Wednesday, March 30, 2011

പൊതുസമ്മതി കരുത്താക്കി—കരീം

കോഴിക്കോട്: മലയാളിയുടെ മതേതര മനസ്സിനേറ്റ മുറിവായി എരിയുകയായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാറാട്. വര്‍ഗീയ കോമരങ്ങള്‍ക്കു മുന്നില്‍ ഭരണകൂടം മൌനം നടിച്ചപ്പോള്‍ വിലപ്പെട്ട 14 ജീവനുകളാണ് അരിഞ്ഞുവീഴ്ത്തപ്പെട്ടത്. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ മണ്ണിനും മനസ്സിനും പറയാനുള്ളത് കൂട്ടായ്മയുടെ കരുത്തില്‍ നേടിയ വികസനനേട്ടത്തിന്റെ വിജയഗാഥകള്‍. അഞ്ചുവര്‍ഷത്തെ ഇടതുഭരണം മണ്ഡലത്തിനു സമ്മാനിച്ചത് വ്യാവസായികമേഖലയില്‍ ഉള്‍പ്പെടെ കുതിപ്പിന്റെ നാളുകളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി രണ്ടാം തവണയും എളമരം കരീം ജനവിധി തേടുമ്പോള്‍ വിജയസാധ്യതയില്‍ എതിരാളികള്‍ക്കുപോലും സംശയമില്ല. വ്യവസായമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്താകെയാര്‍ജിച്ച പൊതുസമ്മതിയുടെ കരുത്തുമായെത്തുന്ന കരീമിനെ നേരിടാന്‍ യുഡിഎഫ് നേതൃത്വത്തിനുപോലും പരിചിതനല്ലാത്ത പുതുമുഖത്തെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് ആദം മുല്‍സിയാണ് ഇവിടെ സ്ഥാനാര്‍ഥി. ബിജെപിയിലെ കെ പി ശ്രീശനും രംഗത്തുണ്ട്.

മണ്ഡല രൂപീകരണശേഷം നടന്ന പതിനൊന്ന് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. സിപിഐ എം നേതാവ് കെ ചാത്തുണ്ണിമാസ്റര്‍ 1965 മുതല്‍ മൂന്നുതവണ തുടര്‍ച്ചയായി ബേപ്പൂരിനെ പ്രതിനിധീകരിച്ചു. 1977ല്‍ കോണ്‍ഗ്രസിലെ എന്‍ പി മൊയ്തീന്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച തൊഴിച്ചാല്‍ പിന്നീട് ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1980ല്‍ എല്‍ഡിഎഫിനൊപ്പംനിന്ന് മൊയ്തീന്‍ വീണ്ടും വിജയംനേടി. 1982ല്‍ കെ മൂസക്കുട്ടി, 87, 91, 96 വര്‍ഷങ്ങളില്‍ ടി കെ ഹംസ, 2001ല്‍ വി കെ സി മമ്മദ്കോയ എന്നിവര്‍ നിയമസഭയിലെത്തി. 2006ല്‍ 19,618 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് എളമരം കരീമിനെ ജനങ്ങള്‍ നിയമസഭയിലേക്കയച്ചത്.

ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, നല്ലളത്ത് മുള തറയോട് ഫാക്ടറി എന്നിവ പ്രവര്‍ത്തനം തുടങ്ങി. രാമനാട്ടുകരയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്, ബേപ്പൂര്‍ കല്ലടിത്തോടില്‍ കിന്‍ഫ്ര മറൈന്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സും സെയിലുമായുള്ള സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചതും ശ്രദ്ധേയ നേട്ടമാണ്. ഏഷ്യയിലെ ആദ്യ സംരംഭമായ പ്രതിരോധ വകുപ്പിനുകീഴിലെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാകേന്ദ്രം (നിര്‍ദേശ്) ചാലിയത്ത് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കാണ് മന്ത്രിയെന്ന നിലയില്‍ കരീം വഹിച്ചത്. ബേപ്പൂര്‍ തുറമുഖ വികസനത്തിന് 177 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. വികസനരംഗത്ത് കൈവരിച്ച ഈ മുന്നേറ്റങ്ങള്‍ കരീമിനും ഇടതുമുന്നണിക്കുമുള്ള പിന്തുണ ഇരട്ടിപ്പിക്കും.

ദേശാ‍ഭിമാനി 300311

1 comment:

  1. മലയാളിയുടെ മതേതര മനസ്സിനേറ്റ മുറിവായി എരിയുകയായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാറാട്. വര്‍ഗീയ കോമരങ്ങള്‍ക്കു മുന്നില്‍ ഭരണകൂടം മൌനം നടിച്ചപ്പോള്‍ വിലപ്പെട്ട 14 ജീവനുകളാണ് അരിഞ്ഞുവീഴ്ത്തപ്പെട്ടത്. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ മണ്ണിനും മനസ്സിനും പറയാനുള്ളത് കൂട്ടായ്മയുടെ കരുത്തില്‍ നേടിയ വികസനനേട്ടത്തിന്റെ വിജയഗാഥകള്‍. അഞ്ചുവര്‍ഷത്തെ ഇടതുഭരണം മണ്ഡലത്തിനു സമ്മാനിച്ചത് വ്യാവസായികമേഖലയില്‍ ഉള്‍പ്പെടെ കുതിപ്പിന്റെ നാളുകളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി രണ്ടാം തവണയും എളമരം കരീം ജനവിധി തേടുമ്പോള്‍ വിജയസാധ്യതയില്‍ എതിരാളികള്‍ക്കുപോലും സംശയമില്ല.

    ReplyDelete