Tuesday, March 29, 2011

ജനവിശ്വാസത്തിന്റെ കരുത്തില്‍ എല്‍.ഡി.എഫ്; ബി ജെ പിയെ കൂട്ടുപിടിച്ച് യു ഡി എഫ്

അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്കൊടിയെ മാത്രം നെഞ്ചേറ്റിയ മലമ്പുഴ മണ്ഡലം ഇക്കുറി കൂടുതല്‍ കരുത്തോടെയാണ് ചുവപ്പിനെ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നാം തവണയും ജനവിധി തേടാന്‍ എത്തുന്ന മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആരായാലും പരിഗണന അര്‍ഹിക്കുന്നില്ല എന്ന ആവേശത്തിലാണ് വോട്ടര്‍മാര്‍. കഴിഞ്ഞ ആഴ്ച മലമ്പുഴയിലെത്തിയ വി എസിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ കാത്തുനിന്നപ്പോള്‍ അത് യു ഡി എഫ് നേതൃത്വത്തിന്റെ നെഞ്ചില്‍ ഇടിത്തീയായി. ഇത് മറയ്ക്കാന്‍ ബി ജെ പിയുമായി വോട്ട് പങ്കിടാന്‍ തന്ത്രം മെനയുകയാണ് യു ഡി എഫ് നേതൃത്വം.

മലമ്പുഴയില്‍ മൂന്നാം തവണ ജനവിധി തേടുന്ന വി എസിന്റെ ഭൂരിപക്ഷം ഇക്കുറി എത്ര വര്‍ധിക്കുമെന്നു മാത്രമാണ് എതിരാളികള്‍ പോലും ഉറ്റുനോക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എസ് വിജയരാഘവന്‍ മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും കോട്ടയത്തു നിന്ന് ലതികസുഭാഷ് എന്ന മഹിളാകോണ്‍ഗ്രസ് നേതാവിനെ കൊണ്ടുവരേണ്ടി വന്നു യു ഡി എഫിന് മത്സരിക്കാന്‍. കഴിഞ്ഞ ലോക്‌സഭയില്‍ 9,000 വോട്ട് നേടിയ ബി ജെ പി ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യു ഡി എഫിനെ സഹായിക്കാന്‍ സമ്മതിച്ചിരിക്കുകയാണ്. എങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ നെഞ്ചേറ്റി ജനങ്ങള്‍ അവരുടെ പ്രതിനിധിയായി വി എസിനെ ഉറപ്പിച്ചുകഴിഞ്ഞു.
കെ പി സി സി സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് യു ഡി എഫ് സ്ഥാനാര്‍ഥി ലതിക സുഭാഷ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. ബി ജെ പി ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി കെ മജീദ് ആണ് എന്‍ ഡി എ സ്ഥാനാര്‍ഥി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ പെട്ട മിക്ക പഞ്ചായത്തുകളിലും എല്‍ ഡി എഫിനെതിരെ പൊതുസ്ഥാനാര്‍ഥികളെ നിര്‍ത്തിയാണ് കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് മലമ്പുഴയില്‍ ബി ജെ പി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. മണ്ഡലത്തില്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും യോജിച്ചാണ് ഇപ്പോഴും ഭരണം നടത്തുന്നത്.

ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതില്‍ മുന്നണിപ്പോരാളിയായിരുന്ന എം പി കുഞ്ഞിരാമന്‍ മാസ്റ്ററാണ് ആദ്യമായി 1965ല്‍ മലമ്പുഴയില്‍ ചെങ്കൊടി പാറിച്ചത്. 67 ല്‍ വീണ്ടും കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിയമസഭയിലെത്തി. 69 ലും 70 ലും വി കൃഷ്ണദാസിനെ വിജയിപ്പിച്ച മലമ്പുഴയില്‍ 1980 ല്‍ ഇ കെ നായനാര്‍ ജയിച്ചു. 82 ല്‍ നായനാര്‍ വിജയം ആവര്‍ത്തിച്ചു. 1987, 1991, 1996 വര്‍ഷങ്ങളില്‍ ടി ശിവദാസമേനോനായിരുന്നു മലമ്പുഴയുടെ പ്രതിനിധി. 2001 ല്‍ വി എസ് അച്യുതാനന്ദനെ നിയമസഭയിലെത്തിച്ച മലമ്പുഴ, 2006 ല്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് (20,017) അദ്ദേഹത്തെ വിജയകിരീടമണിയിച്ചത്. ഈ റെക്കോഡ് ഇത്തവണ വി എസ് തന്നെ തിരുത്തുമെന്ന് ഉറപ്പാണ്.

പുനര്‍നിര്‍ണയത്തിന് ശേഷം മലമ്പുഴ, മുണ്ടൂര്‍, പുതുപ്പരിയാരം, അകത്തേത്തറ, മരുതറോഡ്, കൊടുമ്പ്, എലപ്പുളളി, പുതുശ്ശേരി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ മലമ്പുഴ മണ്ഡലം. ഇതില്‍ പുതുശ്ശേരി ഒഴികെയുളള എല്ലാ പഞ്ചായത്തുകളിലും എല്‍ ഡി എഫ് ഭരണമാണ്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ 280 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി, അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിന്റെ മുഖച്ഛായതന്നെ മാറി. മലമ്പുഴ ഉദ്യാനത്തിന്റെ വികസനത്തിനായി 23 കോടിയിലധികം രൂപയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെലവഴിച്ചത്. ജനങ്ങളുടെ ദീര്‍ഘകാല ആഗ്രഹമായ മലമ്പുഴ റിങ് റോഡ് യാഥാര്‍ഥ്യമാക്കി. ഏഷ്യയിലെ പ്രധാന കന്നുകാലി പ്രജനന കേന്ദ്രമാക്കി ധോണി ഫാമിനെ വളര്‍ത്തിയത് കന്നുകാലി പരിപാലന രംഗത്ത് ജില്ലയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. കുടിലുകളില്‍ പോലും വൈദ്യുതി എത്തിച്ചതിലൂടെ സമ്പൂര്‍ണ വൈദ്യുതി നേട്ടത്തില്‍ മണ്ഡലം മുന്‍പന്തിയിലെത്തി. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് സ്ഥലം നല്‍കിയതും 'ബെമലി' ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയതും വ്യാവസായിക രംഗത്തെ മികവുകളാണ്. 1,78,781 വോട്ടര്‍മാരാണ് ഇവിടെയുള്ളത്.
(സുരേന്ദ്രന്‍ കുത്തനൂര്‍)

ജനയുഗം 290311

1 comment:

  1. അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്കൊടിയെ മാത്രം നെഞ്ചേറ്റിയ മലമ്പുഴ മണ്ഡലം ഇക്കുറി കൂടുതല്‍ കരുത്തോടെയാണ് ചുവപ്പിനെ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നാം തവണയും ജനവിധി തേടാന്‍ എത്തുന്ന മണ്ഡലത്തില്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആരായാലും പരിഗണന അര്‍ഹിക്കുന്നില്ല എന്ന ആവേശത്തിലാണ് വോട്ടര്‍മാര്‍. കഴിഞ്ഞ ആഴ്ച മലമ്പുഴയിലെത്തിയ വി എസിനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ കാത്തുനിന്നപ്പോള്‍ അത് യു ഡി എഫ് നേതൃത്വത്തിന്റെ നെഞ്ചില്‍ ഇടിത്തീയായി. ഇത് മറയ്ക്കാന്‍ ബി ജെ പിയുമായി വോട്ട് പങ്കിടാന്‍ തന്ത്രം മെനയുകയാണ് യു ഡി എഫ് നേതൃത്വം.

    ReplyDelete