Saturday, February 26, 2011

കോച്ച്, വാഗണ്‍ ഫാക്ടറികള്‍ക്ക് തുകയില്ല

ന്യൂഡല്‍ഹി: പത്തു വണ്ടിയും രണ്ടു മെമു സര്‍വീസും കേരളത്തിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോള്‍ ബജറ്റ് രേഖകളില്‍ തെളിയുന്നത് വ്യത്യസ്ത ചിത്രം. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പ്രതീക്ഷിച്ച തുക ഇക്കുറിയുമില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കും ചേര്‍ത്തല ബോഗി ഘടകനിര്‍മാണ യൂണിറ്റിനും ഒരു രൂപ പോലും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മെമു സര്‍വീസിനും ആവശ്യമായ പണം നീക്കിവച്ചില്ല. മലബാറിനോടുള്ള അവഗണന തുടരുന്നു. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുകയാണ് കേരളത്തിലെ റെയില്‍ വികസനത്തിന് അനിവാര്യം. ആകെ 160 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കാനുള്ളതെങ്കിലും പണി വര്‍ഷങ്ങളായി ഇഴയുകയാണ്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് 1090 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. എന്നാല്‍, ബജറ്റില്‍ അനുവദിച്ചത് 229 കോടി മാത്രം. പണി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പുതുതായി പ്രഖ്യാപിച്ച വണ്ടികള്‍ എങ്ങനെ ഓടിക്കുമെന്ന ആശങ്കയിലാണ് റെയില്‍വേ അധികൃതര്‍.

ഷൊര്‍ണൂര്‍- മംഗളൂരു പാതയുടെ വൈദ്യുതീകരണമാണ് കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യം. ബജറ്റില്‍ ഷൊര്‍ണൂര്‍- മംഗളൂരു- പനമ്പൂര്‍ പാതയ്ക്കായി (ആകെ 328 കിലോമീറ്റര്‍) അനുവദിച്ചത് 51 കോടി. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 250 കോടിയാണ് കണക്കാക്കുന്നത്. ഈ നിലയില്‍ വൈദ്യുതീകരണവും വര്‍ഷങ്ങള്‍ നീളും. റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 192 കോടിയോളം രൂപയാണ് വേണ്ടത്. അനുവദിച്ചത് 13.75 കോടി മാത്രം.

പാലക്കാട് റെയില്‍ കോച്ച് ഫാക്ടറിയെയും ചേര്‍ത്തല ബോഗിഘടകനിര്‍മാണ യൂണിറ്റിനെയും വീണ്ടും തഴഞ്ഞതാണ് വലിയ തിരിച്ചടിയാകുക. ലാലുപ്രസാദ് യാദവ് റെയില്‍ മന്ത്രിയായിരിക്കെ നാലുവര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണ് കോച്ച് ഫാക്ടറി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും ഇതോടൊപ്പം കോച്ച് ഫാക്ടറി പ്രഖ്യാപിച്ചിരുന്നു. റായ്ബറേലി ഫാക്ടറിയില്‍ നിന്ന് മൂന്നുമാസത്തിനകം ആദ്യ കോച്ച് പുറത്തിറങ്ങുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മമത പ്രഖ്യാപിച്ചു. പാലക്കാടിന്റെ കാര്യത്തില്‍ പതിവ് ഉറപ്പുമാത്രം. ഫാക്ടറിക്ക് ആവശ്യമായ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ കഞ്ചിക്കോട്ട് ഏറ്റെടുത്തിട്ട് ഒരുവര്‍ഷം കഴിഞ്ഞു. സ്വന്തം നിലയില്‍ പണം മുടക്കാന്‍ റെയില്‍വേ കാട്ടുന്ന വിമുഖതയാണ് നിലനില്‍ക്കുന്ന ഏക തടസ്സം. റായ്ബറേലിയില്‍ പൂര്‍ണമായും റെയില്‍വേയാണ് പണം മുടക്കിയത്. ചേര്‍ത്തലയിലെ ബോഗി ഘടകനിര്‍മാണ യൂണിറ്റ് പുതിയ പദ്ധതിയെന്ന രീതിയില്‍ മമത ആവര്‍ത്തിച്ചിട്ടുണ്ട്. ചേര്‍ത്തല ഫാക്ടറി പ്രഖ്യാപനവും നാലുവര്‍ഷം മുമ്പു നടന്നതാണ്. ബജറ്റിലെ വരവുചെലവു ഭാഗത്ത് ചേര്‍ത്തല പദ്ധതിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തുകയൊന്നും നീക്കിവച്ചില്ല. 85 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
(എം പ്രശാന്ത്)

റെയില്‍ ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

കോട്ടയം: റെയില്‍വേ ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കാനുളള നടപടി ആയിട്ടില്ല. ചേര്‍ത്തലയില്‍ വാഗ ഫാക്ടറി ആരംഭിക്കാത്തത് റെയില്‍വേയുടെ അനാസ്ഥ മൂലമാണ്. കാര്യങ്ങള്‍ സമയത്ത് ചെയ്തിരുന്നെങ്കില്‍ ഫാക്ടറി കമ്മീഷന്‍ ചെയ്യാനായേനെ. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. ബജറ്റിലെ പല കാര്യങ്ങളും ആത്മാര്‍ഥതയില്ലാത്ത ഒഴുക്കന്‍ മട്ടിലുളള പ്രസ്താവനകള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിരാശാജനകം: എംപിമാര്‍

ന്യൂഡല്‍ഹി: സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ കേരളത്തിന് കാര്യമായ പദ്ധതികള്‍ ഇല്ലെന്ന് ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ പ്രതികരിച്ചു. ഓരോവര്‍ഷവും കൂടുതല്‍ സര്‍വീസും പാതയും പ്രഖ്യാപിക്കുമ്പോള്‍ അതിനാവശ്യമായ ജീവനക്കാരുടെ അഭാവം പരിഗണിക്കുന്നില്ല. ഇത് ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. 1.75 ലക്ഷം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. നേരത്തെ 18 ലക്ഷമായിരുന്ന റെയില്‍വേ ജീവനക്കാരുടെ അംഗസംഖ്യ 13 ലക്ഷമായി കുറയ്ക്കുമ്പോള്‍ സാധരണക്കാര്‍ക്ക് എങ്ങനെ മെച്ചപ്പെട്ട സേവനംലഭിക്കും. കേരളത്തിന് 12 വണ്ടികള്‍ അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവ തുടങ്ങുമെന്ന് പ്രഖ്യാപനമേയുള്ളൂ. ഇതിന് പണം നീക്കിവച്ചിട്ടില്ല.

മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മലയാളികളുടെ യാത്രാസൌകര്യം വര്‍ധിപ്പിക്കാന്‍ നടപടി വേണ്ടതാണ്. രാജധാനി, സമ്പര്‍ക്രാന്തി, തുരന്തോ എക്സ്പ്രസുകളുടെ സര്‍വീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേരളത്തിന് പ്രത്യേക പാസഞ്ചറുകളും ആവശ്യമാണ്. മലബാറിലെ യാത്രാക്ളേശത്തിന് പരിഹാരമായിട്ടില്ലെന്നും പി കരുണാകരന്‍ പറഞ്ഞു. റെയില്‍ ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കപ്പെട്ടില്ലെന്ന് പി രാജീവ് അഭിപ്രായപ്പെട്ടു. രാജധാനി എക്സ്പ്രസ് പ്രതിദിനമാക്കണമെന്നും ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വേണമെന്നുമുള്ള ആവശ്യവും കണ്ടില്ലെന്ന് നടിച്ചു. ബംഗളൂരുവില്‍നിന്ന് പ്രതിദിന ട്രെയിന്‍ വേണമെന്നും മലയാളികള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. കോച്ച് ഫാക്ടറിക്ക് തുക വകയിരുത്തിയിട്ടില്ല. വൈദ്യുതീകരണം, പാത ഇരട്ടിപ്പിക്കല്‍ എന്നിവയിലും കേരളം പിന്തള്ളപ്പെട്ടെന്നും പി രാജീവ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചില വാഗ്ദാനങ്ങള്‍ നിറച്ച ബജറ്റ് യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. സുപ്രധാന പദ്ധതികളുടെ കാര്യത്തില്‍ കേരളത്തെ അവഗണിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രാക്ളേശം പരിഗണിച്ച് പുതിയ വണ്ടി വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. അടിസ്ഥാന സൌകര്യവികസനത്തില്‍ കേരളത്തോട് കടുത്ത അനീതിയാണ് മമത ബാനര്‍ജി കാട്ടിയതെന്ന് ടി എന്‍ സീമ പറഞ്ഞു. കേരളത്തിന്റെ ദീര്‍ഘകായ ആവശ്യങ്ങളോട് റെയില്‍ബജറ്റ് നീതിപുലര്‍ത്തിയില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങള്‍ പലതും പ്രഖ്യാപനങ്ങളായി അവശേഷിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച വണ്ടികള്‍ പലതും മുമ്പും പ്രഖ്യാപിച്ചിരുന്നതാണ്. ചില ട്രെയിനുകള്‍ അല്ലാതെ അടിസ്ഥാന സൌകര്യവികസനത്തിനായി കാര്യമായ പദ്ധതികള്‍ ഒന്നുമില്ല. മുന്‍ ബജറ്റിലെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തതെന്നും ബിജു പറഞ്ഞു. അടിസ്ഥാനസൌകര്യവികസനത്തില്‍ കേരളത്തെ പരിഗണിക്കാത്ത ബജറ്റ് നിരാശയുണര്‍ത്തുന്നതാണെന്ന് എ സമ്പത്ത് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ യാത്രാക്ളേശം പരിഹരിക്കാന്‍ മതിയായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചില പുതിയ വണ്ടികള്‍ പ്രഖ്യാപിച്ചുകൊണ്ട് മമതാ ബാനര്‍ജി കേരളത്തെ കബളിപ്പിക്കുകയായിരുന്നെന്ന് എം പി അച്യുതന്‍ പ്രതികരിച്ചു.

deshabhimani 260211

1 comment:

  1. പത്തു വണ്ടിയും രണ്ടു മെമു സര്‍വീസും കേരളത്തിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോള്‍ ബജറ്റ് രേഖകളില്‍ തെളിയുന്നത് വ്യത്യസ്ത ചിത്രം. പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പ്രതീക്ഷിച്ച തുക ഇക്കുറിയുമില്ല. പുതിയ പദ്ധതി പ്രഖ്യാപനങ്ങളുമില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കും ചേര്‍ത്തല ബോഗി ഘടകനിര്‍മാണ യൂണിറ്റിനും ഒരു രൂപ പോലും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മെമു സര്‍വീസിനും ആവശ്യമായ പണം നീക്കിവച്ചില്ല. മലബാറിനോടുള്ള അവഗണന തുടരുന്നു. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുകയാണ് കേരളത്തിലെ റെയില്‍ വികസനത്തിന് അനിവാര്യം. ആകെ 160 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കാനുള്ളതെങ്കിലും പണി വര്‍ഷങ്ങളായി ഇഴയുകയാണ്. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുന്നതിന് 1090 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. എന്നാല്‍, ബജറ്റില്‍ അനുവദിച്ചത് 229 കോടി മാത്രം. പണി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പുതുതായി പ്രഖ്യാപിച്ച വണ്ടികള്‍ എങ്ങനെ ഓടിക്കുമെന്ന ആശങ്കയിലാണ് റെയില്‍വേ അധികൃതര്‍.

    ReplyDelete