Saturday, February 26, 2011

സമുദായ കാര്‍ഡിറക്കാന്‍ കുഞ്ഞാലിക്കുട്ടിവൃന്ദം

പെണ്‍‌വാണിഭക്കേസില്‍ പ്രതിക്കൂട്ടിലാകുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുസ്ളിംലീഗ് റാലി. ആദ്യറാലി മാര്‍ച്ച് ആറിന് കോഴിക്കോട്ട് നടക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവുമൊരുക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിയെ എഴുന്നള്ളിച്ചുള്ള വരവേല്‍പ്പിനും തീരുമാനമുണ്ട്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് അട്ടിമറിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അനുദിനം തെളിഞ്ഞുവരവെയാണ് നേതാവിനെ രക്ഷിക്കാന്‍ ലീഗ് രംഗത്തിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പെണ്‍‌വാണിഭ വിഷയം സമുദായത്തിനെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച് എതിര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ത അനുയായികള്‍ കോഴിക്കോട്ട് ലീഗ്ഹൌസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. അതോടൊപ്പം പെണ്‍‌വാണിഭവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും യോഗം കുറ്റപ്പെടുത്തി.

2003ല്‍ റജീന കുഞ്ഞാലിക്കുട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ സമാനതന്ത്രമാണ് പയറ്റിയിരുന്നത്. ഉംറ കഴിഞ്ഞുവന്ന കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂരില്‍ സ്വീകരണം നല്‍കുന്നതിനിടയിലാണ് വിമാനത്താവളം ആക്രമിച്ചതും പത്ര-മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചതും. ഇക്കുറിയും കുഞ്ഞാലിക്കുട്ടി ഉംറക്ക് പോകാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടത്തിവരികയാണ്. പടച്ചോന്‍ തന്റെ കൂടെയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം പരാമര്‍ശിക്കയുമുണ്ടായി.

ഐസ്ക്രീംകേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ബന്ധുവായ കെ എ റൌഫ് കോടതിയില്‍ മൊഴിനല്‍കുന്നത് പൂര്‍ത്തിയാകുന്നതോടെ നില കൂടുതല്‍ പരുങ്ങലിലാകും. ഈ സാഹചര്യത്തിലാണ് മതവിശ്വാസത്തിന്റെ തുറുപ്പിറക്കാനുള്ള തീരുമാനം. പാര്‍ടി നേതൃത്വത്തില്‍ ചര്‍ച്ചചെയ്യാതെ പ്രവര്‍ത്തകസമിതി തീരുമാനമെന്ന രൂപത്തിലാണ് റാലിയുടെ ആസൂത്രണം. കോഴിക്കോട് കടപ്പുറത്ത് പ്രതിരോധ റാലി. രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം.

കുഞ്ഞാലിക്കുട്ടി വിഷയത്തില്‍ പിന്തുണയുമായി പ്രകടനങ്ങള്‍ നടത്തണമെന്ന് യൂത്ത്ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഇതംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിച്ചുള്ള പരസ്യപ്രസ്താവനക്കുപോലും ലീഗ് യുവജനസംഘടന തയ്യാറായില്ല. നേരത്തെ സമുദായസംഘടനകളെ ഇളക്കിവിടാന്‍ നീക്കമുണ്ടായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ബ്ളാക്ക്മെയില്‍ ചെയ്തെന്ന വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ സുന്നി-മുജാഹിദ് സംഘടനകളൊന്നും കുഞ്ഞാലിക്കുട്ടിയുടെ പേരുപോലും ഇക്കാര്യത്തില്‍ പരാമര്‍ശിച്ചില്ല. മാത്രമല്ല ഈ പ്രശ്നത്തിലുയര്‍ന്നുവന്ന ധാര്‍മികത കാണാതിരിക്കരുതെന്ന അഭിപ്രായം ഇ കെ വിഭാഗം സുന്നികള്‍തന്നെ ലീഗ് സംസ്ഥാന പ്രസിഡന്റിന് മുന്നില്‍ ഉന്നയിച്ചു. സമുദായ സംഘടനയും യൂത്ത്ലീഗും ചൊല്‍പ്പടിക്ക് നില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് സ്വന്തക്കാരായ അനുയായികളെ ഇറക്കി വര്‍ഗീയകാര്‍ഡ് വീശാന്‍ റാലികള്‍ സംഘടിപ്പിക്കുന്നത്.
(പി വി ജീജോ)

കുഞ്ഞാലിക്കുട്ടിയെ തങ്ങള്‍ സംരക്ഷിക്കരുത്: ടി കെ ഹംസ

വണ്ടൂര്‍: കുഞ്ഞാലിക്കുട്ടിയെ പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ സംരക്ഷിക്കുന്നതെന്തിനാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ചോദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ കഥകളാണ് ഓരോദിവസവും പുറത്തുവരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഇനിയും തങ്ങള്‍ പിന്തുണയ്ക്കുന്നത് ശരിയല്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ വിവരങ്ങള്‍ പുറത്തുവിട്ടത് എല്‍ഡിഎഫോ ദേശാഭിമാനി പത്രമോ കൈരളി ചാനലോ അല്ല. 40 വര്‍ഷം ഒരുമിച്ച് നടന്ന ബന്ധു റൌഫാണ് എല്ലാം വെളിപ്പെടുത്തിയത്. എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ഹംസ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരായ പെണ്‍വാണിഭ കഥകള്‍ പുറത്തുപറഞ്ഞത് വീട്ടുകാര്‍ തന്നെയാണെന്ന് ജാഥാംഗമായ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. എല്ലാം വെളിപ്പെടുത്തിയ റൌഫ് അടുത്ത ബന്ധുവാണ്. അതിനാല്‍ കേട്ടകാര്യങ്ങള്‍ വിശ്വസിക്കാം. എല്ലാം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. യുഡിഎഫ് നേതാക്കളെ സ്വീകരിക്കാന്‍ ജയിലില്‍ എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലാവുദീന്റെ അത്ഭുതവിളക്കുപോലെ എന്തുചോദിച്ചാലും നല്‍കുന്ന സര്‍ക്കാരാണിത്. ജനങ്ങള്‍ക്കായി നിലകൊണ്ട സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉഴവൂര്‍ പറഞ്ഞു.

ദേശാഭിമാനി 260211

1 comment:

  1. പെണ്‍‌വാണിഭക്കേസില്‍ പ്രതിക്കൂട്ടിലാകുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുസ്ളിംലീഗ് റാലി. ആദ്യറാലി മാര്‍ച്ച് ആറിന് കോഴിക്കോട്ട് നടക്കും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവുമൊരുക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കുഞ്ഞാലിക്കുട്ടിയെ എഴുന്നള്ളിച്ചുള്ള വരവേല്‍പ്പിനും തീരുമാനമുണ്ട്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍‌വാണിഭക്കേസ് അട്ടിമറിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അനുദിനം തെളിഞ്ഞുവരവെയാണ് നേതാവിനെ രക്ഷിക്കാന്‍ ലീഗ് രംഗത്തിറങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. പെണ്‍‌വാണിഭ വിഷയം സമുദായത്തിനെതിരായ ആക്രമണമെന്ന് വിശേഷിപ്പിച്ച് എതിര്‍ക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ത അനുയായികള്‍ കോഴിക്കോട്ട് ലീഗ്ഹൌസില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു. അതോടൊപ്പം പെണ്‍‌വാണിഭവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ ലീഗിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നും യോഗം കുറ്റപ്പെടുത്തി.

    ReplyDelete