Saturday, January 29, 2011

വരാനിരിക്കുന്ന 'ബോംബ് 'ഭയന്ന്

മലപ്പുറം: രാഷ്ട്രീയഭാവി തകര്‍ക്കുന്ന ഒരു 'ബോംബ്' വരുന്നുണ്ടെന്ന സംശയമാണ് പി കെ കുഞ്ഞാലിക്കുട്ടിയെ മുന്‍കൂര്‍ വാര്‍ത്താസമ്മേളനത്തിനു പ്രേരിപ്പിച്ചത്. ചില ചാനലുകള്‍ വഴി ഈ വിവരങ്ങള്‍ പുറത്തുവരുമെന്നും അത് ഐസ്ക്രീം പാര്‍ലര്‍ കേസ് പോലെ കത്തിപ്പടരുമെന്നും കുഞ്ഞാലിക്കുട്ടി ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗിന്റെ പ്രമുഖ നേതാക്കള്‍ വിലക്കിയിട്ടും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തിന് തയ്യാറായത്. ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഇരകളെയും ചില പ്രതികളെയും ടി വി ചാനല്‍ ലേഖകര്‍ കണ്ട് സംസാരിച്ച് തയ്യാറാക്കിയ സിഡി ചാനല്‍ മുറിയില്‍ തയ്യാറായെന്ന വിവരം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. എട്ടു ലേഖകര്‍ ചേര്‍ന്ന് ഒളിക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ സമയമെടുത്തപ്പോള്‍ മറ്റ് ചിലര്‍ മാനേജ്മെന്റിന്റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണ്. മാധ്യമ മാനേജ്മെന്റുകളെ സ്വാധീനിക്കാനുള്ള ശ്രമം തുടരുമ്പോള്‍തന്നെയാണ് കുഞ്ഞാലിക്കുട്ടി റൌഫിനെതിരെ വാര്‍ത്താലേഖകര്‍ക്കു മുന്നിലെത്തിയത്.

ഒരുകാലത്ത് തന്റെ വലംകൈയും എല്ലാ പ്രവൃത്തികളിലും സഹായിയുമായിരുന്ന റൌഫിന്റെ ഒത്താശയോടെയാണ് ചാനലിന്റെ ഒളിക്യാമറ പ്രയോഗങ്ങള്‍ എന്നാണ് കുഞ്ഞാലിക്കുട്ടി സംശയിക്കുന്നത്.. ഐസ്ക്രീം കേസിന്റെ രേഖകളും ഇരകള്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങളും റൌഫ് കൈമാറിയിട്ടുണ്ടത്രെ. കേസില്‍ ഉള്‍പ്പെട്ടവരെയും കുഞ്ഞാലിക്കുട്ടിയുടെ പഴയ ഡ്രൈവറെയും ചാനല്‍ ലേഖകര്‍ കണ്ടു. ഇവരെല്ലാം നല്‍കിയ വിവരങ്ങള്‍ കേരള രാഷ്ട്രീയത്തെ വീണ്ടും ഇളക്കിമറിക്കുമെന്ന പരിഭ്രാന്തിയില്‍നിന്നാണ് വധഭീഷണിയുണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാതി. വാര്‍ത്താസമ്മേളനം നടത്തണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യത്തോട് മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് യോജിപ്പില്ലായിരുന്നു. റൌഫിനെതിരെ പ്രതികരിക്കുന്നത് ബൂമറാങ്ങായി തിരിച്ചുവരുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഓര്‍മിപ്പിച്ചു. സ്വതവേ മങ്ങിപ്പോയ 'മോചന യാത്ര'യുടെ സമാപനവേളയില്‍ രാഷ്ട്രീയമായി ഏറെ ദോഷംചെയ്യുന്ന ആരോപണപ്രത്യാരോപണങ്ങള്‍ക്ക് ഇടവന്നതില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. എന്നിട്ടും ഇനി കാത്തിരിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുഞ്ഞാലിക്കുട്ടി രാവിലെ മാധ്യമപ്രതിനിധികളെ കണ്ടത്.

എന്നാല്‍ ഉച്ചയായപ്പോഴേക്കും കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ പിടിവിട്ടുപോയി. കുഞ്ഞാലിക്കുട്ടിക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്ത കൊടുത്തപ്പോള്‍തന്നെ പഴയ ഐസ്ക്രീം കേസ് കഥകള്‍ ചാനലുകള്‍ പുറത്തിട്ടു. റൌഫിനെ തുറന്നുകാട്ടുകയെന്ന സാമൂഹ്യസേവനമാണ് താന്‍ നടത്തുന്നതെന്ന് പറഞ്ഞ് തുടങ്ങിയ കുഞ്ഞാലിക്കുട്ടിയെയും കേരളത്തെയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായാണ് റൌഫ് തിരിച്ചടിച്ചത്. പെണ്ണും പണവും കച്ചവടവും ചേര്‍ന്നുള്ള യുഡിഎഫ് രാഷ്ട്രീയത്തിന്റെ അഴുകിയ മുഖമാണ് റൌഫ് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചത്. സന്ധ്യയോടെ മറുപടിക്കിറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ പതറിയ ചിത്രം ചാനലുകള്‍ തുറന്നുവെച്ചു.
(ആര്‍ രഞ്ജിത്)

റൌഫ്= കുഞ്ഞാലിക്കുട്ടി

കല്‍പ്പറ്റ: തള്ളിപ്പറഞ്ഞാലും നിഷേധിക്കാനാവാത്തവിധം ശക്തമാണ് കുഞ്ഞാലിക്കുട്ടിയും ഭാര്യാസഹോദരി ഭര്‍ത്താവായ കെ എ റൌഫും തമ്മിലുള്ള ബന്ധം. റൌഫിന്റെ വളര്‍ച്ചയ്ക്കും ഇടപാടുകള്‍ക്കുമെല്ലാം പിന്നില്‍ എന്നും പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈകളായിരുന്നു. മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി, ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള സ്വാധീനമുപയോഗിച്ച് വഴിവിട്ട് സഹായിച്ചാണ് റൌഫിന് വ്യവസായ- സാമ്പത്തിക സ്വാധീനമുണ്ടാക്കിക്കൊടുത്തത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ ഉമ്മുക്കുത്സുവിന്റെ സഹോദരി ഫാത്തിമയുടെ ഭര്‍ത്താവാണ് റൌഫ്.
വിവാദമായ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ റെജീനയുടെ വെളിപ്പെടുത്തലോടെയാണ് കിഴിശ്ശേരി അഹമ്മദ് റൌഫ് എന്ന കെ എ റൌഫ് പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ ആദ്യം വരുന്നത്. ലീഗ് നേതാവ്, മന്ത്രി എന്നീ നിലകളിലെല്ലാം കുഞ്ഞാലിക്കുട്ടി നടത്തിയ വൃത്തികെട്ട ഉപജാപങ്ങള്‍ക്കും അവിഹിത ഇടപാടുകള്‍ക്കും ആയുധമാക്കിയിരുന്നത് റൌഫിനെയായിരുന്നു. ഇക്കാര്യം കുഞ്ഞാലിക്കുട്ടി തന്നെ വെള്ളിയാഴ്ച മലപ്പുറത്ത് സമ്മതിച്ചു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ കാലത്ത് 1998ലാണ് അധോലോകപരിവേഷവുമായി റൌഫിന്റെ പേര് പുറത്തുവന്നത്. ഏറ്റവുമൊടുവില്‍ കഴിഞ്ഞവര്‍ഷം സെപ്തംബറിലുണ്ടായ കള്ളനോട്ട്പിടിച്ച സംഭവത്തില്‍വരെ ഈ ബന്ധത്തിന്റെ കണ്ണികള്‍ നീണ്ടു. വ്യാജരേഖ സൃഷ്ടിച്ച് ഭൂമിതട്ടിയെടുക്കല്‍, വ്യവസായ എസ്റേറ്റുകളില്‍ അനധികൃതമായി ഭൂമി നേടല്‍, ബിനാമിപ്പേരുകളില്‍ സ്വത്ത് സമ്പാദിക്കല്‍ തുടങ്ങി മാഫിയാബന്ധത്തിലേക്ക് വളര്‍ന്നുപന്തലിച്ചതാണീ ശൃംഖല. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് പങ്കുള്ളതായി ആക്ഷേപമുണ്ടായപ്പോഴാണ് റൌഫിന്റെ പേര് സജീവമാകുന്നത്. റെജീന, രജുല തുടങ്ങി പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കെല്ലാം പണം നല്‍കി കേസ് അട്ടിമറിക്കുന്നതില്‍ മുന്നില്‍ നിന്നത് റൌഫാണെന്നായിരുന്നുഉയര്‍ന്ന ആരോപണം.

കേസ് കെട്ടടങ്ങിയശേഷം 2005ല്‍ റെജീന കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നു. ഈ സമയത്തും കുഞ്ഞാലിക്കുട്ടിക്ക് രക്ഷപ്പെടാനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞത് റൌഫായിരുന്നു. റെജീനയുടെ മൊഴിമാറ്റിക്കാനും ലക്ഷങ്ങള്‍ നല്‍കിയത് റൌഫായിരുന്നു. ഈ പണം ഉപയോഗിച്ചാണ് റെജീന, കോഴിക്കോട് ഒളവണ്ണക്കടുത്ത് മുതുവനത്തറയില്‍ ഭര്‍ത്താവ് പ്രമോദിന്റെ പേരില്‍ സ്ഥലം വാങ്ങിയത്. ഇവിടെ എയര്‍കണ്ടീഷന്‍ മാളികയാണ് അവരുണ്ടാക്കിയിട്ടുള്ളത്.

ഇന്‍ഡോര്‍, മൈസൂര്‍, മലപ്പുറത്തെ പാങ്ങ്, കോഴിക്കോട് വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ ലാറ്റക്സ് വ്യവസായമാണ് റൌഫിനുള്ളത്. കൃത്രിമ റബ്ബര്‍ കടത്തിയതിനുവില്‍പ്പന നികുതിവകുപ്പ് പലതവണ ഇയാള്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. ലാറ്റക്സ് കമ്പനികളിലേക്ക് യന്ത്രം ഇറക്കുമതി ചെയ്ത സംഭവത്തില്‍ കസ്റംസ് അന്വേഷണവുമുണ്ടായി. ഇതില്‍ പലതിലും അന്വേഷണം ഭരണസ്വാധീനത്താല്‍ ഇല്ലാതായി. കോഴിക്കോട് വെസ്റ്ഹില്‍ വ്യവസായ എസ്റേറ്റില്‍ റൌഫിന് ഭൂമികിട്ടിയത് കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ്. രണ്ടുവര്‍ഷം മുമ്പ് മഹാരാഷ്ട്രയില്‍ കര്‍ഷകനെന്ന രേഖചമച്ച് ഭൂമി വാങ്ങിയതിന് റൌഫിനെതിരെയും ഭാര്യക്കെതിരായും കേസുണ്ടായി.

ക്രിമിനല്‍ കുറ്റത്തില്‍ ഒടുവിലത്തേതാണ് കള്ളനോട്ട്ക്കേസ്. 2010 സെപ്തംബറില്‍ കോഴിക്കോട് വെച്ചാണ് കള്ളനോട്ട് പിടിച്ചത്. റൌഫിന്റെ സഹായിയായ സിദ്ദിഖ് പിടിയിലായി. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ നിസാറാണ് പണമെത്തിച്ചതെന്ന് അന്ന് വെളിപ്പെടുത്തലുണ്ടായി. നിസാര്‍ മന്ത്രിയായിരുന്നപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഡ്രൈവര്‍, പി എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. റൌഫിന് കുഞ്ഞാലിക്കുട്ടിയുമായല്ലാതെ ലീഗിന്റെ പലനേതാക്കളുമായും ബന്ധമുണ്ടായിരുന്നു. കാസര്‍കോട്ടെ മുന്‍മന്ത്രിയായ ലീഗ് നേതാവടക്കം റൌഫുമായി ബന്ധപ്പെട്ട് വാണിജ്യ- വ്യാപാരബന്ധങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്.
(പി വി ജീജോ)

ദേശാഭിമാനി 290111

1 comment:

  1. രാഷ്ട്രീയഭാവി തകര്‍ക്കുന്ന ഒരു 'ബോംബ്' വരുന്നുണ്ടെന്ന സംശയമാണ് പി കെ കുഞ്ഞാലിക്കുട്ടിയെ മുന്‍കൂര്‍ വാര്‍ത്താസമ്മേളനത്തിനു പ്രേരിപ്പിച്ചത്. ചില ചാനലുകള്‍ വഴി ഈ വിവരങ്ങള്‍ പുറത്തുവരുമെന്നും അത് ഐസ്ക്രീം പാര്‍ലര്‍ കേസ് പോലെ കത്തിപ്പടരുമെന്നും കുഞ്ഞാലിക്കുട്ടി ഭയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുസ്ളിംലീഗിന്റെ പ്രമുഖ നേതാക്കള്‍ വിലക്കിയിട്ടും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തിന് തയ്യാറായത്. ഐസ്ക്രീം പാര്‍ലര്‍ കേസിലെ ഇരകളെയും ചില പ്രതികളെയും ടി വി ചാനല്‍ ലേഖകര്‍ കണ്ട് സംസാരിച്ച് തയ്യാറാക്കിയ സിഡി ചാനല്‍ മുറിയില്‍ തയ്യാറായെന്ന വിവരം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. എട്ടു ലേഖകര്‍ ചേര്‍ന്ന് ഒളിക്യാമറയില്‍ പകര്‍ത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ സമയമെടുത്തപ്പോള്‍ മറ്റ് ചിലര്‍ മാനേജ്മെന്റിന്റെ അനുമതിക്കായി കാത്തുനില്‍ക്കുകയാണ്. മാധ്യമ മാനേജ്മെന്റുകളെ സ്വാധീനിക്കാനുള്ള ശ്രമം തുടരുമ്പോള്‍തന്നെയാണ് കുഞ്ഞാലിക്കുട്ടി റൌഫിനെതിരെ വാര്‍ത്താലേഖകര്‍ക്കു മുന്നിലെത്തിയത്.

    ReplyDelete