഷേധിച്ചെന്നും അതോടെ എല്ലാം തീര്‍ന്നെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

കേരളത്തെ മോചിപ്പിക്കാന്‍ യാത്രക്കു തിരിച്ച ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും സമീപഭൂതകാലമാണ് വെള്ളിയാഴ്ച തുറന്നുകാട്ടപ്പെട്ടത്. കേരളത്തെ കൊള്ളയടിച്ചത് ഒന്നൊന്നായി എണ്ണിപ്പറയാന്‍ യുഡിഎഫ് നിര്‍ബന്ധിതമാകുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം അമ്പരപ്പിക്കുന്ന ഇടപാടുകളില്‍ ഒന്നുമാത്രം. യുഡിഎഫിനെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹമായ ഇടപാടുകളും ക്രമക്കേടുകളും വിചാരണചെയ്യപ്പെടാന്‍ പോകുകയാണ.് ഇതില്‍നിന്ന് മോചനം നേടാനുള്ള വഴി യുഡിഎഫിനും ഉമ്മന്‍ചാണ്ടിക്കും മുമ്പിലില്ല. യുഡിഎഫ് കാലത്തെ അപമാനകരമായ അന്തപ്പുരനാടകങ്ങളിലൊന്നുമാത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ കുമ്പസാരത്തോടെ പുറത്തുവന്നത്. ബിനാമികളും ഇടനിലക്കാരുമാണ് ഭരണസിരാകേന്ദ്രം വാണതെന്ന് അന്നത്തെ സര്‍ക്കാരില്‍ രണ്ടാമനായിരുന്ന കുഞ്ഞാലിക്കുട്ടി തെളിവു നല്‍കിയിരിക്കുന്നു. സുനാമി ദുരിതബാധിതര്‍ക്കുള്ള ഫണ്ട് പോലും കൊള്ളയടിച്ച കാലമാണത്. വ്യവസായങ്ങള്‍ വില്‍പ്പനയ്ക്കുവച്ച് വിലപേശി അഡ്വാന്‍സ് വാങ്ങിയവര്‍ എല്ലാ മേഖലയിലും കൈയിട്ടുവാരി. വര്‍ഗീയകലാപത്തിനുപിന്നിലെ അന്താരാഷ്ട്രബന്ധവും പണത്തിന്റെയും ആയുധങ്ങളുടെയും സ്രോതസ്സും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ജുഡീഷ്യല്‍ കമീഷന്‍ നിര്‍ദേശംവരെ അട്ടിമറിക്കപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്. അതിനുപിന്നില്‍ ലീഗിന്റെ സമ്മര്‍ദമുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കാര്യമാക്കേണ്ടെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി പല ഇടപാടിലും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. അതിന്റെ രേഖകള്‍ പലപ്പോഴും പുറത്തുവരികയും ചെയ്തു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്(കെഎംഎംഎല്‍)നവീകരണത്തിന്റെ പേരില്‍ യുഡിഎഫ് ഭരണത്തില്‍ നടന്ന വന്‍വെട്ടിപ്പ് ഇതിലൊന്നു മാത്രം. 1113 കോടിയുടെ ഇടപാടിനാണ് നവീകരണമെന്നുപറഞ്ഞ് യുഡിഎഫ് ഉന്നതരും ബിനാമികളും രൂപം നല്‍കിയത്. കെഎംഎംഎല്ലിന് അഞ്ഞൂറ് കോടിയിലേറെ രൂപയുടെ ബാധ്യത സൃഷ്ടിച്ച ഇടപാടിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സംസ്ഥാനം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും അനുകൂല നിലപാടുണ്ടായില്ല. ശക്തമായ സമ്മര്‍ദമാണ് ഇക്കാര്യത്തിലുണ്ടായത്. നവീകരണകരാറുകളിലൊന്നില്‍ ഉള്‍പ്പെട്ട വിദേശ കമ്പനി ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും 20 ലക്ഷം ഡോളര്‍ കോഴ വാഗ്ദാനം ചെയ്തതിന്റെ രേഖ നിയമസഭയുടെ മുമ്പില്‍ വരെ വന്നു. യുഡിഎഫ് ഭരണത്തിന്റെ അവസാനകാലത്താണ് തിരക്കിട്ട് കരാറുകളില്‍ ഏര്‍പ്പെട്ടത്. നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെ നല്‍കിയ കരാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് റദ്ദാക്കിയത്.

സാക്ഷികളെ സ്വാധീനിച്ചത് പൊതുമേഖല വിറ്റ പണംകൊണ്ട്: ഐസക്

യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാന്‍ അച്ചാരം വാങ്ങിയ പണംകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കേസിലെ സാക്ഷികളെ സ്വാധീനിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയം എത്രമാത്രം അധഃപതനത്തിന്റെ നെല്ലിപ്പലക കണ്ടിരുന്നു എന്നത് കേരള ജനതയ്ക്ക് ഒന്നുകൂടി ഓര്‍ക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍. കെഎഫ്സി ഓഫീസേഴ്സ് അസോസിയേഷന്റെയും കെഎഫ്സി എംപ്ളോയീസ് അസോസിയേഷ(സിഐടിയു) ന്റെയും സംയുക്ത സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി സ്വകാര്യവത്ക്കരിക്കാന്‍ ഉത്തരവിറക്കിയ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ഇന്ന് ലാഭത്തിലാണ്. കേരളത്തെ മൊത്തത്തില്‍ കൊള്ളയടിച്ചുകൊണ്ടിരുന്ന ഗൂഢസംഘത്തിന്റെ ഭരണമായിരുന്നു യുഡിഎഫിന്റേത്. കേട്ടതിനേക്കാള്‍ ഭീകരമായിരിക്കും കേള്‍ക്കാനിരിക്കുന്നത് എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ കൂട്ടുപ്രതികള്‍ പറഞ്ഞിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ച ഉമ്മന്‍ചാണ്ടി അടുത്തദിവസം അത് തിരിച്ചെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ മാത്രം കുറ്റസമ്മതത്തില്‍ അന്നത്തെ കാര്യങ്ങള്‍ നില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. യുഡിഎഫ് മന്ത്രിമാരില്‍ ആരാണ് കുറ്റം ചെയ്യാത്തവരുള്ളത്. ഒരുപാട് കുറ്റസമ്മതം നടത്തേണ്ടിവരും ഉമ്മന്‍ചാണ്ടിക്കെന്നും തോമസ് ഐസക് പറഞ്ഞു.

ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കും: പാലോളി

പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ വഴിവിട്ട് കാര്യങ്ങള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമുണ്ടെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വഴിവിട്ട് ചെയ്ത കാര്യങ്ങളെല്ലാം കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തണം. ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടന്നിട്ടുള്ളത്.പെണ്‍‌വാണിഭസംഘങ്ങളെ വഴിവിട്ട് സഹായിച്ചതാണോ ഉമ്മന്‍ചാണ്ടി പറഞ്ഞ ധീരമായ നടപടി. കുഞ്ഞാലിക്കുട്ടിയെ എന്തിനാണ് അഭിനന്ദിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് പാലോളി പറഞ്ഞു.

ദേശാ‍ഭിമാനി 300111

1 comment:

  1. യുഡിഎഫ് ഭരിക്കെ അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പലരും കയറിയിറങ്ങിയെന്നും വഴിവിട്ട സഹായം അവര്‍ക്ക് ചെയ്തുകൊടുത്തെന്നും കുമ്പസാരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിക്ക് തണലായിനിന്നത് ഉമ്മന്‍ചാണ്ടി. വ്യവസായമന്ത്രിയായിരിക്കെ യുഡിഎഫിന്റെ രാഷ്ട്രീയനീക്കങ്ങള്‍ നിശ്ചയിക്കുന്നതില്‍ തനിക്കൊപ്പംനിന്ന കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഉമ്മന്‍ചാണ്ടി അകമഴിഞ്ഞ പിന്തുണ നല്‍കുന്നു. എല്ലാം കഴിഞ്ഞ കാര്യങ്ങളാണെന്ന് ആശ്വസിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി തന്റെ ഭരണകാലത്ത് ഒരു മന്ത്രി വഴിവിട്ടു പ്രവര്‍ത്തിച്ചതിനെ ന്യായീകരിച്ച് സ്വയരക്ഷയ്ക്ക് ശ്രമിക്കുകയാണ്. ആദ്യത്തെ കുറ്റസമ്മതം വൈകിട്ട് നിഷേധിച്ചെന്നും അതോടെ എല്ലാം തീര്‍ന്നെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

    ReplyDelete