Saturday, January 29, 2011

വെളിപ്പെടുത്തല്‍ അതീവ ഗൌരവമുള്ളത്: പിണറായി

അതീവ ഗൌരവമേറിയ നിയമ-രാഷ്ട്രീയ-ഭരണ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും ബന്ധു റൌഫിന്റെയും വെളിപ്പെടുത്തലുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇരുവരും പുറത്തുപറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമ-ഭരണ-പൊലീസ് അന്വേഷണവും നടപടിയും വേണം. അതിനപ്പുറം യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഏറ്റവും നീചമായ മുഖത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ വെളിപ്പെടുത്തലുകളിലൂടെ പുറത്തായത്. അടുത്ത ബന്ധു തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു എന്ന് ആരോപിച്ച കുഞ്ഞാലിക്കുട്ടി, താന്‍ ഭരണത്തിലിരുന്നപ്പോള്‍ വഴിവിട്ട പലതും ചെയ്തുകൊടുത്തെന്ന കുറ്റസമ്മതവും നടത്തിയിരിക്കുകയാണ്. യുഡിഎഫ് ഭരണം വന്നാല്‍ അവസ്ഥ എന്താകുമെന്നതിന്റെ മുന്നറിയിപ്പാണ് ഇത്. അതേസമയം, കുഞ്ഞാലിക്കുട്ടിക്കെതിരായ കോടതി കേസുകളില്‍ വിധി വന്നത് നേരായ വഴിയിലൂടെയല്ലെന്ന് തെളിയിക്കാന്‍ രേഖകള്‍ ഉണ്ടെന്ന വെല്ലുവിളിയുമായി റൌഫ് നിരവധി കാര്യങ്ങള്‍ നിരത്തിയിട്ടുണ്ട്. സാമ്പത്തിക അഴിമതി, നിയമവിരുദ്ധ നടപടികള്‍ തുടങ്ങിയവയെല്ലാം ഇതില്‍ വരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തേണ്ട ധാര്‍മികവും രാഷ്ട്രീയവും നിയമപരവുമായ ഉത്തരവാദിത്തം അന്നത്തെ യുഡിഎഫ് ഭരണത്തെ നയിച്ച മുഖ്യമന്ത്രിമാരായിരുന്ന എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ഉണ്ടെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐസ്ക്രീം കേസ്:സത്യം പുറത്തു വരും മുഖ്യമന്ത്രി

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ആരു മറച്ചു വെച്ചാലും സത്യം ഒരു നാള്‍ പുറത്തു വരുമെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തോ കാരണത്താല്‍ കേസില്‍ ഉള്‍പ്പെട്ടവശരല്ലാം പതുക്കെ പതുക്കെ അകന്നുപോകുമ്പോള്‍ സത്യങ്ങള്‍ പുറത്തു വരാതിരിക്കില്ല. മന്ത്രിയായിരുന്നപ്പോള്‍ റൌഫിനു വേണ്ടി വഴിവിട്ട് ചില കാര്യങ്ങള്‍ ചെയ്തു കൊടുത്തതായി പറഞ്ഞതിനെക്കുറിച്ച് മോചനയാത്ര നയിക്കുന്നവര്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ഐസ്ക്രീം കേസിന്റെ ഉപജ്ഞാതാവ് തന്നെ വിവരം പുറത്തുവിട്ടത് നന്നായി. ഒരുപാട് പെണ്‍കുട്ടികളെ പല ആവശ്യത്തിനായി ഉപയോഗിച്ചതായി തെളിഞ്ഞിരിക്കുന്നു. കേസ് ഇനി എങ്ങനെ മുന്നോട്ടുപോകണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കും

കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് പ്രത്യേക അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മുന്‍മന്ത്രിയും മുസ്ളിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയുമെന്ന നിലയില്‍ പ്രശ്നത്തെ ഗൌരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. നിജസ്ഥിതി വ്യക്തമാകണം. ആരാണ് ഭീഷണിയുടെ പിന്നിലുള്ളത് അറിയേണ്ടതുണ്ട്. റൌഫിനുവേണ്ടി എന്തൊക്കെ ചെയ്തുവെന്ന് കുഞ്ഞാലിക്കുട്ടിതന്നെയാണ് വെളിപ്പെടുത്തേണ്ടത്. അവിഹിതമായി ഒന്നും ചെയ്യില്ലെന്നാണ് മന്ത്രിമാര്‍ എടുക്കുന്ന പ്രതിജ്ഞ. അതിനു വ്യത്യസ്തമായി കുഞ്ഞാലിക്കുട്ടി എന്തൊക്കെ ചെയ്തെന്ന് വ്യക്തമാക്കട്ടെ. ഇപ്പോള്‍ അദ്ദേഹം നടത്തിയിരിക്കുന്നത് കുറ്റസമ്മതമാണെന്നും കോടിയേരി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ ഏറ്റുപറച്ചില്‍ മുന്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്നു: ഡിവൈഎഫ്ഐ

മുന്‍ മന്ത്രിയും മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ പൂര്‍ണമായും ശരിവയ്ക്കുന്ന തരത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഏറ്റുപറച്ചിലും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ റൌഫിന്റെ വെളിപ്പെടുത്തലുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു.

മന്ത്രിയായിരുന്നപ്പോള്‍ റൌഫിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തെന്ന് കുഞ്ഞാലിക്കുട്ടിക്കുതന്നെ മാധ്യമസമക്ഷം തുറന്നുപറയേണ്ടിവന്നിരിക്കുകയാണ്. ഇത് സത്യപ്രതിജ്ഞാലംഘനമാണ്.പക്ഷപാദരഹിതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി നിയമവിരുദ്ധമായും അധാര്‍മികമായും അദ്ദേഹത്തെ സഹായിച്ചു എന്ന് മുന്‍ മന്ത്രികൂടിയായ യുഡിഎഫ് നേതാവ് സ്വയം സമ്മതിച്ചിരിക്കുന്നു. റൌഫിന്റെ വെളിപ്പെടുത്തലും ഗൌരവമായി കാണണം. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തുടരാനുള്ള ധാര്‍മികത കുഞ്ഞാലിക്കുട്ടിക്ക് നഷ്ടമായിരിക്കുകയാണ്. അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുപയോഗിച്ച് സത്യം ഏറെക്കാലം മൂടിവയ്ക്കാന്‍ കഴിയില്ലെന്നതിന്റെ വസ്തുതകൂടിയാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ സഹാചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ജീര്‍ണിച്ച യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമാണ് കുഞ്ഞാലിക്കുട്ടിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 290111

2 comments:

  1. അതീവ ഗൌരവമേറിയ നിയമ-രാഷ്ട്രീയ-ഭരണ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെയും ബന്ധു റൌഫിന്റെയും വെളിപ്പെടുത്തലുകളെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇരുവരും പുറത്തുപറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമ-ഭരണ-പൊലീസ് അന്വേഷണവും നടപടിയും വേണം. അതിനപ്പുറം യുഡിഎഫ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.

    ReplyDelete
  2. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പുതിയതായി ഒന്നുമില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള മോചനയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റൌഫ് ഉന്നയിച്ച ആരോപണത്തില്‍ പുതിയ കാര്യങ്ങളില്ല. എല്ലാം നേരത്തെ വന്നതാണ്. വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അഴിമതിയില്ല. പുതിയ അന്വേഷണം ആവശ്യമാണോയെന്ന ചോദ്യത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി.

    ReplyDelete