Friday, February 25, 2011

വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാനായില്ല: പ്രധാനമന്ത്രി

വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കുറ്റസമ്മതം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രി ഏറ്റുപറഞ്ഞത്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള അഴിമതികള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ടെലികോം നയം നടപ്പാക്കിയതില്‍ പാളിച്ചപറ്റിയിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

അതെ സമയം, ആന്‍ഡ്രിക്സ്- ദേവാസ് എസ് ബാന്‍ഡ് കരാറിന്റെ വിശദാംശങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ അവകാശപ്പെട്ടു. എന്നാല്‍, പ്രധാനമന്ത്രി കാര്യാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയും ബഹിരാകാശവകുപ്പ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷഉപദേഷ്ടാവുമൊക്കെ ചേര്‍ന്നെടുത്ത തീരുമാനം എന്തുകൊണ്ട് പ്രധാനമന്ത്രി അറിഞ്ഞില്ലെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയുണ്ടായില്ല.

പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെയും സഹമന്ത്രി വി നാരായണസ്വാമിയുടെയും മറുപടി തൃപ്തികരമല്ലെന്ന നിലപാടുമായി പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. വിശദചര്‍ച്ചയാകാമെന്ന് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി ഉറപ്പുനല്‍കിയപ്പോഴാണ് സഭ ശാന്തമായത്. ചോദ്യോത്തരവേളയില്‍ ആദ്യ ചോദ്യമായി സിപിഐ എമ്മിലെ ടി എന്‍ സീമയാണ് ആന്‍ഡ്രിക്സ്- ദേവാസ് പ്രശ്നം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നോ കരാര്‍ നടപടികളെന്നും എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നോ എന്നും സീമ ചോദിച്ചു. പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള ബഹിരാകാശവകുപ്പിന്റെ കീഴിലാണ് ആന്‍ഡ്രിക്സ്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ. അതല്ലെങ്കില്‍ മറ്റാരാണ് ഉത്തരവാദി- സീമ ആരാഞ്ഞു.

ഇവയൊന്നും സര്‍ക്കാരിന്റെ അനുമതിയ്ക്ക് വരാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ആന്‍ഡ്രിക്സ് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗം മാത്രമാണ്. കരാറിലെ ഉപഗ്രഹ സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് മന്ത്രിസഭ മുമ്പാകെ വന്നത്. ദേവാസുമായി ധാരണയുള്ള കാര്യം മന്ത്രിസഭാ കുറിപ്പില്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പിഎംഒയുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു.

പിഎംഒയിലെ ഉന്നത ഉദ്യോഗസ്ഥരും സഹമന്ത്രിയും പങ്കാളികളായിട്ടുള്ള ഒരുതീരുമാനം എങ്ങനെയാണ് പ്രധാനമന്ത്രി അറിയാതെ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ചോദിച്ചു. ഈ ചോദ്യത്തിനും മറുപടി നല്‍കാന്‍ മന്‍മോഹന്‍സിങ് തയ്യാറായില്ല. ആന്‍ഡ്രിക്സ്-ദേവാസ് കരാറിന്റെ എല്ലാവശവും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് അഴിമതി പുറത്തുവന്നപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്‍ പറഞ്ഞത്.

ദേശാഭിമാനി 250211

1 comment:

  1. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് ലോക്സഭയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ കുറ്റസമ്മതം. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രി ഏറ്റുപറഞ്ഞത്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള അഴിമതികള്‍ നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ടെലികോം നയം നടപ്പാക്കിയതില്‍ പാളിച്ചപറ്റിയിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

    ReplyDelete