Monday, March 28, 2011

സഞ്ചാരം കള്ളപ്പണത്തിന്റെ തണലില്‍: വി എസ്

കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്റര്‍ സഞ്ചാരം അഴിമതിയിലൂടെ സമാഹരിച്ച കള്ളപ്പണത്തിന്റെ തണലിലാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹെലികോപ്റ്ററില്ലെങ്കില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായി. ഹരിപ്പാടുനിന്ന് കെ എം മാണിയുടെ പാലയിലേക്ക് പോകുന്നതിനും ചെന്നിത്തലയ്ക്ക് ഹെലികോപ്റ്റര്‍തന്നെ ശരണം. ഇങ്ങനെപോയാല്‍ ഓരോ ജില്ലയ്ക്കും പ്രചാരണത്തിനായി ഒരു ഹെലികോപ്റ്റര്‍ എന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും- തിരുവനന്തപുരം ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം വാരിക്കോരി ഒഴുക്കുകയാണ്. കാല്‍നടയായി പ്രചാരണം നടത്തിയിരുന്ന ഗാന്ധിശിഷ്യരാണ് ഹെലികോപ്റ്റര്‍ ഉണ്ടെങ്കിലെ പറ്റൂവെന്ന സ്ഥിതിയിലെത്തിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ കോഴ ഇടപാടുകളിലൂടെ സമാഹരിച്ച കള്ളപ്പണം തെരഞ്ഞെടുപ്പിലേക്ക് ഒഴുക്കുകയാണ്. സ്പെക്ട്രം ഇടപാടിലൂടെയും കാര്‍ഗിലില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കബളിപ്പിച്ചും വാരിയെടുത്ത കോടാനുകോടിയുടെ കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വ്യമോഹം കേരള സമൂഹം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് തെരഞ്ഞെടുപ്പിലൂടെതന്നെ മറുപടി ലഭിക്കും. പെണ്‍വാണിഭക്കാരെ കൈയാമംവച്ച് തെരുവില്‍ നടത്തുമെന്ന് പറഞ്ഞിട്ട് ഇതുവരെ കഴിയാത്തതെന്താണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഈ പരിഹാസത്തിനുള്ള മറുപടി ഉടന്‍തന്നെ തിരിച്ചുകിട്ടുമെന്ന കാര്യം ഇക്കൂട്ടര്‍ മറക്കരുത്. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജയില്‍വാസം തുടങ്ങാനുള്ള അവസരത്തിന് 22 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇദ്ദേഹത്തിന്റെ വഴിയേതന്നെ പെണ്‍വാണിഭസംഘത്തിനും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുള്ള പാത തെളിയുമെന്ന കാര്യത്തില്‍ സംശയമില്ല. കോടതിയിലെ കാലതാമസം മനസ്സിലാക്കാതെ പരിഹസിക്കാന്‍ നിന്നവര്‍ക്കുള്ള മറുപപടിയാണ് ബാലകൃഷ്ണപിള്ളയിലൂടെ ലഭിച്ചത്.

പൊതുഖജനാവില്‍നിന്ന് കോടികള്‍ കരാറുകാര്‍ക്ക് വഴിവിട്ടുനല്‍കി, അതിന്റെ പങ്കുപറ്റി സുഖജീവിതം നയിക്കുന്നവരാണ് രക്ഷിക്കണെയെന്ന് നിലവിളിക്കുന്നത്. കള്ളന്മാര്‍ക്കും അഴിമതിക്കാര്‍ക്കും പെണവാണിഭകാര്‍ക്കുമാണോ തങ്ങളുടെ വോട്ടുനല്‍കേണ്ടതെന്ന ജനങ്ങളുടെ തിരിച്ചുള്ള ചോദ്യം കേട്ടതായിപോലും ഇക്കൂട്ടര്‍ നടിക്കുന്നില്ല. അത്തരക്കാര്‍ക്കുള്ള മറുപടി തെരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നത് സുനിശ്ചിതമാണ്. മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പ്രതികാര മനോഭാവം കാട്ടുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിയ്ക്കോ ഇത്തരം മനോഭാവം കാട്ടേണ്ട ഒരുകാര്യവുമില്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കണമെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് ടി എച്ച് മുസ്തഫയും സക്കറിയാ മാത്യുവുമാണ്. നിയമസഭയിലും ഉമ്മന്‍ചാണ്ടിയുടെ അഴിമതികള്‍ സംബന്ധിച്ച് എണ്ണിയെണ്ണി പറഞ്ഞ ടി എം ജേക്കബും ആക്ഷേപം ഉന്നയിച്ചു. ഇതേ ജേക്കബും അഴിമതിക്കേസില്‍ സുപ്രീംകോടതിയ്ക്കുമുന്നില്‍ നില്‍ക്കുന്നു. ജയിലില്‍ പിളളയ്ക്ക് കൂട്ടായി പോകാന്‍ ഒരുങ്ങുന്നവരുടെ നിര വലുതാകുന്നു. യുഡിഎഫില്‍ ആരാണ് അഴിമതിയില്‍ ബന്ധമില്ലാത്തവരെന്ന് തിരിച്ചറിയാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്നു: പിണറായി

പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള കെപിസിസിയുടെ വോട്ടുപിടിത്തമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭാ സ്ഥാനാര്‍ഥിയായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തുടങ്ങിയ ഹെലികോപ്ടര്‍ പര്യടനം തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടംവരെ തുടരുമെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍ മുന്‍കാലങ്ങളില്‍ രണ്ടോ മൂന്നോ ദിവസം കേരളത്തിലെത്തി ഹെലികോപ്ടറില്‍ സഞ്ചരിച്ച് വോട്ടുപിടിച്ച അനുഭവമുണ്ട്. എന്നാല്‍, പ്രചാരണത്തിന്റെ നീണ്ടകാലയളവില്‍ ഹെലികോപ്റ്റര്‍ പര്യടനം എന്നതിലേക്ക് മാറിയിരിക്കുന്നത് കേരളത്തിന് പുതിയ ശൈലിയാണ്. പാര്‍ടിയുടെ മുഖ്യപ്രചാരകര്‍, നിയമസഭാ സ്ഥാനാര്‍ഥികള്‍ ആണെങ്കില്‍ അവര്‍ സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് ഹെലികോപ്ടര്‍ ഉപയോഗിച്ചാല്‍ അത് സ്ഥാനാര്‍ഥിയുടെ ചെലവില്‍ കണക്കാക്കണമെന്നാണ് തെരഞ്ഞുെപ്പ് കമീഷന്റെ നിബന്ധന. ഹരിപ്പാട്ടെ സ്ഥാനാര്‍ഥിയായ ചെന്നിത്തല കോട്ടയത്തുനിന്ന് ഹരിപ്പാട്ട് ഹെലികോപ്റ്ററിലെത്തി പ്രചാരണം നടത്തി. അതിനാല്‍ ഹെലികോപ്റ്റര്‍ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണം.

എംപിമാരുടെ വോട്ടിന് കോഴ നല്‍കിയതുപോലെ കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാനും യുഡിഎഫ് വലിയതോതില്‍ കോഴപ്പണം ഇറക്കുകയാണ്. ഇതിനുപിന്നില്‍ അഴിമതിപ്പണമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് മന്‍മോഹന്‍സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുക്കാന്‍ 60 കോടി കോഴ നല്‍കിയതിനെപ്പറ്റി സോണിയാഗാന്ധിയുടെ വിശ്വസ്തനായ എംപി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് നടത്തിയ വെളിപ്പെടുത്തല്‍ വിക്കിലീക്സ് രേഖയായി പുറത്തുവന്നിട്ടുണ്ട്. സാമ്രാജ്യത്വ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിലേക്ക് അമേരിക്ക നേരിട്ട് ഇടപെടുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്. എംപിമാരെ വിലയ്ക്കെടുക്കാന്‍ കോഴ നല്‍കിയ കോണ്‍ഗ്രസ്, കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പിച്ച തോതില്‍ കള്ളപ്പണം പ്രവഹിപ്പിക്കയാണ്. ഈ പണത്തിന്റെ കുത്തൊഴുക്ക് തെളിയിക്കുന്നതാണ് കെപിസിസിയുടെ ഹെലികോപ്ടര്‍ പര്യടനമെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

ചെന്നിത്തലയ്ക്കു പിന്നാലെ ഉമ്മന്‍ചാണ്ടിക്കും ഹെലികോപ്റ്റര്‍

തിരു: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണക്കൊഴുപ്പ് പകര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ഹെലികോപ്റ്റര്‍ എത്തുന്നു. രമേശ് ചെന്നിത്തലയ്ക്കായി ശനിയാഴ്ച ഹെലികോപ്റ്റര്‍ എത്തിയതിന് പിന്നാലെയാണ് അടുത്ത ഹെലികോപ്റ്ററും കേരളത്തിലേക്ക് വരുന്നത്. കോടികള്‍ ചെലവിട്ടുള്ള ഈ ഹെലികോപ്റ്റര്‍ പ്രചാരണത്തിനുള്ള സാമ്പത്തികസ്രോതസ്സ് ദുരൂഹം. തെരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതുവരെ ഇരു നേതാക്കളുടെയും തെരഞ്ഞെടുപ്പ് പര്യടനം ഹെലികോപ്റ്ററിലായിരിക്കും. മണിക്കൂറിന് ഒരുലക്ഷം രൂപയാണ് സ്വകാര്യകമ്പനികള്‍ ഹെലികോപ്റ്റര്‍ വാടക ഈടാക്കുന്നത്. അതുപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോഴേക്കും കോടികള്‍ ഇരുനേതാക്കളുടെയും പര്യടനത്തിനു മാത്രമായി കേരളത്തില്‍ ചെലവിട്ടിരിക്കും. മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീപ്പ് അനുവദിച്ചിരുന്ന സ്ഥാനത്താണ് ഹെലികോപ്റ്ററിലേക്കുള്ള മാറ്റം. കോണ്‍ഗ്രസിന്റെ കൈവശമുള്ള കോടികളെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങള്‍ വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റര്‍ പ്രചാരണത്തിനുള്ള ഫണ്ടിനെപ്പറ്റി സംശയം ഉയരുന്നത്. കൊച്ചു സംസ്ഥാനമായ കേരളത്തില്‍ ഹെലികോപ്റ്ററില്‍ നേതാക്കള്‍ പര്യടനം നടത്തുന്നതിന്റെ ആവശ്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.

ചെന്നിത്തല മറ്റു പാര്‍ടിയില്‍പ്പെട്ട സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തിയാല്‍ അതിന്റെ ചെലവ് ആ സ്ഥാനാര്‍ഥി വഹിക്കണം. അതനുസരിച്ച് ശനിയാഴ്ച പാലായില്‍ രമേശ് ചെന്നിത്തല എത്തിയ ഹെലികോപ്റ്ററിന്റെ വാടക കെ എം മാണിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ വരും. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 16 ലക്ഷം രൂപയേ ചെലവിടാന്‍ അനുമതിയുള്ളൂ. മുഖ്യപ്രചാരകരുടെ കൂടെ സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ ഹെലികോപ്റ്ററില്‍ കയറിയാല്‍ ചെലവിന്റെ പകുതി സ്ഥാനാര്‍ഥിയുടെ കണക്കില്‍ വരും. ഒന്നിലേറെ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ചെലവ് അവരെല്ലാംചേര്‍ന്ന് മുടക്കണമെന്നും ചട്ടം അനുശാസിക്കുന്നു. ഹരിപ്പാട് മണ്ഡലത്തില്‍ മത്സരിക്കുന്ന രമേശ് ചെന്നിത്തല കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഹെലികോപ്റ്ററിലാണ് മണ്ഡലത്തിലെത്തിയത്. യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയ വ്യാഴാഴ്ച എറണാകുളത്തുനിന്ന് നേരെ നങ്ങ്യാര്‍കുളങ്ങര എന്‍ടിപിസി ഹെലിപ്പാഡില്‍ പകല്‍ 2.30 ഓടെ എത്തി കാര്‍മാര്‍ഗം മണ്ഡലത്തില്‍ പര്യടനം നടത്തി. വെള്ളിയാഴ്ച കോട്ടയത്തെ പരിപാടിക്കുശേഷവും വൈകിട്ടോടെ ചെന്നിത്തല ഹെലികോപ്റ്ററിലെത്തി. എന്‍ടിപിസി ഹെലിപ്പാട് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചതന്നെ ചെന്നിത്തല ജില്ലാ ഇലക്ഷന്‍ ഓഫീസര്‍കൂടിയായ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എത്രദിവസത്തേക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗമെന്ന് അപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് കലക്ടര്‍ പി വേണുഗോപാല്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് സ്ഥാനാര്‍ഥി നേരിട്ടാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ ചെലവും സ്ഥാനാര്‍ഥിതന്നെ വഹിക്കണം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ദേശാഭിമാനി 280311

ചെന്നിത്തലയുടെ ചെലവില്‍ ഉള്‍പ്പെടുത്തണം: സി കെ ചന്ദ്രപ്പന്‍


ഹരിപ്പാട് നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന് ചന്ദ്രപ്പന്‍ ഇത് സംബന്ധിച്ച കത്തു നല്‍കിയിട്ടുണ്ട്.

കോട്ടയത്തെ പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡാണ് ശനിയാഴ്ച രമേശ് ചെന്നിത്തല സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. സ്‌കൂള്‍ ഗ്രൗണ്ട് പോലുള്ള പൊതു സ്ഥലങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്നതിന് വിലക്കുള്ളപ്പോള്‍ പൊലീസ് പരേഡ് ഗ്രൗണ്ട് ഉപയോഗിച്ച കാര്യവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കണമെന്ന് ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഹെലികോപ്റ്റര്‍ യാത്രാ ചെലവ് സ്ഥാനാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്താന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് എം പി അച്യുതന്‍ എം പിയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്.

ജനയുഗം 280311

1 comment:

  1. കോണ്‍ഗ്രസ് നേതാക്കളുടെ ഹെലികോപ്റ്റര്‍ സഞ്ചാരം അഴിമതിയിലൂടെ സമാഹരിച്ച കള്ളപ്പണത്തിന്റെ തണലിലാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഹെലികോപ്റ്ററില്ലെങ്കില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലായി. ഹരിപ്പാടുനിന്ന് കെ എം മാണിയുടെ പാലയിലേക്ക് പോകുന്നതിനും ചെന്നിത്തലയ്ക്ക് ഹെലികോപ്റ്റര്‍തന്നെ ശരണം. ഇങ്ങനെപോയാല്‍ ഓരോ ജില്ലയ്ക്കും പ്രചാരണത്തിനായി ഒരു ഹെലികോപ്റ്റര്‍ എന്നതിന് സാക്ഷ്യം വഹിക്കേണ്ടിവരും- തിരുവനന്തപുരം ജില്ലയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete