Friday, February 25, 2011

അപവാദംകൊണ്ട് ജനവികാരം മാറ്റാനാവില്ല: പിണറായി

പാലക്കാട്: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നെറികേടുകളുടെ ഘോഷയാത്രയുമായി യുഡിഎഫ് ഇറങ്ങിയിരിക്കുകയാണ്. കെട്ടിച്ചമച്ച ആരോപണങ്ങളുമായി വരുന്ന യുഡിഎഫ് സ്വയം അപഹാസ്യരാവുകയാണെന്നും പുതുശേരിയില്‍ സിപിഐ എം റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം നിയമസഭയില്‍ നേര്‍ക്കുനേര്‍ നിന്നിട്ടും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. കേസുകളില്‍പ്പെട്ട് സ്വയം അപകീര്‍ത്തിപ്പെട്ട യുഡിഎഫ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും മകനുമെതിരെ ആരോപണം ഉന്നയിച്ച് പരിഹാസ്യരാവുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ബോധ്യത്തെ മാറ്റാനാവില്ല. യുഡിഎഫ് രക്ഷപ്പെടുകയല്ല, കൂടുതല്‍ ഒറ്റപ്പെടുകയാണ് ഉണ്ടാവുക.

യുഡിഎഫ് നേതാക്കള്‍ കേസുകളില്‍ കുടുങ്ങുന്നതിന് എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യുഡിഎഫ് നേതാക്കള്‍ തന്നെയാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഐസ്ക്രീം പാര്‍ലര്‍കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവും പാര്‍ടിയുടെ സംസ്ഥാനസെക്രട്ടറി എം കെ മുനീര്‍ ചെയര്‍മാനായ ടിവി ചാനലുമാണ്. ഈ പ്രശ്നത്തില്‍ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ആര്‍ ബാലകൃഷ്ണപ്പിള്ള ജയിലില്‍ കിടക്കാന്‍ ഇടയായ ഇടമലയാര്‍ കേസില്‍, ഇന്നത്തെ യുഡിഎഫ്കവീനര്‍ പി പി തങ്കച്ചന്‍ അംഗമായ നിയമസഭാസമിതിയാണ് ക്രമക്കേട് നടന്നതായി ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി കേസെടുത്തു. ഇതിനായി നിയോഗിച്ച പ്രത്യേക കോടതിയാണ് പിള്ള കുറ്റക്കാരനാണെന്നു വിധിച്ചത്. ഇത് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍,ഇതിനെതിരെ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്.

ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ട് കെ സുധാകരന്‍ എംപി തന്നെയല്ലേ ജഡ്ജിക്ക് പണം നല്‍കിയതിന് താന്‍ സാക്ഷിയാണെന്നു പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച നിയമാനുസൃതമായ അന്വേഷണമാണ് നടക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിക്കുവേണ്ടി മകള്‍ക്കും കെപിസിസി പ്രസിഡന്റിനും എക്സൈസ് മന്ത്രിക്കും ലക്ഷങ്ങള്‍ നല്‍കിയെന്ന് ബാര്‍ഉടമ തന്നെ പറഞ്ഞില്ലേ. യുഡിഎഫിലെ ജീര്‍ണതയാണ് ഇത് കാണിക്കുന്നത്. അധികാരത്തില്‍ എത്തിയാല്‍ എന്തെല്ലാമാണ് ഇവര്‍ കാണിക്കുയെന്നതിന് തെളിവല്ലേ ഇത്. ഇത്തരത്തില്‍ കരിപുരണ്ട യുഡിഎഫ് നേതൃത്വം, യോഗം ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനോട് അനുനയമില്ലെന്നു പറഞ്ഞത് തമാശയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പറയാന്‍ ഒന്നുമില്ലാത്തതിനാലാണ് തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തീരുമാനിച്ചത്. അതിനാലാണ് ആദ്യം എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയെക്കുറിച്ചും മകനെക്കുറിച്ചും ആരോപണം ഉന്നയിക്കുന്നത്. ഇത് ജനങ്ങള്‍ മനസ്സിലാക്കും. ഇത്തരത്തില്‍ ആരോപണം കൊണ്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനാകില്ല. അന്യസംസ്ഥാന ലോട്ടറിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ലോട്ടറിമാഫിയകള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. അന്യസംസ്ഥാന ലോട്ടറി വേണ്ടെന്ന് എല്‍ഡിഎഫ് പരസ്യമായി നിലപാട് എടുത്തിട്ടുള്ളതാണ്. എന്നാല്‍, ഈ ലോട്ടറിയെ നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ലോട്ടറിമാഫിയയുടെ സഹായം നേടിയതുകൊണ്ടാണ് കോണ്‍ഗ്രസ് നടപടിയെടുക്കാത്തത്. ഈ കാപട്യം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 250211

1 comment:

  1. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നെറികേടുകളുടെ ഘോഷയാത്രയുമായി യുഡിഎഫ് ഇറങ്ങിയിരിക്കുകയാണ്. കെട്ടിച്ചമച്ച ആരോപണങ്ങളുമായി വരുന്ന യുഡിഎഫ് സ്വയം അപഹാസ്യരാവുകയാണെന്നും പുതുശേരിയില്‍ സിപിഐ എം റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.

    ReplyDelete