Monday, January 31, 2011

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം കേന്ദ്രമാക്കി കാഷ്യൂ ബോര്‍ഡ്; പാര്‍ലമെന്റ് സമിതി കേന്ദ്രത്തിന് ശുപാര്‍ശ നല്‍കും

കൊല്ലം: കൊല്ലം കേന്ദ്രമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കശുവണ്ടിയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്ലം കേന്ദ്രമായി വാണിജ്യമന്ത്രാലയത്തിനു കീഴില്‍തന്നെ കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ സമിതി ശുപാര്‍ശ നല്‍കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സ് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. രാജ്യത്തെ കൃഷി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി പഠനയാത്രയുടെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിത്.

കാര്‍ഷികോല്‍പ്പാദനവും കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ഈ രംഗത്തെ തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാന്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമെന്ന നിലയിലാണ് കൊല്ലത്തെ കശുവണ്ടി സമിതിയുടെ പരിഗണനയില്‍വന്നത്. കശുവണ്ടി വ്യവസായത്തിന്റെ പ്രാധാന്യം പരിഗണിച്ച് കാഷ്യൂബോര്‍ഡ് സ്ഥാപിക്കണമെന്നുതന്നെയാണ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായമെന്ന് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. കാഷ്യൂബോര്‍ഡ് സംബന്ധിച്ച് കൃഷി, വാണിജ്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കും. കശുവണ്ടിഫാക്ടറികളുടെ അടിസ്ഥാന സൌകര്യവികസനം അനിവാര്യമാണ്. ഫാക്ടറികളുടെ ശുചിത്വം, കശുവണ്ടിയില്‍നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കുമെന്ന് കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ എംപി പറഞ്ഞു.

ബംഗളൂരു, പൂണെ, മുംബൈ എന്നിവിടങ്ങളിലെ കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ കൂടി സന്ദര്‍ശിച്ചശേഷം സമിതി ഡല്‍ഹിയില്‍ യോഗം ചേരും. തുടര്‍ന്ന് ശുപാര്‍ശകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. എറണാകുളത്തെ സമുദ്ര മത്സ്യ വ്യവസായമേഖല സന്ദര്‍ശിച്ചശേഷമാണ് പന്ത്രണ്ടംഗ കമ്മിറ്റി കൊല്ലത്തെത്തിയത്.

കേന്ദ്ര സ്കീമില്‍ കശുവണ്ടി ഉള്‍പ്പെടുത്താന്‍ നിവേദനം

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ വിദേശ വ്യാപാരനയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വാര്‍ഷികപദ്ധതിയില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കശുവണ്ടി വികസന കോര്‍പറേഷന്‍ നിവേദനം നല്‍കി. പഠനയാത്രയുടെ ഭാഗമായി കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സിന്റെ ചെയര്‍മാന്‍ ശാന്തകുമാറിനാണ് നിവേദനംനല്‍കിയത്.

കഴിഞ്ഞ ആഗസ്ത് 23ന് വ്യവസായ-വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച വാര്‍ഷിക സപ്ളിമെന്റില്‍ കൃഷി, ടെക്സ്റ്റൈല്‍, തുകല്‍, ആഭരണം, കരകൌശലം, കൈത്തറി വ്യവസായങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വര്‍ഷം 3000 കോടി വിദേശനാണ്യം നേടിത്തരുന്ന കശുവണ്ടി വ്യവസായത്തില്‍ മൂന്നുലക്ഷം തൊഴിലാളികള്‍ പണിയെടുക്കുന്നു. അതില്‍ 95 ശതമാനവും സ്ത്രീകളാണ്. പരോക്ഷമായി നാലുലക്ഷം പേരും വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ പൊതുമേഖലാസ്ഥാനമായ കോര്‍പറേഷന്റെ കീഴില്‍ 30 ഫാക്ടറികളും 20000 തൊഴിലാളികളുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സ്കീമില്‍ കശുവണ്ടി വ്യവസായത്തെയും ഉള്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

കശുവണ്ടിയുടെ രുചിയില്‍ മനംമയങ്ങി എംപിമാര്‍

കൊല്ലം: കശുവണ്ടിയുടെ രുചിയില്‍ ദക്ഷിണേന്ത്യക്കാരായ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അതിശയം. ശനിയാഴ്ച പകല്‍ 3.30നാണ് കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശനത്തിന് എത്തിയത്. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഇ കാസിം, എംഡി ഡോ. കെ എ രതീഷ്, കാഷ്യൂ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ഷഹാല്‍ ഹസ്സന്‍ മുസലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികള്‍ കശുവണ്ടി തല്ലുന്നത് സമിതി അംഗങ്ങള്‍ കൌതുകത്തോടെ വീക്ഷിച്ചു. സമിതി അംഗമായ കെ എന്‍ ബാലഗോപാല്‍ എംപി ഫാക്ടറിയിലെ ഓരോ സെക്ഷന്റെയും പ്രവര്‍ത്തനം വിശദീകരിച്ചു. ബോര്‍മ, ഗ്രേഡിങ്, പാക്കിങ് വിഭാഗങ്ങള്‍, അടുത്തിടെ സ്ഥാപിച്ച ഓട്ടോമാറ്റിക് ടിന്‍ ഫാക്ടറി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ തോട്ടണ്ടി ഭക്ഷ്യോല്‍പ്പന്നമായ കശുവണ്ടിപ്പരിപ്പാക്കി മാറ്റുന്നതുവരെയുള്ള വിവിധ ഘട്ടങ്ങള്‍ നേരിട്ടു മനസ്സിലാക്കി.

കശുവണ്ടിപ്പരിപ്പ് രുചിച്ചുനോക്കിയ അംഗങ്ങള്‍ അതിശയകരമെന്നാണ് അഭിപ്രായപ്പെട്ടത്. പലരും ആദ്യമാണ് കശുവണ്ടിയുടെ രുചി അറിഞ്ഞത്. ഫാക്ടറിയിലെ അടിസ്ഥാന സൌകര്യങ്ങളില്‍ സമിതി അംഗങ്ങള്‍ തൃപ്തി രേഖപ്പെടുത്തി. രണ്ട് അംഗങ്ങള്‍ ഭാര്യാസമേതമാണ് എത്തിയത്. ആറംഗ ഉദ്യോഗസ്ഥ സംഘവും അനുഗമിച്ചു. സമിതി അംഗങ്ങള്‍ക്ക് സമ്മാനമായി കശുവണ്ടി പരിപ്പ് നല്‍കി. കാപ്പക്സ് ചെയര്‍മാന്‍ ബി തുളസീധരക്കുറുപ്പും ഫാക്ടറിയില്‍ എത്തിയിരുന്നു.

deshabhimani 300111

1 comment:

  1. കൊല്ലം കേന്ദ്രമായി കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കശുവണ്ടിയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊല്ലം കേന്ദ്രമായി വാണിജ്യമന്ത്രാലയത്തിനു കീഴില്‍തന്നെ കാഷ്യൂ ബോര്‍ഡ് സ്ഥാപിക്കാന്‍ സമിതി ശുപാര്‍ശ നല്‍കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് റിലേറ്റഡ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ കൊമേഴ്സ് ചെയര്‍മാന്‍ ശാന്തകുമാര്‍ പറഞ്ഞു. രാജ്യത്തെ കൃഷി, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റി പഠനയാത്രയുടെ ഭാഗമായി കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍ ഫാക്ടറി സന്ദര്‍ശിച്ച ശേഷം അറിയിച്ചതാണിത്.

    ReplyDelete