Friday, January 28, 2011

കള്ളപ്പണം: നടപടി ഒരാഴ്ചയ്ക്കകം അറിയിക്കണം-സുപ്രീംകോടതി

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഒരാഴ്ചയ്ക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്ന് ജസ്റിസ് സുദര്‍ശന്‍റെഡ്ഡി തലവനായ സുപ്രീംകോടതി ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്റെ ഉറവിടമേതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. കള്ളപ്പണം തടയാനുള്ള ആഗോളശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ചട്ടം എന്തുകൊണ്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും കേന്ദ്ര വിജിലന്‍സ് കമീഷനോടും കോടതി ആവശ്യപ്പെട്ടു. ആയുധവ്യാപാരം, മയക്കുമരുന്ന് കടത്ത്, കള്ളക്കടത്ത് എന്നീ വഴിക്കുള്ള കള്ളപ്പണത്തെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. വിദേശ ബാങ്കുകളില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കണം. ഏതാനും ചിലര്‍ നിയമത്തിന് അതീതരാണെന്ന ധാരണയുണ്ട്. കള്ളപ്പണം ഉല്‍ക്കണ്ഠാജനകമായ പ്രശ്നമാണ്. കള്ളപ്പണം നിക്ഷേപിച്ചത് ആരൊക്കെയെന്ന് സര്‍ക്കാരിന് അറിയാം. എവിടെയാണ് നിക്ഷേപിച്ചതെന്നും അറിയാം. എന്നിട്ടും ഇരട്ടനികുതി പ്രശ്നം മാത്രമായാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്-കോടതി കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര കരാറനുസരിച്ച് കള്ളപ്പണം തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഈ വിഷയത്തെ ഗൌരവമായല്ല സമീപിക്കുന്നതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അനില്‍ ദിവാനും മുന്‍ നിയമമന്ത്രി രാംജത്മലാനിയും കുറ്റപ്പെടുത്തി. അന്വേഷണം നേരിടുന്ന പുണെയിലെ ഹസ്സന്‍ അലി വിദേശത്തേക്ക് കടന്നതുതന്നെ ഇതിന് ഉദാഹരണമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച ഹസ്സന്‍ അലി രാജ്യത്തുണ്ടോ അതോ വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. അടുത്ത വ്യാഴാഴ്ച കോടതി വീണ്ടും വാദം കേള്‍ക്കും. ജനുവരി 19ന് കേസ് പരിഗണിച്ച സുപ്രീംകോടതി കള്ളപ്പണത്തിന്റെ പൂര്‍ണവിവരം പുറത്തുവിടാത്ത സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദേശീയ സമ്പത്ത് വിദേശത്തേക്ക് കൊണ്ടുപോകുന്നത് കൊള്ളയാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 280111

1 comment:

  1. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് ഒരാഴ്ചയ്ക്കകം സുപ്രീംകോടതിയെ അറിയിക്കണമെന്ന് ജസ്റിസ് സുദര്‍ശന്‍റെഡ്ഡി തലവനായ സുപ്രീംകോടതി ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കള്ളപ്പണത്തിന്റെ ഉറവിടമേതെന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

    ReplyDelete