Friday, February 25, 2011

ഉപചാരം ചൊല്ലാതെ പിരിഞ്ഞു

പ്ളാച്ചിമട പ്രത്യേക ട്രിബ്യൂണല്‍ ബില്‍, ധനവിനിയോഗ ബില്‍....പതിനേഴാം സമ്മേളനത്തിന്റെ അവസാനനാളിലെ കാര്യവിവരപ്പട്ടിക ഗൌരവമേറിയതായിരുന്നു. പക്ഷെ, അതെല്ലാം വിട്ടേക്ക് എന്ന മട്ടുംഭാവവുമായെത്തിയ പ്രതിപക്ഷവും നേരിടാനുറച്ച് ഭരണപക്ഷവും പോര്‍ച്ചട്ട അണിഞ്ഞതോടെ സഭാതലം മുറുകി. ശൂന്യവേളയില്‍തന്നെ ശബ്ദായമാനമായ രംഗങ്ങള്‍. ഒടുവില്‍ ഉപചാരം ചൊല്ലി പിരിയാന്‍ പോലും ഇടനല്‍കാതെ പടിയിറക്കം. ഇതിനിടെ ഇരുബില്ലുകളും ചര്‍ച്ചകൂടാതെ പാസാക്കി. പ്രവാസി മലയാളികളുടെ പ്രശ്നം സംബന്ധിച്ച പി വിശ്വന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി മേശപ്പുറത്ത് വയ്ക്കുകയുംചെയ്തു. അനിശ്ചിതകാലത്തേയ്ക്ക് സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. മുദ്രാവാക്യം വിളിയോടെ ആദ്യം പ്രതിപക്ഷവും പിന്നാലെ മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷവും സഭ വിട്ടു.

ജസ്റിസ് മോഹന്‍കുമാര്‍ കമീഷനെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കെ ശിവദാസന്‍നായരുടെ നോട്ടീസാണ് കൊട്ടിക്കലാശത്തിന് വഴിതെളിച്ചത്. മുമ്പ് രണ്ടുതവണ ചര്‍ച്ച ചെയ്ത ഈ വിഷയം വീണ്ടും പരിഗണിക്കാന്‍ ആകില്ലെന്ന് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷത്ത് രോഷം. ചര്‍ച്ച ചെയ്താലെന്താ എന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. ചര്‍ച്ചയില്ലെന്ന് സ്പീക്കറും. മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാവീണതു പോലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളിയുള്‍പ്പെടെ പതിവ് കലാവിരുന്ന് അവര്‍ പുറത്തെടുത്തു. ഭരണപക്ഷവും വിടാന്‍ ഭാവമില്ലെന്ന് സൂചന നല്‍കി. ഇരിപ്പിടങ്ങളിലേക്ക് പോകണമെന്ന സ്പീക്കറുടെ അഭ്യര്‍ഥനയും വിഫലമായി. അവസാനദിവസമാണ് സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞുനോക്കിയെങ്കിലും പ്രതിപക്ഷത്ത് കുലുക്കമില്ല.

ഇതോടെ കാര്യവിവരപ്പട്ടികയിലേക്ക് സ്പീക്കര്‍ കടന്നു. മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പ്ളാച്ചിമട ട്രിബ്യൂണല്‍ ബില്ലും ധനമന്ത്രി തോമസ് ഐസക് ധനവിനിയോഗ ബില്ലും അവതരിപ്പിച്ചു. ഇതിനിടെ പ്രതിപക്ഷം പ്രകടനമായി സഭയില്‍നിന്നും ഇറങ്ങി. പോകുന്നതിനിടെ പോരാട്ടവീര്യത്തിന് ഇടവേള നല്‍കി പലരും പരസ്പരം ഹസ്തദാനം നല്‍കുന്നതിനും സഭ സാക്ഷ്യം വഹിച്ചു.

പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ സ്പീക്കര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. 2006 മെയ് 18ന് നിലവില്‍ വന്ന സഭ ഇതിനകം 253 ദിവസം സമ്മേളിച്ചതായി അദ്ദേഹം അറിയിച്ചു. സമ്മേളനം വിജയിപ്പിച്ചതിലുള്ള സന്തുഷ്ടിയും സ്പീക്കര്‍ വ്യക്തമാക്കി. സഭയുടെ പ്രവര്‍ത്തനം വിജയത്തിലെത്തിക്കുന്നതിന് സ്പീക്കര്‍ നല്‍കിയ സംഭാവനകളെ മുഖ്യമന്ത്രിയും അനുസ്മരിച്ചു. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളിലേക്കും അദ്ദേഹം ശ്രദ്ധക്ഷണിച്ചു. സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചതോടെ പന്ത്രണ്ടാം കേരള നിയമസഭ ചരിത്രത്തിലേയ്ക്ക് വിടവാങ്ങി.
(കെ ശ്രീകണ്ഠന്‍)

deshabhimani 250211

1 comment:

  1. പ്ളാച്ചിമട പ്രത്യേക ട്രിബ്യൂണല്‍ ബില്‍, ധനവിനിയോഗ ബില്‍....പതിനേഴാം സമ്മേളനത്തിന്റെ അവസാനനാളിലെ കാര്യവിവരപ്പട്ടിക ഗൌരവമേറിയതായിരുന്നു. പക്ഷെ, അതെല്ലാം വിട്ടേക്ക് എന്ന മട്ടുംഭാവവുമായെത്തിയ പ്രതിപക്ഷവും നേരിടാനുറച്ച് ഭരണപക്ഷവും പോര്‍ച്ചട്ട അണിഞ്ഞതോടെ സഭാതലം മുറുകി. ശൂന്യവേളയില്‍തന്നെ ശബ്ദായമാനമായ രംഗങ്ങള്‍. ഒടുവില്‍ ഉപചാരം ചൊല്ലി പിരിയാന്‍ പോലും ഇടനല്‍കാതെ പടിയിറക്കം. ഇതിനിടെ ഇരുബില്ലുകളും ചര്‍ച്ചകൂടാതെ പാസാക്കി. പ്രവാസി മലയാളികളുടെ പ്രശ്നം സംബന്ധിച്ച പി വിശ്വന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി മേശപ്പുറത്ത് വയ്ക്കുകയുംചെയ്തു. അനിശ്ചിതകാലത്തേയ്ക്ക് സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. മുദ്രാവാക്യം വിളിയോടെ ആദ്യം പ്രതിപക്ഷവും പിന്നാലെ മന്ത്രിമാരുള്‍പ്പെടെ ഭരണപക്ഷവും സഭ വിട്ടു.

    ReplyDelete