Friday, February 25, 2011

കേരളത്തിന് വീണ്ടും ദേശീയ പുരസ്കാരം

ന്യൂഡല്‍ഹി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമഭരണത്തിന് പൊന്‍തൂവല്‍ ചാര്‍ത്തി കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ ഐബിഎന്‍ 7 പ്രഖ്യാപിച്ച 'ഡയമണ്ട് സ്റേറ്റ് അവാര്‍ഡി'ലാണ് കേരളം ആദരിക്കപ്പെട്ടത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനമായാണ് കേരളത്തെ തെരഞ്ഞെടുത്തത്. സമഗ്രമായ മികവില്‍ കേരളം രണ്ടാംസ്ഥാനവും നേടി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനുവേണ്ടി ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് കേരളം ഐബിഎന്‍ ഡയമണ്ട് സ്റേറ്റ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.

ആരോഗ്യസംരക്ഷണം, അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിനായിരുന്നു മുന്‍ അവാര്‍ഡ്. ഔട്ട്ലുക്ക് മാസികയുമായി സഹകരിച്ചാണ് ഐബിഎന്‍ 7 ഡയമണ്ട് സ്റേറ്റ് അവാര്‍ഡിന് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. വിവിധരംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പ്രവര്‍ത്തനവും അത് പൊതുസമൂഹത്തിനും വികസനത്തിനും എങ്ങനെ മുതല്‍ക്കൂട്ടായെന്നതുമാണ് അവാര്‍ഡിന്റെ മാനദണ്ഡം. വിദ്യാഭ്യാസരംഗത്തും ആരോഗ്യ മേഖലയിലും കേരളത്തിന്റെ മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് സമിതി വിലയിരുത്തി.

രണ്ടുമാസത്തിനിടെ രണ്ടാംവട്ടമാണ് കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡല്‍ഹിയില്‍ അംഗീകാരം ലഭിക്കുന്നത്. ഡിസംബര്‍ 14ന് ദേശീയ ഊര്‍ജദിനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം കേരളത്തിന് സമ്മാനിച്ചിരുന്നു. കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയില്‍നിന്ന് വൈദ്യുതിമന്ത്രി എ കെ ബാലനാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. വൈദ്യുതിരംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രമന്ത്രി പ്രത്യേകം എടുത്തുപറയുകയുംചെയ്തു. ഊര്‍ജസംരക്ഷണത്തിന് 2008ല്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോഴും കേരളത്തിന് ഒന്നാംസ്ഥാനമായിരുന്നു.

ദേശാഭിമാനി 250211

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമഭരണത്തിന് പൊന്‍തൂവല്‍ ചാര്‍ത്തി കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ പ്രമുഖ വാര്‍ത്താചാനലായ ഐബിഎന്‍ 7 പ്രഖ്യാപിച്ച 'ഡയമണ്ട് സ്റേറ്റ് അവാര്‍ഡി'ലാണ് കേരളം ആദരിക്കപ്പെട്ടത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനമായാണ് കേരളത്തെ തെരഞ്ഞെടുത്തത്. സമഗ്രമായ മികവില്‍ കേരളം രണ്ടാംസ്ഥാനവും നേടി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനുവേണ്ടി ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായി മൂന്നാംവര്‍ഷമാണ് കേരളം ഐബിഎന്‍ ഡയമണ്ട് സ്റേറ്റ് അവാര്‍ഡ് ഏറ്റുവാങ്ങുന്നത്.

    ReplyDelete