Saturday, January 29, 2011

കുറ്റപത്രം കേന്ദ്രസര്‍ക്കാരിനെതിരെ

ഇത്രയധികം ഗുരുതരമായ ആരോപണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ ഇതിനുമുമ്പ് കേന്ദ്രം ഭരിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാന്‍ കഴിയും. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ എല്ലാ റെക്കോഡും ഭേദിച്ചിരിക്കുന്നു. ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച ബഹുഭൂരിപക്ഷംപേരും തികഞ്ഞ നിരാശയിലാണ്. സര്‍ക്കാരിനെ നാളിതുവരെ അനുകൂലിച്ച പല പ്രമുഖരും എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പത്മവിഭൂഷണ്‍ ജേതാവും വ്യവസായപ്രമുഖനുമായ അസിം പ്രേംജിപോലും തികഞ്ഞ നിരാശനാണെന്നു പരസ്യമായി പറയാന്‍ നിര്‍ബന്ധിതനായി. പ്രേംജി മാത്രമല്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, ദീപക് പരേഖ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായിരുന്ന എം നരസിംഹം, ബിമല്‍ ജലാന്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. കേന്ദ്രഭരണം തകര്‍ച്ചയിലാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നത് ഗൌരവമായി കാണാതിരിക്കാന്‍ കഴിയുന്നതല്ല. യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ എതിര്‍ചേരിയിലുള്ളവരല്ല ഇവര്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ബഹുമാനിക്കുന്നവരും അദ്ദേഹത്തിന്റെ ഉറ്റ മിത്രങ്ങളായിരുന്നവരും അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നു സംശയിക്കുന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശം ചൊരിയേണ്ടിവന്നത് അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണേണ്ടതുണ്ട്. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റിയുള്ള അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കാന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ തയ്യാറായത്. 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നുവെന്ന് സിഎജി ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോള്‍ ഒരു രൂപപോലും നഷ്ടം വന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഇതിന് വിശദീകരണം ആവശ്യപ്പെടാന്‍ സുപ്രീംകോടതിയുടെ ഡിവിഷന്‍ബെഞ്ച് നിര്‍ബന്ധിതമായി.

ഇന്ത്യയെ കൊള്ളയടിച്ച ഇരുപതുലക്ഷം കോടിയില്‍പ്പരം രൂപ വിദേശബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ളതായി വിവരം ലഭിച്ചപ്പോള്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് കേവലം നികുതിയുടെമാത്രം പ്രശ്നമായി നിസ്സാരവല്‍ക്കരിച്ചു കാണാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. കൊള്ളചെയ്ത പണം നിക്ഷേപിച്ച കൊള്ളക്കാരുടെ പേര് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതും കോടതിക്ക് വിമര്‍ശിക്കേണ്ടിവന്നു. വിവരം വെളിപ്പെടുത്തുന്നത് വിദേശരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് യോജിച്ചതല്ലെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായത്. കൊള്ളയടിച്ച പണത്തിന്റെ നിക്ഷേപം നികുതി വെട്ടിപ്പിന്റെമാത്രം പ്രശ്നമല്ലെന്നും വളരെ ഗൌരവമുള്ള പ്രശ്നമാണെന്നും കോടതിക്ക് പറയേണ്ടിവന്നു. അഴിമതിക്കാരെയും കൊള്ളക്കാരെയും രക്ഷിക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇതില്‍നിന്നെല്ലാം പുറത്തുവരുന്നത്.

ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ക്രമാതീതമായ വിലക്കയറ്റത്തിന് നാളെ പരിഹാരംകാണും, മറ്റന്നാള്‍ പരിഹാരംകാണും എന്ന് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് വില തുടര്‍ച്ചയായി ഉയര്‍ത്തുന്ന നിലയുണ്ടായത്. ഏറ്റവും ഒടുവില്‍ ലിറ്ററിന് രണ്ടുരൂപ അമ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി വില കുത്തനെ ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത നിലയുണ്ടായി. അങ്ങനെയാണ് പെട്രോളിന്റെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കിയത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവല്ല. അദ്ദേഹം ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ഉടന്‍ അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ് അനുയായികള്‍ വിശ്വസിക്കുന്നത്. പ്ളാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പറയുന്നത് ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണം എടുത്തുകളയണമെന്നാണ്. കേന്ദ്ര പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി തല്‍ക്കാലം രണ്ടിന്റെയും വിലനിയന്ത്രണം എടുത്തുകളയാനാകില്ലെന്നു പറയുന്നു. എന്നാല്‍ പെട്രോളിന്റെ വിലനിയന്ത്രണം പുനസ്ഥാപിക്കാന്‍ തയ്യാറില്ലതാനും. പെട്രോളിന്റെ അനിയന്ത്രിതമായ വിലക്കയറ്റം തുടരുമെന്നുതന്നെയാണ് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടി പറയുന്നതില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ കേന്ദ്രത്തില്‍ നിര്‍ബന്ധംചെലുത്തുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ യാത്ര അവസാനിക്കുന്നതിനുമുമ്പ് പെട്രോളിന്റെ വര്‍ധിപ്പിച്ച വില കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പറയുന്നതിന് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെന്ന് സമ്മതിക്കാം. ഉമ്മന്‍ചാണ്ടിയുടെ യാത്ര അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിയിലും ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്നതിലും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.

മറിച്ച് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിലും ജനക്ഷേമ നടപടികളിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണുള്ളത്. കേരള ഗവര്‍ണറുടെ റിപ്പബ്ളിക്ദിന സന്ദേശത്തില്‍ കേരള സര്‍ക്കാരിനെ മാതൃകയായി എടുത്തുകാണിച്ചിരിക്കുന്നു. ഗവര്‍ണറുടെ പ്രസംഗത്തില്‍നിന്ന് ഏതാനും വാചകങ്ങള്‍ ഉദ്ധരിക്കേണ്ടതുണ്ട്.

"അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വലിയൊരളവുവരെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നതും നേട്ടമാണ്. കര്‍ഷകര്‍ക്ക് വായ്പാസൌകര്യം ഏര്‍പ്പെടുത്താനായതും നേട്ടമാണ്. മികച്ച ഭരണം പ്രദാനംചെയ്യുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അധികാരവികേന്ദ്രീകരണ പ്രക്രിയ സംസ്ഥാനത്ത് എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപ്രക്രിയയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തിലും പ്രതിഫലിക്കും. വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണ്. ദുര്‍ബല ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പാക്കേജുകള്‍ എടുത്തുപറയാവുന്ന നേട്ടമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണം തുടങ്ങിയവയ്ക്കുവേണ്ടി നടക്കുന്ന ശ്രമങ്ങളെല്ലാം ശ്ളാഘനീയമാണെ''ന്നും ഗവര്‍ണര്‍ ആര്‍ എസ് ഗവായ് പറഞ്ഞു.

ഇത് ഉമ്മന്‍ചാണ്ടിക്കുള്ള മറുപടിയായി കരുതുന്നതായിരിക്കും ഉചിതം. ഇതൊക്കെ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റപത്രം ഡല്‍ഹിയില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതായിരിക്കും കരണീയം.

ദേശാഭിമാനി മുഖപ്രസംഗം 290111

1 comment:

  1. ഇത്രയധികം ഗുരുതരമായ ആരോപണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ ഇതിനുമുമ്പ് കേന്ദ്രം ഭരിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാന്‍ കഴിയും. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ എല്ലാ റെക്കോഡും ഭേദിച്ചിരിക്കുന്നു. ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച ബഹുഭൂരിപക്ഷംപേരും തികഞ്ഞ നിരാശയിലാണ്. സര്‍ക്കാരിനെ നാളിതുവരെ അനുകൂലിച്ച പല പ്രമുഖരും എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു

    ReplyDelete