Thursday, February 24, 2011

പ്രതിപക്ഷ ആരോപണം ഉണ്ടയില്ലാ വെടി: മുഖ്യമന്ത്രി

അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച് യുഡിഎഫ് ഉന്നയിക്കുന്ന ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തന്റെ മകന്‍ ലോട്ടറി കേസിലെ സിബിഐ അന്വേഷണം അട്ടിമറിച്ചെന്നാണ് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചത്. ഇതിനാധാരമായ ഒരു തുണ്ട് കടലാസുപോലും കൊണ്ടുവരാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ടായി മാറ്റുന്ന പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണമെന്ന് മന്ത്രിസഭാതീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോപണം ഉന്നയിക്കുമ്പോള്‍ അതിനാധാരമായ തെളിവുകള്‍ ഹാജരാക്കണം. അതു പ്രതിപക്ഷത്തിനായില്ല. ആരോപണത്തിനു പിന്നിലെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് പ്രതിപക്ഷം മനസ്സിലാക്കുന്നത് നന്ന്.

ലോട്ടറി സംബന്ധിച്ച് സംസ്ഥാനം കത്ത് പൂഴ്ത്തിയെന്ന പ്രതിപക്ഷാരോപണം പരിഹാസ്യമാണ്. കേന്ദ്രസര്‍ക്കാരാണ് കത്ത് പൂഴ്ത്തിവച്ചത്. സോണിയ ഗാന്ധിയെ കാണാന്‍ പോയ കോണ്‍ഗ്രസുകാരോടും പത്രക്കാരോടും ചിദംബരം പച്ചക്കള്ളം പറഞ്ഞത് യുഡിഎഫ് നിഷേധിക്കുമോ. മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയിട്ടേയില്ലെന്നാണ് ജനുവരി നാലിനു ചിദംബരം പറഞ്ഞത്. ഈ നുണ എഴുന്നള്ളിക്കുമ്പോള്‍, ഡിസംബര്‍ 29ന് അദ്ദേഹം എഴുതിയ മറുപടി തനിക്ക് ലഭിച്ചിരുന്നു. 2010 നവംബര്‍ 29ന് അയച്ച കത്ത് കിട്ടിയെന്നു പറഞ്ഞാണ് മറുപടി ആരംഭിക്കുന്നതു തന്നെ. ഇപ്പോള്‍ പറയുന്നത് കത്ത് ചട്ടപ്രകാരമല്ലെന്നാണ്. ഈ ചിദംബരം പറയുന്നത് വിശ്വസിച്ചാണോ ഇനിയും സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്?

തനിക്ക് സിബിഐ അന്വേഷണം നടത്താന്‍ അധികാരമില്ലെന്നാണ് ചിദംബരത്തിന്റെ മറുപടിയില്‍ പറഞ്ഞത്. ഡിസംബര്‍ 23നു പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. ഈ കത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ചിദംബരത്തോട് ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമല്ല, നിയമലംഘനം നടത്തുന്ന ലോട്ടറി നിരോധിക്കണമെന്നായിരുന്നു. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന മറുപടിയാണ് ചിദംബരത്തില്‍ നിന്നു കിട്ടിയത്. പ്രധാനമന്ത്രിക്കുള്ള കത്തിനൊപ്പം ചിദംബരത്തിന് അയച്ച കത്തും വച്ചിരുന്നു. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റാബ്ളിഷ്മെന്റ് ആക്ട്പ്രകാരമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ഇതെന്നു പറഞ്ഞുകൊണ്ടാണ് കത്തയച്ചത്. ഇങ്ങനെയൊരു കത്ത് പ്രധാനമന്ത്രിക്ക് അയക്കുമെന്ന് ചിദംബരം പ്രതീക്ഷിച്ചു കാണില്ല. പ്രധാനമന്ത്രിക്ക് കത്തുകിട്ടിയെന്ന് അറിഞ്ഞപ്പോഴാണ് ചിദംബരം മുട്ടുന്യായങ്ങളുമായി മറുപടി അയച്ചത്. പ്രധാനമന്ത്രിക്ക് കത്തയച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. കേരള സര്‍ക്കാരാണോ കേന്ദ്ര സര്‍ക്കാരാണോ ഒരു മാസത്തിലധികം കത്ത് പൂഴ്ത്തിവച്ചതെന്ന് യുഡിഎഫ് വ്യക്തമാക്കണം.

അന്യസംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്നാണ് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി എന്ന നിലയില്‍ രേഖാമൂലം ആവശ്യപ്പെട്ടത്. പാമൊലിന്‍, ബ്രഹ്മപുരം തുടങ്ങിയ അഴിമതികള്‍ രേഖകള്‍ ഹാജരാക്കിയാണ് താന്‍ സഭയില്‍ ഉന്നയിച്ചത്. അവയില്‍ പലതും കേസായി. പ്രതികള്‍ ജയിലിലുമായി. ചിലര്‍ ജയിലില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നു. ആ വഴി എന്തുകൊണ്ട് പ്രതിപക്ഷം സ്വീകരിക്കുന്നില്ല. അഴിമതിക്കാരെ കോടതി കയറ്റുകയെന്ന കടമ നിറവേറ്റിയതിന്റെ പേരില്‍ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും വേണ്ടി തന്നെ കല്ലെറിഞ്ഞാല്‍ അത് യുഡിഎഫിനു മേല്‍തന്നെ പതിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ദേശാഭിമാനി 240211

1 comment:

  1. മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയിട്ടേയില്ലെന്നാണ് ജനുവരി നാലിനു ചിദംബരം പറഞ്ഞത്. ഈ നുണ എഴുന്നള്ളിക്കുമ്പോള്‍, ഡിസംബര്‍ 29ന് അദ്ദേഹം എഴുതിയ മറുപടി തനിക്ക് ലഭിച്ചിരുന്നു. 2010 നവംബര്‍ 29ന് അയച്ച കത്ത് കിട്ടിയെന്നു പറഞ്ഞാണ് മറുപടി ആരംഭിക്കുന്നതു തന്നെ. ഇപ്പോള്‍ പറയുന്നത് കത്ത് ചട്ടപ്രകാരമല്ലെന്നാണ്. ഈ ചിദംബരം പറയുന്നത് വിശ്വസിച്ചാണോ ഇനിയും സര്‍ക്കാര്‍ മുന്നോട്ടുപോകേണ്ടത്?

    തനിക്ക് സിബിഐ അന്വേഷണം നടത്താന്‍ അധികാരമില്ലെന്നാണ് ചിദംബരത്തിന്റെ മറുപടിയില്‍ പറഞ്ഞത്. ഡിസംബര്‍ 23നു പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. ഈ കത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ചിദംബരത്തോട് ആവശ്യപ്പെട്ടത് സിബിഐ അന്വേഷണമല്ല, നിയമലംഘനം നടത്തുന്ന ലോട്ടറി നിരോധിക്കണമെന്നായിരുന്നു. അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്ന മറുപടിയാണ് ചിദംബരത്തില്‍ നിന്നു കിട്ടിയത്. പ്രധാനമന്ത്രിക്കുള്ള കത്തിനൊപ്പം ചിദംബരത്തിന് അയച്ച കത്തും വച്ചിരുന്നു. 1946ലെ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റാബ്ളിഷ്മെന്റ് ആക്ട്പ്രകാരമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് ഇതെന്നു പറഞ്ഞുകൊണ്ടാണ് കത്തയച്ചത്.

    ReplyDelete