Sunday, January 23, 2011

ബന്ദില്‍ വ്യാപക അക്രമം; രാജിവയ്ക്കില്ലെന്ന് യെദ്യൂരപ്പ

ബംഗളൂരു: പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ആരെങ്കിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിമാര്‍ രാജിവച്ച ചരിത്രമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യെദ്യൂരപ്പ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. എന്നാല്‍ തുടര്‍നടപടിക്ക് മുമ്പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് യെദ്യൂരപ്പക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ അഭിഭാഷകര്‍ ശനിയാഴ്ച ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, യെദ്യൂരപ്പ അടക്കം 16 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ സിറാജിന്‍ബാഷയും കെ എന്‍ ബല്‍രാജും ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ കോടതിയില്‍ ഒരു ഹര്‍ജികൂടി സമര്‍പ്പിച്ചു. യെദ്യൂരപ്പയ്ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ഇരുവര്‍ക്കും ശനിയാഴ്ച വൈകിട്ട് വധഭീഷണിയുണ്ടായി. തുടര്‍ന്ന് ഇവര്‍ പൊലീസ് സംരക്ഷണം തേടി.

യെദ്യൂരപ്പയെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനംചെയ്ത കര്‍ണാടക ബന്ദ് അക്രമാസക്തമായി. 29 ബസ് കത്തിച്ചു. 700 പേരെ അറസ്റുചെയ്തു. നിയമമന്ത്രി എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ബിജെപി എംഎല്‍എമാരും രാജ്ഭവനു മുന്നില്‍ റോഡ് ഉപരോധിച്ചു. സുപ്രീംകോടതിവിധി ലംഘിച്ചു ബന്ദ് നടത്തിയത് കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബൊപ്പണ്ണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ച നല്‍കിയ രണ്ടെണ്ണം ഉള്‍പ്പെടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയ്ക്കെതിരെ ഇതുവരെ ആറു ഹര്‍ജിയാണ് നല്‍കിയത്. അഴിമതി തടയല്‍ നിയമം 13(1) ഡി, 13(1) ഇ വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി. അന്യായമായി ഭൂമി പതിച്ചുനല്‍കിയെന്നും സ്വജനപക്ഷപാതം കാട്ടിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍. ഐപിസി 405, 406, 420, 463 എന്നീ വകുപ്പുകള്‍ പ്രകാരവും കേസ് ഫയല്‍ ചെയ്യുമെന്ന് സിറാജിന്‍ബാഷയും കെ എന്‍ ബല്‍രാജും പറഞ്ഞു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

ബിജെപിക്കും തനിക്കും കൂടിവരുന്ന ജനപിന്തുണയില്‍ അസംതൃപ്തനായാണ് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ അധികാരപ്രമത്തതയാണ് കാട്ടുന്നതെന്നും യെദ്യൂരപ്പ ആരോപിച്ചു. അതിനിടെ, യെദ്യൂരപ്പയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചു. വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടിയെന്നും രാജ്ഭവന്‍ അറിയിച്ചു.

അനധികൃത ഭൂമി ഇടപാട് അടക്കമുള്ള അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഗവര്‍ണറുടെ നടപടി ന്യായീകരിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരവും നിയമമന്ത്രി വീരപ്പ മൊയ്ലിയും രംഗത്തെത്തി. പ്രോസിക്യൂഷന്‍ നടപടി നിയമപരമായി ശരിയാണെന്നും ക്രമസമാധാനം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും ചിദംബരം പറഞ്ഞു. ഗവര്‍ണറുടെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ബിജെപി നേതാവ് അരു ജെയ്റ്റ്ലി പറഞ്ഞു.
(പി വി മനോജ്കുമാര്‍)

കര്‍ണാടകത്തില്‍ ബിജെപി ബന്ദ് അക്രമാസക്തം

ബംഗളൂരു: ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി യെദ്യൂരപ്പയെയും ആഭ്യന്തരമന്ത്രി ആര്‍ അശോകിനെയും കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനംചെയ്ത ബന്ദ് അക്രമാസക്തം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 29 കെഎസ്ആര്‍ടിസി ബസടക്കം 37 വാഹനം കത്തിച്ചു. 29 ബസ് തകര്‍ത്തു. മുന്നൂറോളം കടകളും സ്ഥാപനങ്ങളും അടിച്ചുതകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ ഏഴിടത്ത് പൊലീസ് മൂന്നുതവണ ലാത്തിച്ചാര്‍ജ് നടത്തി. അക്രമാസക്തരായ ബിജെപി പ്രവര്‍ത്തകര്‍ ജെഡിഎസ് പ്രവര്‍ത്തകരെയും വ്യാപാരികളെയും ആക്രമിച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് ബംഗളൂരു, രാമനഗര, ചിക്മംഗളൂരു ഗുല്‍ബര്‍ഗ എന്നിവിടങ്ങളില്‍ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബംഗളൂരു നഗരത്തില്‍ എംജി റോഡ്, ഉപ്പാര്‍പേട്ട് എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ 13 ബിജെപി എംഎല്‍എമാരടക്കം 400 പേരെ അറസ്റുചെയ്തു. വെള്ളിയാഴ്ച രാത്രിമുതല്‍ തെരുവിലിറങ്ങിയ ബിജെപി എംഎല്‍എമാരും പ്രവര്‍ത്തകരും കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചു. ബംഗളൂരു നഗരത്തില്‍ രാവിലെ ബിഎംടിസി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും കല്ലേറിനെതുടര്‍ന്ന് പകല്‍ പത്തരയോടെ സര്‍വീസ് നിര്‍ത്തി. സ്കൂളുകളും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഹാവേരി, ശിവമോഗ, മൈസൂരു എന്നിവിടങ്ങളില്‍ ട്രെയിന്‍ഗതാഗതവും തടസ്സപ്പെടുത്തി. ഗുല്‍ബര്‍ഗ, തുമക്കൂറു, ശിവമോഗ, രാമനഗര, ഹുബ്ബള്ളി, ചിക്മംഗളൂരു, മാണ്ഡ്യ, ഹാവേരി, ധാര്‍വാഡ്, മൈസൂരു എന്നിവിടങ്ങളിലാണ് വ്യാപക അക്രമമുണ്ടായത്.

യെദ്യൂരപ്പയുടെ നടപടി അധാര്‍മികം: ഗഡ്കരി

ബീജിങ്: ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കുകയും ആ ഭൂമി കുടുംബാംഗങ്ങള്‍ക്ക് പതിച്ചുകൊടുക്കുകയും ചെയ്ത കര്‍ണാടകമുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ നടപടി അധാര്‍മികമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ഗഡ്കരി ആരോപിച്ചു. യെദ്യൂരപ്പ മകന് ഭൂമി അനുവദിച്ച നടപടി നിയമപരമാണെങ്കില്‍പോലും ധാര്‍മികതയ്ക്ക് നിരക്കുന്ന കാര്യമല്ലെന്നാണ് പാര്‍ടിക്കും തനിക്ക് വ്യക്തിപരമായും തോന്നുന്നതെന്ന് ചൈന സന്ദര്‍ശനത്തിനിടെ ഗഡ്കരി പ്രതികരിച്ചു. ഭൂമി ഏറ്റെടുത്ത വിജ്ഞാപനം റദ്ദാക്കിയത് അനധികൃതമാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും അതിനാല്‍ രാജിവയ്ക്കില്ലെന്നും യെദ്യൂരപ്പ കഴിഞ്ഞദിവസം പ്രതികരിച്ചതിനുപിന്നാലെയാണ് അദ്ദേഹത്തോടുള്ള അപ്രീതി പാര്‍ടി അധ്യക്ഷന്‍തന്നെ പ്രകടമാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കാന്‍ മുഖ്യമന്ത്രിക്ക് നിയമപരമായ അധികാരമുണ്ട്. യെദ്യൂരപ്പയുടെ മുന്‍ഗാമികളായ കുമാരസ്വാമി, ധരംസിങ്, എസ് എം കൃഷ്ണ എന്നിവര്‍ രണ്ടും മൂന്നും തവണ ഈ അധികാരം പ്രയോഗിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ ഗവര്‍ണര്‍ ഒരു നടപടിയും എടുത്തില്ലെന്ന് ഗഡ്കരി പറഞ്ഞു.

കോണ്‍ഗ്രസ്-ബിജെപി പോര് മുറുകുന്നു

ന്യൂഡല്‍ഹി: കര്‍ണാടകമുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസ്- ബിജെപി പോര് മുറുകുന്നു. ഗവര്‍ണറെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം രംഗത്തുവന്നു. ഗവര്‍ണറുടെ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ബിജെപി നേതാവ് അരു ജെയ്റ്റ്ലി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏജന്റ് എന്നാണ് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി വിശേഷിപ്പിച്ചത്. യെദ്യൂരപ്പ രാജിവയ്ക്കില്ലെന്നും റൂഡി പറഞ്ഞു. കമസമാധാന പ്രശ്നങ്ങളില്‍ ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഇടപെടുന്നുവെന്ന വ്യാജേനയാണ് ഗവര്‍ണറുടെ നടപടി ചിദംബരം ന്യായീകരിച്ചത്. ഇതുനിയമപരമായി ശരിയാണെന്നും ചിദംബരം പറഞ്ഞു. ക്രമസമാധാനം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാരും ബിജെപിയും തയ്യാറാവണം. ഗവര്‍ണറുടെ തീരുമാനത്തിനെതിരായ പ്രതിഷേധം തെരുവുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയെയോ സംസ്ഥാന മന്ത്രിമാരെയോ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണര്‍ അനുമതി നല്‍കുന്നത് ആദ്യമല്ല. ഇക്കാര്യത്തില്‍ നിയമം വളരെ വ്യക്തമാണ്. ഇതിന്റെ പേരിലുള്ള അക്രമങ്ങളില്‍ നിരാശയുണ്ട്. ക്രമസമാധാനം പാലിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോടും ആവശ്യപ്പെടണം. ഈ പ്രശ്നത്തില്‍ എം പി സ്പെഷ്യല്‍ പൊലീസ് എസ്റാബ്ളിഷ്മെന്റും മധ്യപ്രദേശ് സര്‍ക്കാരുമായുള്ള കേസാണ് പ്രധാനം. മന്ത്രിസഭയുടെ ഉപദേശം മറികടന്ന് രണ്ടുമന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അന്നത്തെ മധ്യപ്രദേശ് ഗവര്‍ണര്‍ അനുമതി നല്‍കി. ഇത് പിന്നീട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ശരിവച്ചു. കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്ഡെയും ഗവര്‍ണറുടെ തീരുമാനത്തോട് യോജിച്ചിട്ടുണ്ട്- ചിദംബരം പ്രസ്താവനയില്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുമതി വിഷയം ആദ്യം മന്ത്രിസഭയാണ് പരിഗണിക്കേണ്ടതെന്ന് അരു ജെയ്റ്റ്ലി പറഞ്ഞു. അന്വേഷണനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഗവര്‍ണര്‍ കാത്തിരിക്കേണ്ടിയിരുന്നു. ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്ന കോണ്‍ഗ്രസ് വാദം സമ്മതിച്ചാല്‍ തന്നെയും മന്ത്രിസഭയാണ് ആദ്യം പരിഗണിക്കേണ്ടത്- ജെയ്റ്റ്ലി പറഞ്ഞു.

ദേശാഭിമാനി 230111

1 comment:

  1. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാജിവയ്ക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ആരെങ്കിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിമാര്‍ രാജിവച്ച ചരിത്രമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യെദ്യൂരപ്പ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. എന്നാല്‍ തുടര്‍നടപടിക്ക് മുമ്പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് യെദ്യൂരപ്പക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ അഭിഭാഷകര്‍ ശനിയാഴ്ച ഹൈക്കോടതിയെ സമീപിച്ചു. അതിനിടെ, യെദ്യൂരപ്പ അടക്കം 16 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ സിറാജിന്‍ബാഷയും കെ എന്‍ ബല്‍രാജും ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ കോടതിയില്‍ ഒരു ഹര്‍ജികൂടി സമര്‍പ്പിച്ചു. യെദ്യൂരപ്പയ്ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ഇരുവര്‍ക്കും ശനിയാഴ്ച വൈകിട്ട് വധഭീഷണിയുണ്ടായി. തുടര്‍ന്ന് ഇവര്‍ പൊലീസ് സംരക്ഷണം തേടി.

    ReplyDelete