Saturday, January 29, 2011

ഹജ്ജ് സബ്സിഡി ഭരണഘടനാ വിരുദ്ധമല്ല: സുപ്രീംകോടതി

ഹജ്ജ് കര്‍മത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ഹജ്ജിന് സബ്സിഡി നല്‍കുന്നതോ അതല്ലെങ്കില്‍ സമാനമായി മറ്റ് മതവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതോ ഭരണഘടനാവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. മുന്‍ ബിജെപി എംപി പ്രഫുല്‍ ഗൊറാദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

ഹജ്ജ് തീര്‍ഥാടനത്തിന് സബ്സിഡി അനുവദിക്കുന്നത് ഭരണഘടനയുടെ 14 (തുല്യത}), 15 ബി (വിവേചനമില്ലായ്മ), 27 (ഏതെങ്കിലും മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുനികുതി പാടില്ല) എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗൊറാദിയയുടെ ഹര്‍ജി. എന്നാല്‍, സബ്സിഡിക്കായി പൊതുപണത്തിന്റെ ചെറിയ ഭാഗം ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമായി കാണാനാകില്ല-കോടതി പറഞ്ഞു. ഇന്ത്യയില്‍ സര്‍ക്കാര്‍ പിരിക്കുന്ന ആദായനികുതിയുടെയോ എക്സൈസ് നികുതിയുടെയോ കസ്റംസ് നികുതിയുടെയോ വില്‍പ്പന നികുതിയുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും നികുതിയുടെയോ വലിയൊരു ഭാഗം സബ്സിഡിക്കായി ചെലവഴിച്ചാല്‍ മാത്രമേ 27-ാം വകുപ്പിന്റെ ലംഘനമായി കാണാനാകൂ. ആദായനികുതിയുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും നികുതിയുടെയോ 25 ശതമാനം വരെ പണം ഏതെങ്കിലും മതവിഭാഗത്തെ നിലനിര്‍ത്തുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഉപയോഗിക്കുകയാണെങ്കില്‍ ഭരണഘടനാവിരുദ്ധമായി കാണേണ്ടിവരും. എന്നാല്‍, ഹജ്ജ് സബ്സിഡിക്കായി നികുതിവരുമാനത്തില്‍ ചെറിയൊരു ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്-കോടതി വിധിച്ചു.

ഹജ്ജ് സബ്സിഡി അനുവദിച്ച 1959 ലെ ഹജ്ജ് കമ്മിറ്റി നിയമത്തിന്റെ സാധുത ചോദ്യംചെയ്താണ് ഗൊറാദിയ ഹര്‍ജി നല്‍കിയത്. ഏതെങ്കിലും മതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുപണം ഉപയോഗിക്കാന്‍ പാടില്ലെന്ന ഭരണഘടനയുടെ 27-ാം വകുപ്പിന്റെ ലംഘനമാണ് ഹജ്ജ് സബ്സിഡിയെന്നായിരുന്നു വാദം. താന്‍ ഹിന്ദുവാണെന്നും എന്നാല്‍, പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ ഒരു ഭാഗം മുസ്ളിങ്ങള്‍ മാത്രം അനുഷ്ഠിക്കുന്ന ഹജ്ജ് കര്‍മത്തിന് അനുവദിക്കുകയാണെന്നും ഗൊറാദിയ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നികുതിയുടെ ചെറിയ ഭാഗമാണ് ഏതെങ്കിലും മതവിഭാഗത്തിന്റെ സൌകര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെങ്കില്‍ അതിനെ ഭരണഘടനാവിരുദ്ധമായി കാണാനാകില്ല-കോടതി പറഞ്ഞു. മാത്രമല്ല കുംഭമേളയ്ക്കും ചൈനയിലെ മാനസരോവറിലേക്ക് ഹിന്ദുക്കള്‍ നടത്തുന്ന തീര്‍ഥാടനത്തിനും സമാനമായ സബ്സിഡി അനുവദിക്കാറുണ്ടെന്ന വസ്തുതയും കോടതി ചൂണ്ടിക്കാട്ടി. പാകിസ്ഥാനിലെ ക്ഷേത്രങ്ങളും ഗുരുദ്വാരകളും സന്ദര്‍ശിക്കുന്നതിന് ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ചില സംസ്ഥാനസര്‍ക്കാരുകള്‍ സബ്സിഡി അനുവദിക്കാറുണ്ട്. ഇതൊന്നും ഭരണഘടനാവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ദേശാഭിമാനി 290111

2 comments:

  1. ഹജ്ജ് കര്‍മത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഭരണഘടനാവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ഹജ്ജിന് സബ്സിഡി നല്‍കുന്നതോ അതല്ലെങ്കില്‍ സമാനമായി മറ്റ് മതവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതോ ഭരണഘടനാവിരുദ്ധമായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. മുന്‍ ബിജെപി എംപി പ്രഫുല്‍ ഗൊറാദിയ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കാട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.

    ReplyDelete
  2. ഇവിടെ പട്ടിണി കിടക്കുന്നവനു ഭക്ഷത്തിനു സബ്സിഡി ഇല്ല. അമ്പലവും, പള്ളികളും, ഗുരുദ്വാരകളും സന്ദര്‍ശിക്കുന്നതിനു എത്ര വേണേലും സബ്സിഡി കിട്ടും. ഇതൊന്നും ഭരണഘടനാ വിരുദ്ധം അല്ല, പട്ടിണി കിടക്കുന്നവനോടുള്ള വെല്ലു വിളിയാണ്.

    ReplyDelete