Wednesday, February 23, 2011

മറനീക്കിയത് യുഡിഎഫിന്റെ ദയനീയമുഖം

പ്രതിസന്ധികളുടെ നടുക്കയത്തിലകപ്പെട്ട യുഡിഎഫിന്റെ ദയനീയമുഖമാണ് ചൊവ്വാഴ്ച നിയമസഭയിലും പുറത്തും മറനീക്കിയത്. നേതാക്കളുടെ ദുഷ്ചെയ്തികള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കെ ജനങ്ങളെ അഭിമുഖീകരിക്കാനാകാതെ എല്‍ഡിഎഫിനെതിരെ അപവാദങ്ങള്‍ക്ക് തിരികൊളുത്തി രക്ഷപ്പെടാനുള്ള വിഫലശ്രമത്തിലാണ് യുഡിഎഫ്. അന്യസംസ്ഥാന ലോട്ടറിയില്‍ മുഖംപൂഴ്ത്തി നാണക്കേട് മറയ്ക്കാനുള്ള നീക്കവും ദയനീയമായി പൊളിഞ്ഞു. ലോട്ടറിമാഫിയക്ക് താങ്ങും തണലും നല്‍കുന്നവരുടെ ലോട്ടറി വിരുദ്ധപടയൊരുക്കം അവര്‍ക്കുതന്നെ തിരിച്ചടിയായി. സഭയില്‍ അടിയന്തരപ്രമേയവും പിന്നീട് സബ്മിഷനുമായി പ്രത്യക്ഷപ്പെട്ട യുഡിഎഫുകാര്‍ക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കണക്കിന് കൊടുത്തു. ലോട്ടറിമാഫിയ തഴച്ചുവളര്‍ന്നത് കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വത്തിലാണെന്ന് മുഖ്യമന്ത്രി വസ്തുതകള്‍ സഹിതം അക്കമിട്ടു നിരത്തിയപ്പോഴാണ് ധാര്‍മികരോഷമുണര്‍ന്നവര്‍ നിയമസഭ അലങ്കോലമാക്കിയത്. സഭയില്‍ തോറ്റപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അപവാദപ്രചാരണം ആരംഭിച്ചു.

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിലും ഇടമലയാറിലും പാമൊലിനിലും ബാര്‍ലൈസന്‍സ് ഇടപാടിലുമൊക്കെ മുങ്ങിനില്‍ക്കുകയാണ് യുഡിഎഫ്. തുടര്‍ച്ചയായി പ്രഹരമേറ്റ് വീണതിനിടെ ഘടകകക്ഷികള്‍ തെരുവുയുദ്ധവും തുടങ്ങി. ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി ലോട്ടറി ഒരുക്കിത്തരുമെന്നാണ് യുഡിഎഫ് കരുതിയത്. തിങ്കളാഴ്ച രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം സഭയിലെ അങ്കപ്പുറപ്പാടിന്റെ ഒരുക്കമായിരുന്നു. പിന്നീട് യുഡിഎഫ് യോഗവും നിയമസഭാകക്ഷി യോഗവും ഇതേവിഷയത്തില്‍ പിടിച്ചുതൂങ്ങാന്‍ നിശ്ചയിച്ചു. കൂട്ടത്തോടെ വരുന്ന തിരിച്ചടികളില്‍പ്പെട്ട് മുങ്ങിത്താഴുന്നവര്‍ക്ക് കച്ചിത്തുരുമ്പുമായി മാധ്യമങ്ങളും ഇറങ്ങി. ഉമ്മന്‍ചാണ്ടിയും കൂട്ടരും തലതാഴ്ത്തിയതിന്റെ രോഷംതീര്‍ക്കാന്‍ എം എം ഹസ്സന്റെ വാര്‍ത്താസമ്മേളനം ഏഷ്യാനെറ്റടക്കമുള്ള ചാനലുകള്‍ തത്സമയം സംപ്രേഷണംചെയ്തത് അങ്ങനെയാണ്. നട്ടാല്‍ കുരുക്കാത്ത അപവാദങ്ങള്‍ കൂട്ടത്തോടെ ഉല്‍പ്പാദിപ്പിച്ച് കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മലിനമാക്കാനുള്ള പുറപ്പാടിലാണ് യുഡിഎഫ്.

ഒളിക്യാമറാപ്രവര്‍ത്തനത്തിനെതിരെ തിങ്കളാഴ്ച ഉറഞ്ഞുതുള്ളിയ രമേശ് ചെന്നിത്തലയുടെ സ്വന്തം ചാനലില്‍ ചൊവ്വാഴ്ച കണ്ടത് ഇതേപണിയാണ്. ജയ്ഹിന്ദില്‍നിന്ന് പകര്‍ത്തി മനോരമ ചാനലും ഈ നുണ പ്രചരിപ്പിച്ചു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന മുഖ്യമന്ത്രിയുടെ കത്തിന് ആഭ്യന്തരമന്ത്രി ചിദംബരം നല്‍കിയ മറുപടിയോട് പ്രതികരിച്ചില്ലെന്നാണ് യുഡിഎഫിന്റെ പരാതി. സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടത് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയത്തോടാണെന്ന് ചിദംബരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സിബിഐ അന്വേഷണം മാത്രമല്ല, കേന്ദ്രനിയമത്തിലെ ആറാംവകുപ്പ് പ്രയോഗിച്ച് അനധികൃതലോട്ടറികള്‍ നിര്‍ത്തിവയ്ക്കാന്‍ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നതായി മുഖ്യമന്ത്രി ചൊവ്വാഴ്ച നിയമസഭയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ ഡിസംബറില്‍ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ യുഡിഎഫ് അഭിനന്ദിക്കുകയായിരുന്നു. മാത്രമല്ല, മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് നടപടി ആരംഭിച്ചതായി മാതൃഭൂമിയും മനോരമയുമടക്കമുള്ള പത്രങ്ങളും ചാനലുകളും അന്ന് വാര്‍ത്ത നല്‍കി. മുഖ്യമന്ത്രിയുടെ കത്ത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയായി കണക്കാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായും മാധ്യമങ്ങള്‍ പറഞ്ഞു. ഇതൊന്നും ഓര്‍ക്കാതെയാണ് സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട കത്ത് പൂഴ്ത്തിയെന്ന മുറവിളി.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ലോട്ടറിക്കാരെ തുണയ്ക്കുന്നതാണ്. ലോട്ടറിക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്നാണ് ഇപ്പോള്‍ നല്ലപിള്ള ചമയുന്ന ഉമ്മന്‍ചാണ്ടി അന്ന് സുപ്രീംകോടതിക്ക് ഉറപ്പുകൊടുത്തത്. കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ലോട്ടറിമാഫിയയ്ക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാനെത്തിയതും കേരളം മറന്നുകാണുമെന്ന ചിന്തയിലാണ് ഇപ്പോഴത്തെ യുഡിഎഫ് കപടനാടകം.
(കെ എം മോഹന്‍ദാസ്)

അപവാദപ്രചാരണംകൊണ്ട് യുഡിഎഫ് രക്ഷപ്പെടില്ല: പിണറായി

താനൂര്‍: എല്‍ഡിഎഫിനെതിരായ അപവാദപ്രചാരണംകൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പൊന്നാനിയിലും താനൂരിലും ചേര്‍ന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മനസ്സിലാക്കിയും അപവാദം തിരിച്ചറിഞ്ഞും ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കും. യുഡിഎഫ് കുറച്ചുകാലമായി അങ്കലാപ്പിലാണ്. യുഡിഎഫ് നേതാക്കളുടെ ജീര്‍ണിച്ച കഥകളാണ് ഒരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗതികെട്ട് അവസാനഘട്ടത്തില്‍ എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതുവഴിയും സ്വീകരിക്കുകയാണ് യുഡിഎഫ്. അപവാദപ്രചാരണം ഏറ്റുപിടിക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമവും വിജയിക്കില്ല. യുഡിഎഫ് കുടുതല്‍ ഒറ്റപ്പെടുകയാകും ഫലം.

എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പുറപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ മോചനയാത്രയില്‍ ജീര്‍ണിച്ച യുഡിഎഫിനെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ജാഥ തിരുവനന്തപുരത്തെത്തുമ്പോള്‍ രാഷ്ട്രീയ ഭൂകമ്പമുണ്ടാകുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ യുഡിഎഫ് നേതാക്കളുടെ എന്തെല്ലാം കാര്യങ്ങളാണ് പുറത്തുവന്നത്. യുഡിഎഫ് നേതാക്കളുടെ അഴിമതിയും ദുഷ്ചെയ്തിയും പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ പുറത്തുകൊണ്ടുവന്നത് മുനീറും മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യവിഷന്‍ ചാനലുമാണ്. പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് സ്വാഭാവികമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്.

ആഗോളവല്‍ക്കരണംതുടരുമെന്നാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലൂടെ യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് സംഘടനയായ ഐഎന്‍ടിയുസിവരെ തെറ്റായ കേന്ദ്രനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച് സമരരംഗത്തെത്തി. വിലക്കയറ്റം കാരണം കേരളമൊഴികെയുള്ള സംസ്ഥാനങ്ങള്‍ ഏറെവലഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ കാരണമാണ് കേരളം പിടിച്ചുനിന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും നേട്ടമുണ്ടാക്കിയ സര്‍ക്കാരാണിത്.

നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം ലാഭത്തിലായി. ഈ ലാഭം ഉപയോഗിച്ച് പുതിയ എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി തുടങ്ങി കേരളം മാതൃക കാണിച്ചു. പാവപ്പെട്ടവര്‍ക്കുള്ള എല്ലാ ക്ഷേമനിധിത്തുകയും വര്‍ധിപ്പിച്ചു. കേരളത്തിന്റെ മികവിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒട്ടേറെ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ അതിനെതിരെ പരാതിപറഞ്ഞ് അവാര്‍ഡ് മുടക്കാന്‍ ഡല്‍ഹിക്ക് പോയി പരിഹാസ്യരാവുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. എല്‍ഡിഎഫിനെതിരെ ഇനി മൃദുസമീപനമുണ്ടാകില്ല എന്നാണ് ഇപ്പോള്‍ യുഡിഎഫ് പറയുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെയ്ത നേട്ടങ്ങള്‍ കാരണം മൃദുസമീപനമെടുക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതരായി എന്നതാണ് സത്യം.

ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി നിയമാനുസൃതം നേരിടും: കോടിയേരി

ഇടുക്കി: പാമൊലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ ധൈര്യമുണ്ടോയെന്ന ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി നിയമാനുസൃതമായി നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനത്തിനുശേഷം തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമന്ത്രിക്ക് കേസെടുക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. കോടതിയില്‍ വിചാരണ നടക്കുന്ന കേസാണിത്. കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഉമ്മന്‍ചാണ്ടി പ്രതിയെന്ന് വെളിപ്പെടുത്തിയത്. ഇതേപ്പറ്റി കോടതി സര്‍ക്കാരിന്റെ നിലപാട് ആരായുമ്പോള്‍ നിയമപരമായി ഇടപെടും. യുഡിഎഫിലുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ മറികടക്കാനാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെയൊക്കെ പറയുന്നത്.

കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കീഴടങ്ങി. മാണിയുടെ പിന്തുണ കിട്ടിയില്ലെങ്കില്‍ പുതുപ്പള്ളിയില്‍പ്പോലും ജയിക്കാനാകില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ബഹുജന അടിത്തറ വിപുലീകരിക്കാനാണ് ജാഥ നടത്തുന്നത്. ക്രൈസ്തവ സഭകള്‍ക്ക് എല്‍ഡിഎഫിനോടുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ചില നിലപാടുകള്‍ സംബന്ധിച്ച് രണ്ട് കൂട്ടര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നണിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും എതിര്‍പ്പുകളും വൈദിക ശ്രേഷ്ഠന്മാര്‍ക്കിടയില്‍ കുറയുകയാണ്. സഭകളുമായി സഹകരിച്ച് ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ് എല്‍ഡിഎഫിന്റെ കാഴ്ചപ്പാടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ദേശാ‍ഭിമാനി 230211

1 comment:

  1. പ്രതിസന്ധികളുടെ നടുക്കയത്തിലകപ്പെട്ട യുഡിഎഫിന്റെ ദയനീയമുഖമാണ് ചൊവ്വാഴ്ച നിയമസഭയിലും പുറത്തും മറനീക്കിയത്. നേതാക്കളുടെ ദുഷ്ചെയ്തികള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കെ ജനങ്ങളെ അഭിമുഖീകരിക്കാനാകാതെ എല്‍ഡിഎഫിനെതിരെ അപവാദങ്ങള്‍ക്ക് തിരികൊളുത്തി രക്ഷപ്പെടാനുള്ള വിഫലശ്രമത്തിലാണ് യുഡിഎഫ്. അന്യസംസ്ഥാന ലോട്ടറിയില്‍ മുഖംപൂഴ്ത്തി നാണക്കേട് മറയ്ക്കാനുള്ള നീക്കവും ദയനീയമായി പൊളിഞ്ഞു. ലോട്ടറിമാഫിയക്ക് താങ്ങും തണലും നല്‍കുന്നവരുടെ ലോട്ടറി വിരുദ്ധപടയൊരുക്കം അവര്‍ക്കുതന്നെ തിരിച്ചടിയായി. സഭയില്‍ അടിയന്തരപ്രമേയവും പിന്നീട് സബ്മിഷനുമായി പ്രത്യക്ഷപ്പെട്ട യുഡിഎഫുകാര്‍ക്ക് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കണക്കിന് കൊടുത്തു. ലോട്ടറിമാഫിയ തഴച്ചുവളര്‍ന്നത് കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വത്തിലാണെന്ന് മുഖ്യമന്ത്രി വസ്തുതകള്‍ സഹിതം അക്കമിട്ടു നിരത്തിയപ്പോഴാണ് ധാര്‍മികരോഷമുണര്‍ന്നവര്‍ നിയമസഭ അലങ്കോലമാക്കിയത്. സഭയില്‍ തോറ്റപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അപവാദപ്രചാരണം ആരംഭിച്ചു.

    ReplyDelete