Wednesday, February 23, 2011

ആരോഗ്യസര്‍വകലാശാലയെ തകര്‍ക്കാന്‍ മാതൃഭൂമിയുടെ ഗൂഢശ്രമം

ആരോഗ്യസര്‍വകലാശാലയെ തകര്‍ക്കാന്‍ മാതൃഭൂമി ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍പ്ളാന്‍ അട്ടിമറിച്ച് സര്‍വകലാശാലക്ക് സ്ഥലമെടുത്തതായുള്ള മാതൃഭൂമിയുടെ കുപ്രചാരണം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തൃശൂരിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനമാണ് ആരോഗ്യസര്‍വകലാശാല. ആരോഗ്യരംഗത്തെ സമഗ്രപുരോഗതിക്ക് സര്‍വകലാശാല വഴിതുറക്കും. ലോകത്തിനു മാതൃകയാവുന്ന പദ്ധതികളാണ് സര്‍വകലാശാലയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍, സര്‍വകലാശാലയെ തകര്‍ക്കാന്‍ മാതൃഭൂമി വാര്‍ത്ത ചമയ്ക്കുകയാണ്. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള 70 ഏക്കര്‍ ഭൂമി ആരോഗ്യസര്‍വകലാശാലക്ക് അനുവദിച്ചത് മാതൃഭൂമി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ബാക്കി 150 ഏക്കറില്‍ മെഡിക്കല്‍ കോളേജിന് ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താം. ഇതുമറച്ചുവച്ച് നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്കുവേണ്ടിയാണ് മാതൃഭൂമി വാര്‍ത്തയുണ്ടാക്കുന്നത്.

കേരളത്തില്‍ ആരോഗ്യസര്‍വകലാശാലയെന്നത് ജനങ്ങളുടെ ചിരകാല ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇതിന്റെ നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി സര്‍വകലാശാലയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ച ദിവസം 64 ഏക്കറോളം ഭൂമി കൈമാറി. ഓഫീസ് പ്രവര്‍ത്തനവും ആരംഭിച്ചു. വൈസ് ചാന്‍സലറുടെയും ചാന്‍സലറുടെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മുന്നോട്ടുപോവുകയാണ്. 26ന് സര്‍വകലാശാല കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനം ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഉദ്ഘാടനംചെയ്യും. ഇതിനിടെയാണ് മാതൃഭൂമിയുടെ കുപ്രചാരണം.

തൃശൂര്‍ മെഡിക്കല്‍ കോളേജിലും ആശുപത്രിയിലുമായി ഒട്ടനവധി വികസനപ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി. അഡ്മിനിസ്ട്രേഷന്‍ ബ്ളോക്ക്, 800 കിടക്കയുള്ള വാര്‍ഡ് തുടങ്ങിയവ നിര്‍മിച്ചു. ഡോക്ടര്‍മാരുടെ ഒഴിവ് നികത്തി. ക്യാന്‍സര്‍ വിഭാഗത്തിന് പുതിയ വാര്‍ഡ് തുടങ്ങി. സിടി സ്കാന്‍ ഉള്‍പ്പെടെ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിച്ചു. ഇതെല്ലാം ജനങ്ങള്‍ക്ക് ആശ്വാസമേകുന്നുണ്ട്. മാതൃഭൂമി പ്രചരിപ്പിക്കുന്ന ശുദ്ധ അസംബന്ധം ജനങ്ങള്‍ തള്ളിക്കളയണമെന്ന് ഇ പി അഭ്യര്‍ഥിച്ചു.

യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് സ്വന്തം ജീര്‍ണത: ഇ പി


യുഡിഎഫ് നേതാക്കളെ വേട്ടയാടുന്നത് സ്വന്തം ജീര്‍ണതകളാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് ആരെയും വേട്ടയാടുന്നില്ല. യുഡിഎഫ് ഭരണകാലത്തെ അഴിമതികള്‍ യുഡിഎഫ് നേതാക്കളാണ് ഏറ്റുപറയുന്നത്. തൃശൂര്‍ ജില്ലാ ഡിവൈഎഫ്ഐ സ്പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടമലയാര്‍ അഴിമതിക്കേസില്‍ രാജ്യത്തെ പരമോന്നത നീതിപീഠമാണ് ആര്‍ ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്. മുഖ്യമന്ത്രി വി എസ് നല്‍കിയ കേസിലാണ് വിധിയെന്നുമാത്രം. ഐസ്ക്രീം കേസില്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയാണ് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടതെന്ന വാര്‍ത്ത മുനീര്‍ ചെയര്‍മാനായ ചാനലാണ് പുറത്തുവിട്ടത്. യുഡിഎഫ് ഭരണകാലത്തെ ഇടനിലക്കാരന്‍ റൌഫാണ് അഴിമതി പുറത്തുവിട്ടത്. മുനീറിനെതിരെ കുഞ്ഞാലിക്കുട്ടിയും ആരോപണമുന്നയിക്കുന്നു. പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് മുന്‍മന്ത്രി ടി എച്ച് മുസ്തഫയാണ് വെളിപ്പെടുത്തിയത്. ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് ജഡ്ജിക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന് കെ സുധാകരനും വ്യക്തമാക്കി. യുഡിഎഫിന്റെ അഴിമതിയുടെയും ജീര്‍ണതയുടെയും മുഖമാണ് ഒന്നൊന്നായി വെളിപ്പെട്ടത്. ഇത്തരം അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും സംരക്ഷിക്കുന്നതും ന്യായീകരിക്കുന്നതും പ്രതിപക്ഷനേതാവിന്റെ നിലവാരത്തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. മനോരമ, മാതൃഭൂമി തുടങ്ങി പത്രങ്ങളും പെണ്‍വാണിഭക്കാര്‍ക്കു വേണ്ടി സ്തുതിപാടുകയാണ്.

കേന്ദ്രസര്‍ക്കാരും അഴിമതിയില്‍ മുങ്ങി. 2ജി സ്പെക്ട്രംകേസില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നതോടെയാണ് ജെപിസി അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്്. രാജ്യത്ത് പണംവാങ്ങി വാര്‍ത്തനല്‍കുന്ന സമ്പ്രദായം വ്യാപിക്കുന്നു. കുറ്റവാളികളെപ്പോലും പുകഴ്ത്തി എഴുതി തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്നു. പെയ്ഡ് ന്യൂസിനായി പത്രങ്ങളില്‍ സ്ഥലം ഒഴിച്ചിടുന്നു. കോര്‍പറേറ്റ് മുതലാളികളും വലതുപക്ഷരാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനത്തിനെതിരെ കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിടുന്നു. ഇതിനെതിരെ യുവാക്കള്‍ ജാഗ്രതപാലിക്കണമെന്നും ഇ പി പറഞ്ഞു.

കണ്‍വന്‍ഷനില്‍ പി എസ് വിനയന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ജോ. സെക്രട്ടറി എം സ്വരാജ്, ട്രഷറര്‍ വി വി രമേഷ് എന്നിവര്‍ സംസാരിച്ചു. ഭാവി പരിപടി സി സുമേഷ് അവതരിപ്പിച്ചു. ടി കെ വാസു സ്വാഗതവും കെ കെ അനില്‍ നന്ദിയും പറഞ്ഞു.

ദേശാഭിമാനി 230211

1 comment:

  1. ആരോഗ്യസര്‍വകലാശാലയെ തകര്‍ക്കാന്‍ മാതൃഭൂമി ഗൂഢശ്രമം നടത്തുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ മാസ്റ്റര്‍പ്ളാന്‍ അട്ടിമറിച്ച് സര്‍വകലാശാലക്ക് സ്ഥലമെടുത്തതായുള്ള മാതൃഭൂമിയുടെ കുപ്രചാരണം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete