Wednesday, March 30, 2011

തൊഴിലാളികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളില്‍ റെക്കോഡ്

കേരള കള്ളുവ്യവസായ ക്ഷേമനിധി ബോര്‍ഡ് കള്ള്-ചെത്ത് തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയത് റെക്കോഡ് വര്‍ധന. തൊഴിലാളികളുടെ പെന്‍ഷന്‍, മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ചികിത്സാസഹായം, അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം, മരണാനന്തര സഹായം എന്നിങ്ങനെ തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങളിലെല്ലാം മികച്ച വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞതായി ബോര്‍ഡ് ചെയര്‍മാന്‍ കെ എം സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ ബോര്‍ഡ് ചുമതലയേല്‍ക്കുമ്പോള്‍ തൊഴിലാളികളുടെ പ്രതിമാസ പെന്‍ഷന്‍ 150 രൂപയായിരുന്നു. 2009 ഏപ്രില്‍ മുതല്‍ ഇത് 500 രൂപയാക്കി. ഇതിനുപുറമെ ഓരോ വര്‍ഷത്തെ സര്‍വീസിനും 10 രൂപ പ്രകാരം വര്‍ധന നല്‍കാനും തീരുമാനിച്ചു. ഇതനുസരിച്ച് 25 വര്‍ഷത്തെ സര്‍വീസുള്ള തൊഴിലാളിക്ക് 500 രൂപ പെന്‍ഷനുപുറമെ 250 രൂപകൂടി ലഭിക്കും. കൂടാതെ നിലവില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് എട്ടുശതമാനത്തില്‍നിന്ന് 10 ശതമാനമാക്കുകയും തൊഴിലുടമയുടെ വിഹിതത്തില്‍നിന്ന് രണ്ട് ശതമാനം ഉള്‍പ്പെടെ 4 ശതമാനം തുക പെന്‍ഷന്‍ ഫണ്ടില്‍ പ്രത്യേകം വരവുവയ്ക്കുകയും ചെയ്യുന്നു. ഇതുപ്രകാരമുള്ള പെന്‍ഷന്‍ വര്‍ധനവ് തൊഴിലാളികള്‍ പിരിയുമ്പോള്‍ ലഭിക്കും. നിലവില്‍ 14,431 തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ബോര്‍ഡ് ചുമതലയേല്‍ക്കുമ്പോള്‍ 8776 പേരായിരുന്നു. പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് മരണാനന്തര സഹായമായി 3000 രൂപയുടെ പുതിയ ആനുകൂല്യവും ബോര്‍ഡ് ഏര്‍പ്പെടുത്തി.

ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 200 രൂപമുതല്‍ 3000 രൂപവരെ നല്‍കിയിരുന്നത് 300 രൂപമുതല്‍ 4500 രൂപവരെയാക്കി. എട്ടാം ക്ളാസ്മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവരെയാണ് ഈ ആനുകൂല്യം. എസ്എസ്എല്‍സിക്ക് തൊഴിലാളികളുടെമികച്ച വിജയം നേടുന്ന മക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സ്വര്‍ണപ്പതക്കങ്ങളും എല്ലാ വര്‍ഷവും നല്‍കിവരുന്നു. പോയവര്‍ഷം മാത്രം സംസ്ഥാനത്ത് മൂന്ന് കുട്ടികള്‍ക്ക് സ്വര്‍ണമെഡലും അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കി. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവ ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന രോഗികള്‍ക്കുള്ള ധനസഹായം 10,000 രൂപയില്‍നിന്ന് 15,000 രൂപയായി വര്‍ധിപ്പിച്ചു. അവശതമൂലം പൂര്‍ണമായി ജോലിചെയ്യാന്‍ കഴിയാത്ത രജിസ്റ്റര്‍ചെയ്ത തൊഴിലാളികള്‍ക്ക് മാസംതോറുമുള്ള സാമ്പത്തിക സഹായം 150 രൂപയില്‍ നിന്ന് 300 രൂപയാക്കി. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന തൊഴിലാളിയുടെ ചികിത്സക്ക് 25000 രൂപയാണ് നല്‍കിവന്നിരുന്നത്. മരണപ്പെട്ടാല്‍ ആ തുക ആശ്രിതര്‍ക്ക് നല്‍കുന്നു. ഇത് 2009 നവംബര്‍മുതല്‍ 50,000 രൂപയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ തൊഴില്‍ രംഗങ്ങളിലും നടപ്പില്‍വരുത്തിയ തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനമികവിന് പിന്നിലുമെന്ന് കെ എം സുധാകരന്‍ പറഞ്ഞു.

ദേശാഭിമാനി 300311

1 comment:

  1. കേരള കള്ളുവ്യവസായ ക്ഷേമനിധി ബോര്‍ഡ് കള്ള്-ചെത്ത് തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയത് റെക്കോഡ് വര്‍ധന. തൊഴിലാളികളുടെ പെന്‍ഷന്‍, മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ചികിത്സാസഹായം, അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം, മരണാനന്തര സഹായം എന്നിങ്ങനെ തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങളിലെല്ലാം മികച്ച വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞതായി ബോര്‍ഡ് ചെയര്‍മാന്‍ കെ എം സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete