Tuesday, March 29, 2011

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - ഒന്നാം ഭാഗം

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പതിവുപോലെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എല്‍ഡിഎഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തീകരിച്ച്, കേരളവികസനത്തിന് അനുയോജ്യമായ പ്രകടനപത്രിക ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് ഐക്യത്തോടെയും കെട്ടുറപ്പോടെയും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളം സ്വന്തമാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനും ഭരണത്തുടര്‍ച്ച അനിവാര്യമാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഊന്നിപ്പറയുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയം എന്നത് കേവലമായി ഈ സംസ്ഥാനത്തുമാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതിന് സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ട്. ലോകത്താകമാനം പടര്‍ന്നുകിടക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. ഭൂമിയുടെ ഏത് കോണില്‍ സംഭവിക്കുന്ന രാഷ്ട്രീയപ്രശ്നവും കേരളത്തില്‍ ചര്‍ച്ചാവിഷയമാകും. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ സാര്‍വദേശീയരംഗത്തെ പ്രശ്നങ്ങള്‍ നമ്മുടെ സമ്പദ്ഘടനയുടെ നിലനില്‍പ്പുമായി വര്‍ത്തമാനകാലത്ത് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.

ലോകത്തിനുമുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാനുതകുന്ന തരത്തിലുള്ളതായിരുന്നു ഒരു കാലത്ത് ഇന്ത്യയുടെ വിദേശനയം. ചേരിചേരായ്മയിലൂന്നിയതായിരുന്നു അത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോകത്തെ ശാക്തിക ബലാബലത്തില്‍ മാറ്റമുണ്ടാവുകയും അമേരിക്കയുടെ ഏകലോകക്രമം സ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തിപ്പെടുകയും ചെയ്തതോടെ അത്തരം നയങ്ങളുമായി കൂടിച്ചേരുന്ന സമീപനം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചു. ഇപ്പോള്‍ ചേരിചേരാനയം ഉപേക്ഷിക്കുകയും അമേരിക്കന്‍ ആശ്രിതത്വനയം നടപ്പാക്കുകയും ചെയ്യുകയാണ്. ഈ മാറ്റം വിവിധ തലങ്ങളില്‍ പ്രതിഫലിച്ചു. അറബ് രാഷ്ട്രങ്ങളെ നിരന്തരമായി ആക്രമിക്കുന്ന ഇസ്രയേലുമായി നമ്മുടെ രാജ്യത്തിന് നയതന്ത്രബന്ധമുണ്ടായിരുന്നില്ല. ഇന്ന് ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഇപ്പോള്‍ ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങുന്ന ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. അറബ് രാഷ്ട്രങ്ങളെ ആക്രമിക്കുന്നതിനുള്ള ഇസ്രയേലിന്റെ പ്രധാന വരുമാന സ്രോതസ്സ് ഇത്തരം ആയുധ വ്യാപാരമാണ്. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനെതിരെ അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുഗുണമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഉപഹാരം നല്‍കാനും കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ പോയ സംഭവം സംസ്ഥാനരാഷ്ട്രീയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചത് ഓര്‍ക്കേണ്ടതാണ്. ഇന്ത്യയുടെ ഊര്‍ജക്ഷാമം പരിഹരിക്കുന്നതിന് ഏറ്റവും സഹായകമായ ഇറാന്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് പ്രവര്‍ത്തിച്ച പെട്രോളിയം മന്ത്രി മണിശങ്കര്‍ അയ്യര്‍ക്ക് മന്ത്രിസ്ഥാനം തന്നെ നഷ്ടപ്പെട്ടു. പകരം മുരളി ദേവ്റയെ നിയമിച്ചത് അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് എന്നതിന്റെ തെളിവ് വിക്കിലീക്സിലൂടെ പുറത്തുവന്നിട്ടുണ്ട്.

അമേരിക്കന്‍ താല്‍പ്പര്യപ്രകാരമാണ് മന്ത്രിമാരെപോലും നിയമിക്കുന്നത് എന്ന അതീവ ഗുരുതരാവസ്ഥയാണ് രാജ്യത്തുള്ളത്. ഇത്തരം ഇടപെടലുകളെ പ്രതിരോധിക്കുന്ന നിലപാടെടുത്ത വിദേശമന്ത്രിയായിരുന്നു നട്വര്‍സിങ്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ താല്‍പ്പര്യമാണ് എന്ന വിമര്‍ശം നേരത്തെ ഉയര്‍ന്നുവന്നിരുന്നു. അത് യാഥാര്‍ഥ്യമാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുകയാണ്. ഇറാഖ് അധിനിവേശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യാഗവണ്‍‌മെന്റ് പരാജയപ്പെട്ടു. ലിബിയയിലെ ആക്രമണങ്ങളുടെ കാര്യത്തിലും ഈ നിസംഗത തുടരുകയാണ്. ഏറെ കേരളീയര്‍ ജോലിചെയ്യുന്ന പ്രദേശമാണ് ലിബിയ. ലിബിയന്‍ പ്രശ്നത്തിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാട്ടുകയാണ്. ഈ ഇടപെടലിനെതിരെ ഐക്യരാഷ്ട്രസഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യാഗവണ്‍‌മെന്റ് തയ്യാറാവേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെടുന്ന രാജ്യങ്ങള്‍ക്ക് അത്താണിയായിരുന്ന നമ്മുടെ രാജ്യം ഇപ്പോള്‍ ആ നയം കളഞ്ഞുകുളിച്ചിരിക്കുന്നു.

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത് എന്തെങ്കിലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയല്ല; മറിച്ച്, നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്; ആണവകരാറിലൂടെ ഇന്ത്യയെ സാമ്രാജ്യത്വശക്തികളുടെ ദാസ്യരാജ്യമാക്കി മാറ്റുന്നതിനെതിരെയാണ്. ഈ കരാര്‍ രാജ്യത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കുമെന്നും അത് മുടക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നുമാണ് അന്ന് നടത്തിയ പ്രചാരണം. അന്ന് അങ്ങനെപറഞ്ഞവരെ ഇരുത്തി ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഉണ്ടാകുന്നത്. ആണവകരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത്, കോടികള്‍ കോഴ നല്‍കിയാണ് എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. വിശ്വാസവോട്ടെടുപ്പില്‍ അകാലിദള്‍ എംപിമാരെ അനുകൂലമാക്കാന്‍ സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരു ഭാഗം അടങ്ങിയ ബാഗുകള്‍ അദ്ദേഹത്തിന്റെ അനുയായി അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിച്ച് ഒരുക്കങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതായി വിക്കിലീക്സ് രേഖകള്‍ തെളിയിക്കുന്നു. അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ രാഷ്ട്രീയ വിഭാഗം ചുമതലക്കാരനായ സ്റീഫന്‍ വൈറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയക്കുകയുണ്ടായി. യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന കാര്യത്തില്‍ അമേരിക്കയ്ക്കുള്ള വ്യഗ്രതയുടെയും കോണ്‍ഗ്രസുമായുള്ള അമേരിക്കയുടെ അടുപ്പത്തിന്റെയും തെളിവുകൂടിയാണ് ഈ സംഭവം. ആണവകരാര്‍കൊണ്ട് ഇന്ത്യയില്‍ ഇതുവരെ ഒരു മെഗാവാട്ട് വൈദ്യുതിപോലും അധികം ഉല്‍പ്പാദിപ്പിക്കാനായിട്ടില്ല. മാത്രമല്ല, കരാര്‍ നടപ്പാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കുകപോലും ചെയ്തില്ല. എന്നാല്‍, കരാറിന്റെ പേരില്‍ അമേരിക്കന്‍ കമ്പനികള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കുന്നതാണ് നാം കണ്ടത്.

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായ ഭോപാല്‍ വിഷവാതകദുരന്തത്തിലെ യഥാര്‍ഥ പ്രതികളെ സര്‍ക്കാര്‍ വെറുതെ വിട്ടു. എത്ര വലിയ ആണവദുരന്തമുണ്ടായാലും തുച്ഛമായ നഷ്ടപരിഹാരം മാത്രം നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സൌകര്യം നല്‍കുന്ന ആണവബാധ്യതാ ബില്‍ പാസാക്കി. ഫുക്കുഷിമയില്‍ ഉണ്ടായതുപോലുള്ള അപകടമുണ്ടായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് എളുപ്പത്തില്‍ നഷ്ടപരിഹാരം നല്‍കാതെ കൈകഴുകാമെന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ രാജ്യത്തെ ജനതയെ സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കായി എറിഞ്ഞുകൊടുക്കുന്ന നിലയാണ് ഈ കരാറിലൂടെ രൂപപ്പെട്ടുവന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ ഇറാനെതിരെ ഇന്ത്യ വോട്ട് ചെയ്തതും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന നിരുപം സെന്നിനെ ദുര്‍ബലനാക്കുന്നതിനായി അമേരിക്കന്‍ താല്‍പ്പര്യപ്രകാരമാണ് ചില ഉദ്യോഗസ്ഥരെ ഇന്ത്യ യുഎന്നില്‍ പ്രതിഷ്ഠിച്ചതെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വസ്ത സഖ്യകക്ഷിയാണ് അമേരിക്കയെന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാദം. എന്നാല്‍, യാഥാര്‍ഥ്യം എത്രയോ അകലെയാണ്. മുംബൈ ഭീകരാക്രമണത്തിന്റെ കാര്യമെടുക്കാം. മുഖ്യസൂത്രധാരനെ ഇന്ത്യക്ക് കൈമാറാന്‍ ഇതുവരെ അമേരിക്ക തയ്യാറായിട്ടില്ല. 1999ല്‍ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അമേരിക്കയുടെ പക്കലുണ്ടായിരുന്നു. ഒരെണ്ണംപോലും കൈമാറാന്‍ അമേരിക്ക തയ്യാറായില്ല. എന്നിട്ടും അമേരിക്ക ഇന്ത്യയെ സഹായിക്കുമെന്ന് പറയുന്നതിന്റെ യുക്തി യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രചെയ്യാനായി ബോയിങ് വിമാനങ്ങള്‍ അമേരിക്കയില്‍നിന്നു വാങ്ങി. അതിന്റെ കരാറില്‍ മൂന്നു വര്‍ഷത്തിനുശേഷം പുതിയ നിബന്ധനകള്‍ എഴുതിച്ചേര്‍ത്തു. അതുപ്രകാരം പ്രധാനമന്ത്രിയുടെ വിമാനത്തില്‍ ഇടയ്ക്കിടെ അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താം. പ്രധാനമന്ത്രിയുടെ യാത്രാവിമാനംപോലും ഇന്ന് അമേരിക്കന്‍ നിയന്ത്രണത്തിലാണ്. ഈ സംഭവം നടന്നപ്പോള്‍ പ്രതിഷേധിക്കാനല്ല, നാണക്കേട് പുറംലോകം അറിയാതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

വിമോചനസമരത്തിലൂടെ ആദ്യത്തെ കേരളസര്‍ക്കാരിനെ താഴെയിറക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നടത്തിയ ശ്രമങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത്തരം ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. നന്ദിഗ്രാം പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ കൊല്‍ക്കത്തയിലെ അമേരിക്കന്‍ എംബസി ഇടപെട്ടിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-മമത ബാനര്‍ജി സീറ്റു വിഭജനത്തര്‍ക്കം പരിഹരിക്കുന്നതിന് ഇടനിലക്കാരായി നിന്നത് കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോസുലേറ്റായിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു. രാജ്യത്തിന്റെ നയപരമായ മാറ്റങ്ങളില്‍ മാത്രമല്ല, മന്ത്രിമാരെ തീരുമാനിക്കുന്നതില്‍പ്പോലും അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ ഇടപെടുന്നു എന്നത് നിസ്സാരമല്ല. സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന, ഭരണഘടന വിഭാവനംചെയ്യുന്ന കാഴ്ചപ്പാടിനെത്തന്നെ അപകടപ്പെടുത്തുന്നതാണ് ഈ സമീപനം. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യ്രവും സംരക്ഷിക്കുന്നതിനായി പൊരുതിയ സ്വാതന്ത്യ്രസമര പോരാളികളുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ് ഇവര്‍ സാമ്രാജ്യത്വ ദാസ്യം പ്രകടിപ്പിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായി പ്രതിഷേധം ഉയര്‍ത്താന്‍ കേരളീയര്‍ക്കുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. രാജ്യസ്നേഹികളുടെ സാമ്രാജ്യത്വവിരുദ്ധ സമീപനം അലയടിക്കുന്ന ഒന്നായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
(പിണറായി വിജയന്‍)

deshabhimani 290311

രണ്ടാം ഭാഗം

1 comment:

  1. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്. പതിവുപോലെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. എല്‍ഡിഎഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തീകരിച്ച്, കേരളവികസനത്തിന് അനുയോജ്യമായ പ്രകടനപത്രിക ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച് ഐക്യത്തോടെയും കെട്ടുറപ്പോടെയും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. കേരളം സ്വന്തമാക്കിയ നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് സംസ്ഥാനത്തെ നയിക്കുന്നതിനും ഭരണത്തുടര്‍ച്ച അനിവാര്യമാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ഊന്നിപ്പറയുന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയം എന്നത് കേവലമായി ഈ സംസ്ഥാനത്തുമാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതിന് സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ട്. ലോകത്താകമാനം പടര്‍ന്നുകിടക്കുന്ന ജനവിഭാഗമാണ് മലയാളികള്‍. ഭൂമിയുടെ ഏത് കോണില്‍ സംഭവിക്കുന്ന രാഷ്ട്രീയപ്രശ്നവും കേരളത്തില്‍ ചര്‍ച്ചാവിഷയമാകും. കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ സാര്‍വദേശീയരംഗത്തെ പ്രശ്നങ്ങള്‍ നമ്മുടെ സമ്പദ്ഘടനയുടെ നിലനില്‍പ്പുമായി വര്‍ത്തമാനകാലത്ത് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.

    ReplyDelete