Saturday, February 26, 2011

ഭക്ഷ്യപണപ്പെരുപ്പവും വിലക്കയറ്റവും ആശങ്കാജനകം

ഭക്ഷ്യപണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഗുരുതരമായ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച 2010-11 വര്‍ഷത്തെ സാമ്പത്തിക അവലോകനത്തിലാണ് ഭക്ഷ്യപണപ്പെരുപ്പവും വിലക്കയറ്റവും സമ്പദ്ഘടനയ്ക്ക് പ്രധാന വെല്ലുവിളിയാണെന്ന് പറയുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പതുശതമാനം വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കുന്ന സര്‍വേ, ഭക്ഷ്യപണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതില്‍നിന്ന് 1.5 ശതമാനം വര്‍ധിച്ചതായി പറയുന്നു. സബ്സിഡിയും സമൂഹത്തില്‍ ദുര്‍ബല വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കും അവസാനിപ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കുന്ന സര്‍വേ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യസേവന മേഖല സ്വകാര്യവല്‍ക്കരിക്കണമെന്നും ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കാനും നിര്‍ദേശമുണ്ട്. ഈ മേഖലയില്‍ വിഭവങ്ങളുടെ അഭാവം മറികടക്കാന്‍ പൊതു-സ്വകാര്യ സംരംഭങ്ങള്‍ ആവശ്യമാണെന്ന് സര്‍വേ നിര്‍ദേശിക്കുന്നു. ഭക്ഷ്യപണപ്പെരുപ്പം ഭാവിയിലും തുടരും. ഈ പ്രവണത പ്രതിമാസം നിരീക്ഷിക്കേണ്ടതുണ്ട്. ഭക്ഷ്യപണപ്പെരുപ്പം തടയുന്നതിന് വിതരണസംവിധാനം മെച്ചപ്പെടുത്തണം. അതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയും അഴിമതി തടയുകയും വേണമെന്ന് നിര്‍ദേശിക്കുന്ന സര്‍വേ, പൂഴ്ത്തിവയ്പിന് ഇടയാക്കുന്ന സാഹചര്യങ്ങള്‍ പരാമര്‍ശിക്കുന്നേയില്ല.

ഭക്ഷ്യപണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് രണ്ടാം ഹരിതവിപ്ളവത്തിന് വഴിയൊരുക്കണമെന്നും സര്‍വേ നിര്‍ദേശിക്കുന്നു. വിലക്കയറ്റവും ഭക്ഷ്യപണപ്പെരുപ്പവും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് പറയുമ്പോള്‍ മറ്റു വികസ്വരരാജ്യങ്ങളില്‍ ഇവ കൂടുതലാണെന്ന് സര്‍വേ സമാശ്വസിക്കുന്നുണ്ട്. നവംബര്‍വരെയുള്ള കണക്കനുസരിച്ച് 2010ല്‍ ഭക്ഷ്യപണപ്പെരുപ്പത്തിന്റെ ശരാശരി നിരക്ക് 5.4 ശതമാനമാണ്. സമ്പദ്ഘടനയുടെ ഇരട്ട അക്കത്തിലേക്കുള്ള വളര്‍ച്ച വരുംവര്‍ഷത്തിലുമുണ്ടാവില്ലെന്നും സര്‍വേ പരോക്ഷമായി സമ്മതിക്കുന്നു.നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചനിരക്കായ 8.6 ശതമാനത്തില്‍നിന്ന് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 9 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നാണ് പ്രവചനം. ഈ ലക്ഷ്യം കൈവരിക്കാന്‍ ആഗോള വിപണിയിലെ ചാഞ്ചാട്ടവും മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധിയും അവശ്യവസ്തുക്കളുടെ വിലയിലുള്ള ചാഞ്ചാട്ടവും മറികടക്കേണ്ടതുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം 8.6 ശതമാനം വളര്‍ച്ച നേടിയത് സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടല്ലെന്ന് സര്‍വെ ചൂണ്ടിക്കാണിക്കുന്നു. നല്ല രീതിയില്‍ മഴ ലഭിച്ചതുകൊണ്ട് കാര്‍ഷികമേഖലയ്ക്ക് കുതിക്കാനായതുകൊണ്ടാണ് ഇത്രയെങ്കിലും വളര്‍ച്ച നേടാനായത്. ഉല്‍പ്പാദനമേഖലയിലും സ്വകാര്യസേവനമേഖലയിലും വളര്‍ച്ച നിലനിര്‍ത്താനായതും ഈ നിരക്ക് കൈവരിക്കാന്‍ സഹായിച്ചു. കാര്‍ഷിക മേഖലയില്‍ നടപ്പു വര്‍ഷം 5.4 ശതമാനം വളര്‍ച്ചയുണ്ടാവും. മുന്‍വര്‍ഷം 0.4 ശതമാനമായിരുന്നു കാര്‍ഷികമേഖലിയിലെ വളര്‍ച്ച നിരക്ക് ഭക്ഷ്യധാന്യ ഉല്‍പ്പാദനം 23.2 കോടി ടണ്‍ ആയേക്കും. മുന്‍സാമ്പത്തികവര്‍ഷം ഇത് 21.8 കോടി ടണ്‍ ആയിരുന്നു.

ചാര്‍ജ് വര്‍ധനയിലൂടെ വൈദ്യുതി മേഖലയിലെ അടിസ്ഥാനസൌകര്യവികസനത്തിന് പണം കണ്ടെത്തണമെന്ന് സര്‍വേ നിര്‍ദേശിക്കുന്നു. ലോകത്ത് വൈദ്യുതി ചാര്‍ജ് കുറഞ്ഞനിരക്കില്‍ ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ഫലപ്രദമാകുന്നില്ല. ഈ മേഖലയില്‍ അടിസ്ഥാനസൌകര്യവികസനത്തിനും ഗവേഷണത്തിനും കൂടുതല്‍ തുക വകയിരുത്തണം. ക്ഷീരമേഖലയില്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനാകാത്തതിനാല്‍ പാലിന്റെയും മാംസത്തിന്റെയും ആഭ്യന്തര ആവശ്യം നിറവേറ്റാനാകില്ല. ഈ നില തുടര്‍ന്നാല്‍ വലിയതോതിലുള്ള ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ദേശാ‍ഭിമാനി 260211

1 comment:

  1. ഭക്ഷ്യപണപ്പെരുപ്പവും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഗുരുതരമായ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച 2010-11 വര്‍ഷത്തെ സാമ്പത്തിക അവലോകനത്തിലാണ് ഭക്ഷ്യപണപ്പെരുപ്പവും വിലക്കയറ്റവും സമ്പദ്ഘടനയ്ക്ക് പ്രധാന വെല്ലുവിളിയാണെന്ന് പറയുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പതുശതമാനം വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കുന്ന സര്‍വേ, ഭക്ഷ്യപണപ്പെരുപ്പം നേരത്തെ പ്രതീക്ഷിച്ചതില്‍നിന്ന് 1.5 ശതമാനം വര്‍ധിച്ചതായി പറയുന്നു. സബ്സിഡിയും സമൂഹത്തില്‍ ദുര്‍ബല വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കും അവസാനിപ്പിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കുന്ന സര്‍വേ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹ്യസേവന മേഖല സ്വകാര്യവല്‍ക്കരിക്കണമെന്നും ആവശ്യപ്പെടുന്നു.

    ReplyDelete