Wednesday, March 30, 2011

കരുനാഗപ്പള്ളിയിലെ മര്‍ദനകഥ യുഡിഎഫ് നാടകം

കരുനാഗപ്പള്ളി: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണങ്ങളില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്ന മര്‍ദനകഥ അണിയറയില്‍ ആസൂത്രണംചെയ്തത്. സ്ഥാനാര്‍ഥി സി ദിവാകരന്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ച് വോട്ടുതട്ടാന്‍ നടത്തിയ മ്ളേച്ഛമായ നാടകമാണ് ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനില്‍ അരങ്ങേറിയത് .

രാവിലെ 7.30നാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്രക്കാരോട് വോട്ടു അഭ്യര്‍ഥിക്കാന്‍ സി ദിവാകരന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനിലെത്തിയത്. യാത്രക്കാരോട് വോട്ട് അഭ്യര്‍ഥിച്ച് മുന്നോട്ടുപോകുമ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകനായ കുലശേഖരപുരം കടത്തൂര്‍ സ്വദേശി സുധാകരനും സ്റേഷനില്‍ ഉണ്ടായിരുന്നു. തന്നോട് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചത് ഇഷ്ടപ്പെടാതെ സുധാകരന്‍ സ്ഥാനാര്‍ഥിയോട് പൊട്ടിത്തെറിച്ചു. എന്നിട്ടും, സ്ഥാനാര്‍ഥി ചിരിച്ചുക്കൊണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നോട്ടുനീങ്ങി. അന്നേരവും സുധാകരന്‍ പ്രകോപനപരമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇതിനെ റെയില്‍വേ സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരായ ചിലര്‍ ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാകുകയുംചെയ്തു. ഇതിനകം, സ്ഥാനാര്‍ഥി വളരെ അകലെയെത്തിയിരുന്നു. അവിടെ എത്തിയ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയമുതലെടുപ്പിന് സുധാകരനെ ആശുപത്രിയില്‍ എത്തിക്കുകയും മര്‍ദിച്ചത് ദിവാകരനാണെന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിടുകയുമായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തുവെന്ന പ്രചാരണം പച്ചക്കള്ളവും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്ന് എല്‍ഡിഎഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് പി ആര്‍ വസന്തനും സെക്രട്ടറി ആര്‍ സോമന്‍പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിപോലും ഇത്തരം കളളപ്രചാരണത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും തെരഞ്ഞെടുപ്പുരംഗത്ത് യുഡിഎഫിന് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരം കള്ളപ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു. നിരവധി മോഷണക്കേസിലും ആക്രമണക്കേസിലും അച്ഛനമ്മമാരെ വീട്ടില്‍നിന്നു തല്ലിയോടിച്ചതിനുമൊക്കെ ശിക്ഷ അനുഭവിച്ചിട്ടുള്ള കുലശേഖരപുരം കടത്തൂര്‍കാവ് കുളത്തേല്‍ സുധാകരനെ യുഡിഎഫ് അറിവോടെയാണ് പ്രകോപനമുണ്ടാക്കാന്‍ റെയില്‍വേ സ്റേഷനില്‍ പറഞ്ഞുവിട്ടതെന്നും അവര്‍ പറഞ്ഞു.

ദേശാഭിമാനി 300311

2 comments:

  1. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകരണങ്ങളില്‍ വിറളിപൂണ്ട യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്ന മര്‍ദനകഥ അണിയറയില്‍ ആസൂത്രണംചെയ്തത്. സ്ഥാനാര്‍ഥി സി ദിവാകരന്‍ യുഡിഎഫ് പ്രവര്‍ത്തകനെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ച് വോട്ടുതട്ടാന്‍ നടത്തിയ മ്ളേച്ഛമായ നാടകമാണ് ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി റെയില്‍വേ സ്റേഷനില്‍ അരങ്ങേറിയത് .

    ReplyDelete
  2. അച്ഛനും അമ്മയ്ക്കും ചെലവിന് നല്‍കാത്തതിന്റെ പേരിലാണ് കുലശേഖരപുരം കടത്തൂര്‍ കാവുകുളഞ്ഞിയില്‍ സുധാകരനെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തതെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആര്‍ സോമന്‍പിള്ള പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അപേക്ഷ പ്രകാരം പ്രതിമാസം 3,000 രൂപ വീതം നല്‍കാന്‍ കോടതി വിധിച്ചു. വിധി നടപ്പാക്കാത്ത മകനെതിരെ വീണ്ടും മാതാപിതാക്കള്‍ കേസ് നല്‍കി. ഇതേ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
    ആരുടെയോ പ്രലോഭനത്തിന് വശംവദനായിട്ടാണ് ഇയാള്‍ മന്ത്രിക്കെതിരെ കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ തട്ടിക്കയറിയത്. അറിയാവുന്ന ഒരാളും ഇയാളുടെ വാക്കുകള്‍ വിശ്വസിക്കുകയില്ല. അങ്ങനെയിരിക്കെ യുഡിഎഫുകാര്‍ അയാളെ കൈയിലെടുത്ത് രാഷ്ട്രീയമുതലെടുപ്പ് നടത്തുകയായിരുന്നു. വോട്ട് തേടിയെത്തുന്ന ഏത് സ്ഥാനാര്‍ഥിയും പ്രകോപനമുണ്ടാക്കാതെ വോട്ട് അഭ്യര്‍ത്ഥിക്കുക പതിവാണ്. എന്നിട്ടും യു ഡി എഫുകാര്‍ മനഃപൂര്‍വം ഇല്ലാത്ത പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്ന് സോമന്‍പിള്ള ആരോപിച്ചു.

    ReplyDelete