Sunday, February 27, 2011

രാജ്യം മാതൃകയാക്കേണ്ട കേരളത്തിന്റെ നടപടി

വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ കേരളം ഒരിക്കല്‍കൂടി രാജ്യത്തിന് മാതൃക കാണിച്ചിരിക്കുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം 70 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുക. പ്രതിമാസം കാല്‍ ലക്ഷത്തിലധികം രൂപ വരുമാനമുള്ളവരും അഞ്ച് ഏക്കറിലധികം കൃഷിഭൂമി കൈവശമുള്ളവരുമായവര്‍ ഒഴികെയുള്ളവരെല്ലാം രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹരായിരിക്കും. വന്‍തോതില്‍ സബ്‌സിഡി നല്‍കിയായിരിക്കും സര്‍ക്കാര്‍ അരി ലഭ്യമാക്കുക. ഇപ്പോള്‍ 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍ ഇവരില്‍ ഉള്‍പ്പെടും. അവരില്‍ എ പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കണമെന്ന് കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷയുടെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ അവലംബിക്കുന്ന സമീപനത്തിന്റെ പശ്ചാത്തലത്തില്‍ വേണം കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെ കാണേണ്ടത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുമെന്നതായിരുന്നു രണ്ടാം യു പി എ സര്‍ക്കാരിന്റെ മുഖ്യ വാഗ്ദാനങ്ങളിലൊന്ന്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മൂന്ന് രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വാഗ്ദാനം ചെയ്തു. 2009 ല്‍ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ രാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ നൂറു ദിവസത്തിനകം ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കി. വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോഴും വാഗ്ദാനം ആവര്‍ത്തിക്കുകയല്ലാതെ, ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി നടത്തിയ നയ പ്രഖ്യാപനത്തില്‍ പറഞ്ഞത്.

ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ കമ്മി നേരിടുന്ന സംസ്ഥാനമാണ് കേരളം. അരിയ്ക്ക് മാത്രമല്ല, എല്ലാ അവശ്യ സാധനങ്ങള്‍ക്കും കേരളം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. രാജ്യത്തെ ഒരറ്റത്തു കിടക്കുന്ന കേരളത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവ് ഏറ്റവും കൂടുതലാണ്. എന്നിട്ടും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ആവശ്യക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കാന്‍ കേരളത്തിനു കഴിയുന്നു. പൊതു വിതരണ സംവിധാനം ശക്തവും വിപുലവുമാക്കിയതിലൂടെയാണ് ഇത് സാധ്യമായത്. റേഷന്‍ കടകള്‍ക്കു പുറമെ ഭക്ഷ്യ ധാന്യങ്ങളും മറ്റ് അവശ്യ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ അതിവിപുലമായ സംവിധാനം കേരളത്തിലുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലറ വില്‍പന ശൃംഖല വളര്‍ത്തികൊണ്ടുവന്നിരിക്കുന്നു. മാവേലിസ്റ്റോറുകള്‍ മുതല്‍ ഹൈപര്‍ മാര്‍ക്കറ്റുവരെയുള്ള വില്‍പന കേന്ദ്രങ്ങളുടെ ബൃഹത്തായ സംവിധാനമാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുള്ളത്. സഹകരണ വകുപ്പിനു കീഴിലുള്ള ചില്ലറ വില്‍പന കേന്ദ്രങ്ങളിലൂടെയും കുറഞ്ഞ വിലയ്ക്ക് അവശ്യസാധനങ്ങളെല്ലാം ലഭ്യമാക്കുന്നു. കമ്പോളത്തില്‍ നേരിട്ട് ഇടപെട്ട് വില നിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനും കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും കേരളം കൈക്കൊള്ളുന്ന ഫലപ്രദമായ നടപടികള്‍ക്ക് സഹായവും പിന്തുണയും നല്‍കാന്‍ യു പി എ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിലെ പൊതു വിതരണ സംവിധാനം തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം അനുവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിനുള്ള റേഷന്‍ വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. എ പി എല്‍ വിഭാഗത്തിനുള്ള റേഷന്‍ അരി വിഹിതത്തില്‍ 85 ശതമാനത്തിന്റെ വെട്ടിക്കുറവാണ് വരുത്തിയത്. ഭക്ഷ്യ ധാന്യ ഉല്‍പ്പാദനം വര്‍ധിച്ചാല്‍ വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു ഉറപ്പുനല്‍കിയിരുന്നതാണ്. അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കേരളത്തിന്റെ വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിച്ചില്ല. രണ്ട് രൂപയ്ക്ക് അരി നല്‍കുന്നതിന് കേന്ദ്ര പൂളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും കേന്ദ്രം അനുവദിച്ചില്ല.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് എല്ലാം രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന പരിപാടിക്ക് സഹായം നല്‍കാന്‍ കേന്ദ്രം മുന്നോട്ടുവരണം. സംഭരിച്ച അരിയും ഗോതമ്പും സൂക്ഷിച്ചുവയ്ക്കാന്‍ പ്രയാസപ്പെടുകയാണെന്നാണ് കേന്ദ്രം പറയുന്നത്. കെട്ടിക്കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍ ഒരു ഭാഗം, റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍ കേരളത്തിനു നല്‍കണം. അങ്ങനെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍  സംസ്ഥാനം കൈക്കൊള്ളുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കണം.

ജനയുഗം മുഖപ്രസംഗം 250211

1 comment:

  1. വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ കേരളം ഒരിക്കല്‍കൂടി രാജ്യത്തിന് മാതൃക കാണിച്ചിരിക്കുന്നു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാം രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം 70 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് പ്രയോജനം ചെയ്യുക. പ്രതിമാസം കാല്‍ ലക്ഷത്തിലധികം രൂപ വരുമാനമുള്ളവരും അഞ്ച് ഏക്കറിലധികം കൃഷിഭൂമി കൈവശമുള്ളവരുമായവര്‍ ഒഴികെയുള്ളവരെല്ലാം രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കാന്‍ അര്‍ഹരായിരിക്കും. വന്‍തോതില്‍ സബ്‌സിഡി നല്‍കിയായിരിക്കും സര്‍ക്കാര്‍ അരി ലഭ്യമാക്കുക. ഇപ്പോള്‍ 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് പുറമെ വിവിധ തൊഴിലാളി വിഭാഗങ്ങള്‍ ഇവരില്‍ ഉള്‍പ്പെടും. അവരില്‍ എ പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരുമുണ്ട്. രണ്ട് രൂപ നിരക്കില്‍ അരി ലഭിക്കണമെന്ന് കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം നല്‍കാന്‍ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്.

    ReplyDelete