Thursday, March 31, 2011

ആദ്യം മുഖംമാറ്റം പിന്നെ മനംമാറ്റം

ആലപ്പുഴ: ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ആലപ്പുഴയുടെ മനസ്സിലിരിപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ വ്യക്തം. പുന്നപ്രയുടെയും വയലാറിന്റെയും പോരാട്ടവീറ് നെഞ്ചേറ്റുന്ന ഈ മണ്ഡലത്തിന്റെ മനസ്സ് ഉരുവിടുന്ന പേര് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെത്. ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍, ജനകീയാസൂത്രണത്തിന്റെ ശില്‍പ്പി, ആസൂത്രണവിദഗ്ധന്‍, എഴുത്തുകാരന്‍, നാടിന്റെ സങ്കടവഴിയില്‍ ആശ്വാസത്തിന്റെ വെളിച്ചം പകരുന്ന ഭരണാധികാരി എന്നീ നിലകളിലെല്ലം തിളക്കമാര്‍ന്ന നേട്ടത്തിനുടമ. ധനമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം നാടിനെ ക്ഷേമൈശ്വര്യങ്ങളുടെ പച്ചപ്പിലേക്ക് നയിച്ചതിന്റെ അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും ജനഹിതം തേടുന്നത്.
2001, 2006 ഘട്ടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് ജയിച്ചുവന്നത് മാരാരിക്കുളം മണ്ഡലത്തില്‍നിന്നായിരുന്നു. മണ്ഡല പുനഃസംഘടനയോടെ മാരാരിക്കുളം ഇല്ലാതായി. പഴയ ആലപ്പുഴ മണ്ഡലവും വല്ലാതെ മാറി. രണ്ടിന്റെയും ഭാഗങ്ങള്‍ ചേരുന്ന പുതിയ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ നില ഭദ്രം. പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ മണ്ഡലത്തിന്റെ ഘടനയില്‍ അടിസ്ഥാനപരമായ മാറ്റംതന്നെ വന്നു. 1957ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ മണ്ഡലം നഗരസഭാ പ്രദേശംമാത്രം ഉള്‍ക്കൊണ്ടിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍പഴയ മാരാരിക്കുളം മണ്ഡലത്തിലെ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളും ചേരുന്നു. ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രം ആലപ്പുഴയ്ക്കുണ്ട്. പക്ഷേ 1991തൊട്ടുള്ള യുഡിഎഫ് ആധിപത്യം തകര്‍ക്കും എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളായ കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകള്‍.

ടി വി തോമസിലൂടെ 57ല്‍ കമ്യൂണിസ്റ് പാര്‍ടി ആദ്യംവിജയംകൊയ്തു. 60ല്‍ എ നബീസത്തുബീവിയും 65ല്‍ ജി ചിദംബരയ്യരും വിജയം കോണ്‍ഗ്രസ് പക്ഷത്തേക്കു തിരിച്ചു. 67 മുതല്‍ ചിത്രം വീണ്ടും മാറി. 67, 70 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ടി വി തോമസും 77, 80 വര്‍ഷങ്ങളില്‍ പി കെ വാസുദേവന്‍നായരും വിജയിച്ചു. 82ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍നായര്‍ പികെവിയെ പരാജയപ്പെടുത്തി. 87ല്‍ റോസമ്മ പുന്നൂസിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. '91ല്‍ വീണ്ടും കെ പി രാമചന്ദ്രന്‍നായര്‍. 96, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ ജയിച്ചുവന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ എംപിയായി. തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ 2009 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ എ ഷുക്കൂറിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി.

ഒരു മുഖ്യമന്ത്രിയെയും മൂന്നു സംസ്ഥാന മന്ത്രിമാരെയും സംഭാവന നല്‍കിയിട്ടുണ്ട് ആലപ്പുഴ മണ്ഡലം. 1978ല്‍ പി കെ വിയാണ് മുഖ്യമന്ത്രിപദത്തിലെത്തിയപ്പോള്‍, 57, 67, 70 വര്‍ഷങ്ങളില്‍ ടി വി തോമസും 82ല്‍ കെ പി രാമചന്ദ്രന്‍നായരും 95ല്‍ കെ സി വേണുഗോപാലും മന്ത്രിസഭാംഗങ്ങളായി.

വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറുന്നത്. തോമസ് ഐസക് പ്രതിനിധാനംചെയ്യുന്ന മാരാരിക്കുളം മണ്ഡലത്തിലെ കെഎസ്ഡിപിയുടെ പുനരുദ്ധാരണം, പാതിരപ്പള്ളി ഹോംകോയുടെ വികസനം, ആലപ്പുഴയില്‍ പുതുതായി സ്ഥാപിച്ച ആധുനിക കയര്‍യന്ത്രനിര്‍മാണ ഫാക്ടറി, പുതിയ പൊതുമേഖലാസ്ഥാപനമായ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവയൊക്കെ ഈ നേട്ടങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. ഒപ്പം 20 വര്‍ഷമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആലപ്പുഴയുടെ വികസനകാര്യത്തില്‍ കാട്ടിയ അലംഭാവവും ഐസക് തുറുന്നുകാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ മാത്യു ആലപ്പുഴ കാട്ടൂര്‍ പാണ്ട്യാലയ്ക്കല്‍ പരേതരായ ജോസഫിന്റെയും റെജീനയുടെയും മകനാണ്. കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഈ അഭിഭാഷകന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ്, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
(എം സുരേന്ദ്രന്‍)

deshabhimani 310311

1 comment:

  1. ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ആലപ്പുഴയുടെ മനസ്സിലിരിപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ വ്യക്തം. പുന്നപ്രയുടെയും വയലാറിന്റെയും പോരാട്ടവീറ് നെഞ്ചേറ്റുന്ന ഈ മണ്ഡലത്തിന്റെ മനസ്സ് ഉരുവിടുന്ന പേര് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെത്. ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍, ജനകീയാസൂത്രണത്തിന്റെ ശില്‍പ്പി, ആസൂത്രണവിദഗ്ധന്‍, എഴുത്തുകാരന്‍, നാടിന്റെ സങ്കടവഴിയില്‍ ആശ്വാസത്തിന്റെ വെളിച്ചം പകരുന്ന ഭരണാധികാരി എന്നീ നിലകളിലെല്ലം തിളക്കമാര്‍ന്ന നേട്ടത്തിനുടമ. ധനമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം നാടിനെ ക്ഷേമൈശ്വര്യങ്ങളുടെ പച്ചപ്പിലേക്ക് നയിച്ചതിന്റെ അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും ജനഹിതം തേടുന്നത്.

    ReplyDelete