Sunday, March 27, 2011

ബ്രിട്ടനിലും തൊഴിലാളികള്‍ തെരുവിലിറങ്ങി

ലണ്ടന്‍: സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നയത്തിനെതിരെ ബ്രിട്ടനില്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. ഒരുലക്ഷത്തിലേറെപ്പേര്‍ റാലിയില്‍ അണിനിരന്നതായി സംഘാടകര്‍ അറിയിച്ചു. സമരത്തിനിടെ അക്രമമുണ്ടാകുമെന്ന ഭയത്തില്‍ ലണ്ടന്‍ നഗരത്തിലെങ്ങും പൊലീസിനെ വിന്യസിച്ചിരുന്നു.

സാമ്പത്തികമാന്ദ്യം അതിജീവിക്കാന്‍ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ചേ മതിയാകൂവെന്ന കര്‍ശന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് തൊഴിലാളികള്‍ സമരപ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ബജറ്റില്‍ വരുത്തിയ ഭീമമായ വെട്ടിക്കുറവുകള്‍ക്ക് പുറമേയാണിത്. കണ്‍സര്‍വേറ്റീവുകളുടേയും ലിബറല്‍ ഡെമോക്രാറ്റുകളുടേയും നേതൃത്വത്തിലുളള സംയുക്ത തൊഴിലാളി യൂണിയനാണ് പ്രക്ഷോഭരംഗത്തിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ വ്യാപകമായ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ ഇക്കുറി സര്‍ക്കാര്‍ കനത്ത സുരക്ഷാ സംവിധാനമൊരുക്കിയിരുന്നു. അധ്യാപകരും നഴ്‌സുമാരും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുമൊപ്പം വിദ്യാര്‍ഥികളും വിരമിച്ച ജീവനക്കാരും പ്രകടനത്തില്‍ അണിചേര്‍ന്നു. ബ്രിട്ടന്റെ തലസ്ഥാനം അടുത്തിടെ ദര്‍ശിച്ചതില്‍ ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്.

കഴിഞ്ഞ മേയില്‍ അധികാരത്തിലെത്തിയ വേളയില്‍ത്തന്നെ സര്‍ക്കാര്‍ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് 131 ബില്യണ്‍ ഡോളറിന്റെ  വെട്ടിക്കുറവ് ബജറ്റില്‍ വരുത്തിയിരുന്നു. മുന്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് വരുത്തിവച്ച പൊതുകടം വീട്ടാന്‍ വേണ്ടിയാണിതെന്നായിരുന്നു സര്‍ക്കാര്‍ വാദം. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളില്‍ വെട്ടിക്കുറവ് വരുത്താതെ പകരം മാര്‍ഗ്ഗങ്ങള്‍  അവലംബിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു മാര്‍ച്ചെന്ന് ബ്രിട്ടീഷ് തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയായ ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസിന്റെ തലവന്‍ ബ്രെന്‍ഡന്‍ ബാര്‍ബര്‍ വ്യക്തമാക്കി. ഈ പതിറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ പ്രകടനമായിരുന്നു ഇന്നലത്തേത്. എന്നാല്‍ പ്രകടനം നടത്തിയതു കൊണ്ട് സര്‍ക്കാരിന്റെ അടിസ്ഥാനപരമായ തീരുമാനങ്ങളില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു. പൊതുകടം നിയന്ത്രണ വിധേയമാക്കാതെ യാതൊരു തരത്തിലുളള വികസന പ്രവര്‍ത്തനങ്ങളും സാധ്യമാകാത്ത നിലയാണുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനയുഗം 270311

1 comment:

  1. സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നയത്തിനെതിരെ ബ്രിട്ടനില്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങി. ഒരുലക്ഷത്തിലേറെപ്പേര്‍ റാലിയില്‍ അണിനിരന്നതായി സംഘാടകര്‍ അറിയിച്ചു. സമരത്തിനിടെ അക്രമമുണ്ടാകുമെന്ന ഭയത്തില്‍ ലണ്ടന്‍ നഗരത്തിലെങ്ങും പൊലീസിനെ വിന്യസിച്ചിരുന്നു.

    സാമ്പത്തികമാന്ദ്യം അതിജീവിക്കാന്‍ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറച്ചേ മതിയാകൂവെന്ന കര്‍ശന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതോടെയാണ് തൊഴിലാളികള്‍ സമരപ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ബജറ്റില്‍ വരുത്തിയ ഭീമമായ വെട്ടിക്കുറവുകള്‍ക്ക് പുറമേയാണിത്. കണ്‍സര്‍വേറ്റീവുകളുടേയും ലിബറല്‍ ഡെമോക്രാറ്റുകളുടേയും നേതൃത്വത്തിലുളള സംയുക്ത തൊഴിലാളി യൂണിയനാണ് പ്രക്ഷോഭരംഗത്തിറങ്ങിയത്.

    ReplyDelete