Saturday, February 26, 2011

റെയില്‍വെ ബജറ്റ് വീണ്ടും അവഗണന

പാലക്കാട്: റെയില്‍വേ ബജറ്റില്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് റെയില്‍വേയില്‍നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇത്തവണയും പദ്ധതിക്ക് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയില്ല. ഇതോടെ പദ്ധതി അനന്തമായി നീളുമെന്ന് ഉറപ്പായി. കേരളത്തിന് അനുവദിച്ച നിര്‍ദിഷ്ട കോച്ച്ഫാക്ടറിയിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നാണ് റെയില്‍വേയുടെ നിഷേധാത്മക സമീപനം തെളിയിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് കോച്ച്ഫാക്ടറി ഉടന്‍ ആരംഭിക്കുമെന്ന് മാത്രമായിരുന്നു മന്ത്രി മമതബാനര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനം. കോച്ച്ഫാക്ടറി ആരംഭിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞതെന്നും എന്നാല്‍ എന്താണ് തടസ്സമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും എം ബി രാജേഷ് എം പി പറഞ്ഞു. ബജറ്റിനു മുമ്പും കോച്ച്ഫാക്ടറി നിര്‍മാണം സംബന്ധിച്ചുള്ള ചോദ്യത്തിനും തടസ്സങ്ങള്‍ ഉണ്ടെന്ന് മാത്രം പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും എം പി പറഞ്ഞു.

പദ്ധതിക്കായി 431 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് എട്ടുമാസം പിന്നിട്ടെങ്കിലും ഇതുവരെ ഫാക്ടറിക്ക് ശിലാസ്ഥാപനം നടത്താന്‍പോലും റെയില്‍വേ മുന്നോട്ടുവന്നിട്ടില്ല. കോച്ച്ഫാക്ടറിക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലംനല്‍കുന്നത് റെയില്‍വേയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തെ സംഭവമായിട്ടും അവഗണന തുടരുന്നു എന്നതാണ് റെയില്‍വേയുടെ സമീപനം വ്യക്തമാക്കുന്നത്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഇനിയും ഇത്തരം വാഗ്ദാനങ്ങളല്ല നിര്‍മാണം നടത്താനുള്ള നടപടിയാണ് വേണ്ടതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതേസമയം റായ്ബറേലിയില്‍ അനുവദിച്ച കോച്ച് ഫാക്ടറിയില്‍ നിന്നും അടുത്ത മൂന്ന് മാസത്തിനകം കോച്ചുകള്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് കേരളത്തോടുള്ള അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ്. കോച്ച് ഫാക്ടറി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിആര്‍എം ഓഫീസ് ഉപരോധിച്ചിരുന്നു. കൂടാതെ രാഷ്ട്രീയഭേദമന്യേ റെയില്‍വേസ്റ്റേഷനുകളിലേക്ക് ബഹുജനമാര്‍ച്ചും നടത്തിയിരുന്നു. കോച്ച് ഫാക്ടറിക്കായി ഭൂമി വിലക്കെടുത്തു നല്‍കിയതിനാല്‍ ആനുപാതികമായ ഓഹരി പങ്കാളിത്തം വേണമെന്ന ന്യായമായ സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തോട് കേന്ദ്രം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പദ്ധതിക്ക് തടസ്സമാകരുത് എന്നതുകൊണ്ട് റെയില്‍വേ ആവശ്യപ്പെട്ടതുപോലെ ഭൂമി പാട്ടത്തിനു നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇത്രയും വിട്ടുവീഴ്ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടും റെയില്‍വേ ബജറ്റില്‍ അനുകൂലസമീപനം കൈക്കൊണ്ടില്ലെന്നതാണ് പാലക്കാട്ടുകാരെ നിരാശരാക്കുന്നത്.

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ ഒരു ഒത്തുതീര്‍പ്പെന്ന നിലയിലാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്തായിരുന്നു സംസ്ഥാനസര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഇതില്‍ 100 ഏക്കര്‍ സ്ഥലം പൊന്നുംവിലയ്ക്ക് സ്വകാര്യവ്യക്തികളില്‍നിന്ന് ഏറ്റെടുത്ത് നല്‍കുകയായിരുന്നു. പദ്ധതി തുടങ്ങാന്‍ 900 ഏക്കര്‍ സ്ഥലം വേണമെന്നായിരുന്നു റെയില്‍വേ ആദ്യം അറിയിച്ചത്. പിന്നീട് ഭൂമിയുടെ അളവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് റെയില്‍വേയുടെ ഉപദേശക സമിതിയായ 'റൈറ്റ്സ്' സ്ഥലം വീണ്ടും പരിശോധിച്ച് പദ്ധതിക്കായി 425 ഏക്കര്‍ സ്ഥലം മതിയെന്നറിയിക്കുകയും ചെയ്തു. ഇതോടെയാണ് 431 ഏക്കര്‍ ഭൂമി നല്‍കിയത്.

ഇതിനിടയില്‍ ചില കേന്ദ്രങ്ങള്‍ പദ്ധതി അട്ടിമറിക്കാനും തട്ടിയെടുക്കാനും ചരടുവലി നടത്തിയിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. റെയില്‍വേയുടെ ഉപ്പോഴത്തെ സമീപനം ഈ ആരോപണം ശക്തിപ്പെടുത്തുന്നു. മെമു ഷെഡ് തുടങ്ങിയിട്ടും ഒറ്റ മെമു വണ്ടിപോലും പുതുതായി അനുവദിക്കാത്തതിലും പ്രതിഷേധമുണ്ട്. അതേസമയം ബജറ്റില്‍ മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി എക്സ്പ്രസ് അനുവദിച്ചത് പാലക്കാട്ടുകാര്‍ക്കും മലബാറിലെ യാത്രക്കാര്‍ക്കും ആശ്വാസം പകരുന്ന പ്രഖ്യാപനമാണ്. ഈ ട്രെയിന്‍ യാഥാര്‍ഥ്യമാവുകയാണെങ്കില്‍ അത് മലബാറിലെ യാത്രാക്ളേശം പരിഹരിക്കാന്‍ ഒരു പരിധിവരെ സഹായകരമാവും. കൂടാതെ പാലക്കാട് വഴിയുള്ള ഹൌറ- മംഗലാപുരം ട്രെയിനും ബിലാസ്പൂര്‍-എറണാകുളം ട്രെയിനും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഹായകരമാവും.

ഇക്കുറിയും സോണില്ല; കോച്ച്, വാഗണ്‍ ഫാക്ടറിക്ക് വാഗ്ദാനം മാത്രം

ന്യൂഡല്‍ഹി: ഈ ബജറ്റിലും കേരളത്തിന് റെയില്‍വെ സോ ഇല്ല. അനുവദിക്കുന്ന തുഛമായ പണം പോലും പലപ്പോഴും കേരളത്തിലെ റെയില്‍ വികസനത്തിന് ഉപയോഗിക്കാതെ മറ്റിടങ്ങളിലേക്ക് പോകുകയാണ്. സോ ഇല്ലാത്തതാണ് ഇതിനു കാരണം. കേരളത്തില്‍ പെനിന്‍സുലാര്‍ സോ വേണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നുവെങ്കിലും മമത മമത കാട്ടിയില്ല. പാലക്കാട് കോച്ച് ഫാക്ടറിയും ചേര്‍ത്തല വാഗ ഫാക്ടറിയും തുടങ്ങുമെന്ന് ബജറ്റില്‍ മമത ബാനര്‍ജി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ഈ ഫാക്ടറിള്‍ യാഥാര്‍ഥ്യമാക്കുമെന്ന വാഗ്ദാനം മാത്രമാണ് ഈ ബജറ്റിലും മമത നല്‍കിയിരിക്കുന്നത്. സമയ പരിധിയോ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതായോ വ്യക്തമാക്കിയില്ല. ബംഗാള്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബംഗാളിനായി ചില പദ്ധതികള്‍ പ്രഖ്യാപിച്ചു. സിംഗൂരില്‍ മെട്രോ കോച്ച് ഫാക്ടറി, നന്ദിഗ്രാമില്‍ റെയില്‍വെ വ്യവസായ പാര്‍ക്ക്, ഡാര്‍ജിലങ്ങില്‍ സോഫ്ട്വെയര്‍ കേന്ദ്രം എന്നിവ തുടങ്ങുമെന്ന് ബജറ്റില്‍ പറഞ്ഞു. ഉളുബേരിയയില്‍ ട്രാക്ക് മെഷിന്‍ വ്യവസായം തുടങ്ങും. റെയില്‍വെ പുറമ്പോക്കിലുള്ള പാവങ്ങള്‍ക്കായി 10,000 അഭയ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് റെയില്‍ ബജറ്റില്‍ മമത പറഞ്ഞു. രാജ്യത്തെ എല്ലാ ആളില്ലാ റെയില്‍ ക്രോസുകളും മാറ്റും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിവിധോദ്ദേശ സ്മാര്‍ട് കാര്‍ഡ് നല്‍കും.

കേരളത്തിന് 352.4 കോടി

ന്യൂഡല്‍ഹി: റെയില്‍വെ വികസനത്തിന് കേരളത്തിനു ലഭിക്കുന്നത് ആകെ ചെലവഴിക്കുന്ന തുകയുടെ കേവലം ഒരു ശതമാനം മാത്രം. ദേശീയ തലത്തില്‍ റെയില്‍വേ 57,630 കോടി രൂപ ചെലവിടുമ്പോള്‍ കേരളത്തിന്റെ വിഹിതം 352.40 കോടി. തമിഴ്നാടിനും കര്‍ണാടകത്തിനും കുടി നേട്ടം ലഭിക്കുന്ന റെയില്‍പദ്ധതികളുടെ വിഹിതം കൂടി ചേര്‍ത്താലും തുക 628.40 കോടിയില്‍ ഒതുങ്ങും. കേരളത്തില്‍ പാതഇരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് 229.18 കോടിനീക്കിവച്ചു. 41 മേല്‍പാലങ്ങള്‍ക്കായി 13.75 കോടിയും വൈദ്യുതീകരണത്തിന് 56 കോടിയും അനുവദിച്ചു. പുതിയ പാതകളുടെ നിര്‍മ്മാണത്തിന് 89.66 കോടി അനുവദിച്ചപ്പോള്‍ പാലംപണികള്‍ക്ക് 4.04 കോടി, വിവിധ റെയില്‍ പദ്ധതികള്‍ക്കായി 10.77 കോടി എന്നിങ്ങനെ തുക നീക്കിവച്ചു. കൊല്ലം- വിരുദുനഗര്‍ ഗേജ്മാറ്റത്തിന് 75 കോടി അനുവദിച്ചു. ഡിണ്ടിഗല്‍- പൊള്ളാച്ചി- പാലക്കാട് ഗേജ്മാറ്റതിന് 150 കോടി വകയിരുത്തി. 116 കിലോമീറ്റര്‍ വരുന്ന അങ്കമാലി- ശബരിമല പാതയ്ക്ക് 83 കോടി അനുവദിച്ചത് കേരളത്തിന് നേട്ടമാകും. പദ്ധതി പൂര്‍ത്തിയാക്കാന്‍ 379 കോടി രൂപ വേണം. തിരുനാവായ- ഗുരുവായൂര്‍ പാതനിര്‍മ്മാണത്തിന് 6.66 കോടി അനുവദിച്ചു. ആകെ വേണ്ടത്.96.86 കോടി. തിരുവനന്തപുരം- കന്യാകുമാരി ഉള്‍പ്പെടെ എറണാകുളം- തിരുവനന്തപുരം വൈദ്യുതീകരണത്തിന് 20 കോടി അനുവദിച്ചു. പദ്ധതി പൂര്‍ത്തിയാക്കാന്‍ അഞ്ചുകോടി രൂപ കൂടി മതിയാകും. ഷൊര്‍ണൂര്‍- മംഗ്ളുരു- പെരമ്പൂര്‍ പാതഇരട്ടിപ്പിക്കലിന് 51 കോടി അനുവദിച്ചു. 328 കിലോമീറ്റര്‍ പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ 249 കോടി വേണമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ പാതഇരട്ടിപ്പില്‍ പദ്ധതികള്‍ക്ക് അനുവദിച്ച തുക ഇങ്ങനെ: കോഴിക്കോട്- മംഗ്ളുരു ഒരു കോടി, എറണാകുളം- മുളന്തുരുത്തി 18.63 കോടി, മാവേലിക്കര- കായംകുളം 14.54 കോടി, ചേപ്പാട്- കായംകുളം ഒരു കോടി, മാവേലിക്കര- ചെങ്ങന്നൂര്‍ (പാച്ച് ഡബ്ളിങ്) 35 കോടി, ചേപ്പാട്- ഹരിപ്പാട് (പാച്ച് ഡബ്ളിങ്) 23.01 കോടി, മുളന്തുരുത്തി- കുറുപ്പന്തറ 50 കോടി, ചെങ്ങന്നൂര്‍- ചിങ്ങവനം 50 കോടി, കുറുപ്പന്തറ- ചിങ്ങവനം ഒരു കോടി, അമ്പലപ്പുഴ- ഹരിപ്പാട് 10 കോടി, എറണാകുളം- കുമ്പളം 25 കോടി. കൊച്ചുവേളിയില്‍ രണ്ടാമത്തെ കോച്ചിങ്ടെര്‍മിനല്‍ നിര്‍മ്മാണത്തിന് 27 ലക്ഷം മാത്രമാണ് അനുവദിച്ചത്. 8.17 കോടി വേണ്ട പദ്ധതിയാണിത്. ആകെ 191 കോടി ആവശ്യമായ കേരളത്തിലെ 41 മേല്‍പ്പാല നിര്‍മ്മാണപദ്ധതികള്‍ക്ക് അനുവദിച്ചത് 13.75 കോടി മാത്രമാണ്.

കേരളത്തിന് 12പുതിയ വണ്ടികള്‍

ന്യൂഡല്‍ഹി: കേരളത്തിന് റെയില്‍ ബജറ്റില്‍ 12 വണ്ടികള്‍ അനുവദിച്ചു. ചെന്നൈ- തിരുവനന്തപുരം ഏസി ദുരന്തോ,ബിലാസ്പുര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, ദിബ്രുഗഢ്- തിരു-കന്യാകുമാരി വിവേകാനന്ദ, പോര്‍ബന്ദര്‍-കൊച്ചുവേളി, ഭാവ്നഗര്‍-കൊച്ചുവേളി, എറണാകുളം-ബംഗ്ളൂര്‍, ചെന്നൈ-പോണ്ടിച്ചേരി- തിരുവനന്തപുരം സ്റ്റുഡന്റ്സ് എക്സ്പ്രസ്, പാലക്കാട്- മംഗലാപുരം ഇന്റര്‍സിറ്റി, ഹൌറ-മംഗലാപുരം(പാലക്കാട് വഴി)എക്സ്പ്രസ്, കൊല്ലം-ആലപ്പുഴ-എറണാകുളം മെമു, കൊല്ലം-നാഗര്‍കോവില്‍ മെമു, നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക്. കണ്ണൂര്‍-മട്ടന്നൂര്‍, തലശ്ശേരി-മൈസൂര്‍ പാതകളുടെ സര്‍വെ നടത്തും.

16000 വിമുക്ത ഭടന്‍മാര്‍ക്ക് റെയില്‍വെയില്‍ നിയമനം

ന്യൂഡല്‍ഹി: 16000 വിമുക്ത ഭടന്‍മാര്‍ക്ക് മാര്‍ച്ച് മുതല്‍ നിയമനം നല്‍കുമെന്ന് മമത പറഞ്ഞു. ടിക്കറ്റ് ബുക്കിങ്ങിന് ഏസിക്ക് 10 ഉം നോ ഏസിക്ക് അഞ്ചും രുപ കുറയും.റെയില്‍ജീവനക്കാരുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് 1200 രൂപയാക്കി. റെയില്‍വെയില്‍ സ്പോര്‍ട്സ് കേഡര്‍ രൂപീകരിക്കും.

വയനാട്ടുകാരോട് മമതയില്ല

കല്‍പ്പറ്റ: രണ്ടുതവണ സര്‍വേ നടക്കുകയും ആസൂത്രണ കമീഷന്‍ അനുമതി നല്‍കുകയുംചെയ്ത പദ്ധതിക്ക് മൂന്നാമതും സര്‍വേ. വയനാട്ടുകാര്‍ക്ക് തീവണ്ടി കാണണമെങ്കില്‍ ഇനിയും കോഴിക്കോടോ അല്ലെങ്കില്‍ മറ്റ് വല്ലയിടത്തോ പോകണം. പാതയിരിട്ടിപ്പും വൈദ്യുതീകരണവും ചര്‍ച്ചയാകുമ്പോള്‍ വയനാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഒരുപാതയ്ക്കുവേണ്ടിയാണ്. ഇതാ എത്തിപ്പോയി എന്നു പറഞ്ഞ് പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടായെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരതന്നെ. ചിരകാലസ്വപ്നമായ നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍പാതയ്ക്കും വയനാടിനുമാണ് ഈ ഗതികേട്. ഈ സര്‍വേ പ്രഖ്യാപനമൊഴിച്ചാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍ ബജറ്റിലും വയനാടിന്റെ റെയില്‍മോഹത്തിന് പച്ചക്കൊടിയായില്ല. കേന്ദ്ര അവണഗനയ്ക്കെതിരെ ജില്ലയൊന്നാകെ പ്രതിഷേധമുയര്‍ത്തുകയാണ്. വയനാടിന്റെയും മലപ്പുറത്തിന്റെയും വികസനമുന്നേറ്റത്തിന്റെ ചൂളംവിളിയുയര്‍ത്താന്‍ സഹായകമാകുന്ന നിലമ്പൂര്‍- നഞ്ചങ്കോട് പാത എന്നുവരുമെന്ന് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയാണ്.

നിലമ്പൂര്‍ റോഡ്- നഞ്ചങ്കോട് റെയില്‍പാത സംബന്ധിച്ച് ഒ രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സമയത്ത് 2004ല്‍ വകുപ്പുതല സര്‍വേ നടന്നിരുന്നു. 2007-08 വര്‍ഷത്തെ റെയില്‍ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവും സര്‍വേക്ക് തുക വകവരുത്തി. ഗോള്‍ഡന്‍ ഐടി കോറിഡോര്‍ പദ്ധതി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നീ ഐ ടി നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനായി അനുവദിക്കണമെന്ന കേരള സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വീണ്ടും സര്‍വെ പ്രഖ്യാപിച്ചത്. നഞ്ചങ്കോട്-നിലമ്പൂര്‍ പാതയുടെ അന്തിമ റിപ്പോര്‍ട്ട് 2008 ജനുവരി 23നാണ്് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. 1742.11 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് റിപ്പോര്‍ട്ടാണ് നല്‍കിയത്. 238 കിലോമീറ്ററാണ് പാതയുടെ ദൂരം. ബന്ദിപ്പൂര്‍, മുതുമല വന്യജീവി സങ്കേതങ്ങളുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കി നഞ്ചങ്കോട്നിന്ന് തുടങ്ങി യച്ചഗഡ്ഡ്ലു, ഹുറ, യശ്വന്ത്പുര, ചിക്കബൈറിഗെ, മാവിനഹള്ള വഴി സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുകയും തുടര്‍ന്ന് ചീരാല്‍, അയ്യന്‍കൊല്ലി, വടുവന്‍ചാല്‍, വെള്ളാര്‍മല, ചേരങ്കോട്,ഗ്ളൈന്‍റോക്ക്, വെന്‍തേക്ക്, പൊട്ടിബിര്‍ലാവനം, കഞ്ഞിരക്കടവ്, എടക്കര വഴി നിലമ്പൂരില്‍ എത്തുന്ന വിധത്തില്‍ ശാസ്ത്രീയമായി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. നിലവില്‍ പുതുക്കിയ സര്‍വേ റിപ്പോര്‍ട്ടുള്ള ഒരേ ഒരു പദ്ധതിയാണിത്.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാറും അന്നത്തെ റെയില്‍ മന്ത്രി ലാലുപ്രസാദ് യാദവുമായും ചര്‍ച്ച നടത്തിയിരുന്നു. ഇത് പിന്നീട് പുതുക്കി 3384 കോടി രൂപ മതിപ്പ് ചെലവുവരുന്ന പദ്ധതിയാക്കി മാറ്റി. ഇതനുസരിച്ച് കേന്ദ്ര ആസൂത്രണ കമീഷന്‍ കഴിഞ്ഞ ജൂണില്‍ അനുമതി നല്‍കിയ പദ്ധതിക്കാണ് വീണ്ടും സര്‍വേ നടത്തുമെന്ന് റെയില്‍ മന്ത്രി മമത ബാനര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചത്. വീണ്ടും സര്‍വേ നടത്തുന്നത് തന്റെ നേട്ടമാണെന്ന് എം ഐ ഷാനവാസ് എംപി പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. പഴയ സര്‍വേകളുടെ കഥയും ആസൂത്രണ കമീഷന്റെ അനുമതി സംബന്ധിച്ചും അദ്ദേഹം മൌനംപാലിക്കുന്നു.

ഇത് വയനാടിനോടുള്ള വെല്ലുവിളി: സിപിഐ എം

കല്‍പ്പറ്റ: വയനാടിന്റെ റെയില്‍ സ്വപ്നങ്ങളോട് നിഷേധാത്മകസമീപനമെടുക്കുന്ന റെയില്‍വേ ബജറ്റില്‍ വ്യാപക പ്രതിഷേധമുയരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടുതവണ സര്‍വേയും വിശദപഠനവും നടന്ന പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. പകരം വീണ്ടും സര്‍വേ നടത്തുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ അംഗീകാരം നല്‍കിയ പദ്ധതിയാണ് ഇതെന്ന് സര്‍വേ തന്റെ നേട്ടമെന്ന് പറയുന്ന എംപി ഓര്‍ക്കണം. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏറ്റവും പ്രധാന വാഗ്ദാനമായിരുന്നു നിലമ്പൂര്‍- നഞ്ചങ്കോട് റെയില്‍പാത. കഴിഞ്ഞ ബജറ്റില്‍ പദ്ധതിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഇക്കുറിയാകട്ടെ വീണ്ടും സര്‍വേ നടത്തുമെന്നും.

ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ ഭരിച്ചപ്പോള്‍ കേരള സര്‍ക്കാരും എംപിമാരും എംഎല്‍എമാരും ശക്തമായി സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് ലാലുപ്രസാദ് യാദവ് 2007-08 ബജറ്റില്‍ പുതിയ സര്‍വേ നടത്തുന്നതിന് തയ്യാറായത്. കര്‍ണാടകയുടെ ഭാഗത്തുള്ള 12 കിലോമീറ്ററും കേരളത്തിന്റെ ഏഴ് കിലോമീറ്ററും ഉള്‍പ്പെടെ ഏകദേശം പത്തൊമ്പത് കിലോമീറ്റര്‍ വന്യജീവി സങ്കേതം മാത്രമാണ് ഈ പാതയിലുള്ളത്. ഭൂമിക്കടിയിലൂടെ തുരങ്കങ്ങളുണ്ടാക്കിയും പാലങ്ങള്‍ നിര്‍മിച്ചും വന്യജീവി സങ്കേതത്തിന് ദ്രോഹകരമാകാതെ പദ്ധതി നാടപ്പാക്കാം. ജില്ലയിലെ യുഡിഎഫിനകത്തുള്ള തര്‍ക്കമാണ് പാത വരുന്നതിന് പ്രധാന തടസ്സം. ലോക്സഭാ തെരശഞ്ഞടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനെതിരെ ശക്തമായ ബഹുജനരോഷം ഉയര്‍ന്നുവരണം. സര്‍വേ നടത്തി ലാഭകരമാണോ എന്ന് നോക്കി നടപ്പാക്കേണ്ടതല്ല വയനാട്ടുകാരുടെ ചിരകാല സ്വ്പനമായ റെയില്‍ പദ്ധതി. പുതിയ സര്‍വേസംബന്ധിച്ച് യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സ് മറുപടി പറയണം: പി കൃഷ്ണപ്രസാദ്

കല്‍പ്പറ്റ: വയനാട്ടുകാരോട് തികഞ്ഞ അവഗണനയാണ് റെയില്‍ ബജറ്റിലൂടെ കാണിച്ചതെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. വിശദമായ പഠനത്തിനുശേഷം കഴിഞ്ഞ ജൂണില്‍ ആസൂത്രണ കമീഷന്‍ അനുമതി നല്‍കിയ പദ്ധതിക്കാണ് വീണ്ടും സര്‍വേ നടത്തുമെന്ന് പറയുന്നത്. ഇതിനെ നേട്ടമെന്ന് അവകാശപ്പെടുന്ന എംപിയും കോണ്‍ഗ്രസ്സും ജനങ്ങളോട് സമാധാനം പറയണം. വയനാടിന്റെയും മലപ്പുറത്തിന്റെയും മാത്രമല്ല കേരളത്തിന്റെ പൊതുവികസനത്തിന് ഏറെ സഹായിക്കുന്ന പദ്ധതിയാണിത്. പ്രാദേശികാടിസ്ഥാനത്തില്‍ കാണാനാകില്ല. കൊച്ചി- ബംഗളൂരു- ഹൈദരാബാദ് ഐടി ഇടനാഴിയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഈ പാത. രണ്ടുതവണ സര്‍വേ നടക്കുകയും ആസൂത്രണ കമീഷന്‍ അനുമതി നല്‍കുകയുംചെയ്ത പാതയ്ക്കുവേണ്ടി വീണ്ടും സര്‍വേ നടത്തണമെന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വീണ്ടും സര്‍വേ നടത്താതെ പദ്ധതി നടപ്പാക്കണം- കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.

ദേശാഭിമാനി 260211

1 comment:

  1. റെയില്‍വേ ബജറ്റില്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ നിര്‍മാണത്തിന് റെയില്‍വേയില്‍നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ല. ഇത്തവണയും പദ്ധതിക്ക് ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തിയില്ല. ഇതോടെ പദ്ധതി അനന്തമായി നീളുമെന്ന് ഉറപ്പായി. കേരളത്തിന് അനുവദിച്ച നിര്‍ദിഷ്ട കോച്ച്ഫാക്ടറിയിലേക്ക് ഇനിയും ഏറെ ദൂരമുണ്ടെന്നാണ് റെയില്‍വേയുടെ നിഷേധാത്മക സമീപനം തെളിയിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് കോച്ച്ഫാക്ടറി ഉടന്‍ ആരംഭിക്കുമെന്ന് മാത്രമായിരുന്നു മന്ത്രി മമതബാനര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലെ വാഗ്ദാനം. കോച്ച്ഫാക്ടറി ആരംഭിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞതെന്നും എന്നാല്‍ എന്താണ് തടസ്സമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്നും എം ബി രാജേഷ് എം പി പറഞ്ഞു. ബജറ്റിനു മുമ്പും കോച്ച്ഫാക്ടറി നിര്‍മാണം സംബന്ധിച്ചുള്ള ചോദ്യത്തിനും തടസ്സങ്ങള്‍ ഉണ്ടെന്ന് മാത്രം പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും എം പി പറഞ്ഞു.

    ReplyDelete