Monday, March 14, 2011

വിപ്ളവതേജസുകളെ അറിഞ്ഞ് പോരാട്ട വീഥിയിലൂടെ...

പാനൂര്‍‍: 'നിങ്ങളെപോലെ പ്രവര്‍ത്തിക്കാനാകില്ലെങ്കിലും എല്ലാവരും അരികില്‍ വരുന്നതും രാഷ്ട്രീയം പങ്കുവയ്ക്കുന്നതും സന്തോഷം തരുന്നു'- കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ കിടക്കയില്‍കിടന്ന് ആത്മവിശ്വാസവും നെഞ്ചുറപ്പും ഒരിക്കല്‍കൂടി വ്യക്തമാക്കിയ നിമിഷങ്ങള്‍ ഹൃദയം ഹൃദയത്തോട് സംവദിക്കുന്നവയായിരുന്നു.

ചെറുതാഴം കൊളപ്രം വായനശാല ഞായറാഴ്ച നടത്തിയ വ്യത്യസ്ത യാത്ര സംഘാംഗങ്ങള്‍ക്ക് കരുത്തും ആവേശവും പകരുന്നതായി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളടക്കം 65 അംഗസംഘത്തിന്റെ യാത്ര പോരാട്ട വീഥിയിലെ വിപ്ളവതേജസുകളുടെ ഓര്‍മകളിലേക്കായിരുന്നു.

കൂത്തുപറമ്പ് വെടിവയ്പ്പില്‍ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെയായിരുന്നു ആദ്യം സന്ദര്‍ശിച്ചത്. പുഷ്പനുമായി സൌഹൃദവും സ്നേഹവും പങ്കുവച്ചശേഷം കോലായിയിലിരുന്ന് വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ അജിത്ത്കുമാര്‍ പോരാട്ടത്തെയും അതിജീവനത്തെയുംകുറിച്ച് സംസാരിച്ചു. എ വി വിനോദ് അധ്യക്ഷനായി. എം ദിവാകരന്‍ സ്വാഗതം പറഞ്ഞു. വായനശാലയുടെയും ഡിവൈഎഫ്ഐയുടെയും ഉപഹാരം പുഷ്പന് നല്‍കിയാണ് സംഘം മടങ്ങിയത്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. അവിടെവച്ച് ധനഞ്ജയന്‍ കുത്തുപറമ്പ് വെടിവയ്പ്പിന്റെയും ചെറുത്തുനില്‍പ്പിന്റെയും അനുഭവം പങ്കിട്ടു. ടി വി വിനോദ് അധ്യക്ഷനായി. ടി വി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. വി വി രജേഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ പെരളശേരിയിലെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചു. ആവേശം പകര്‍ന്ന യാത്ര ഇനിയും തുടരണമെന്ന തീരുമാനവുമായാണ് സംഘം മടങ്ങിയത്.

ദേശാഭിമാനി 140311

1 comment:

  1. 'നിങ്ങളെപോലെ പ്രവര്‍ത്തിക്കാനാകില്ലെങ്കിലും എല്ലാവരും അരികില്‍ വരുന്നതും രാഷ്ട്രീയം പങ്കുവയ്ക്കുന്നതും സന്തോഷം തരുന്നു'- കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ കിടക്കയില്‍കിടന്ന് ആത്മവിശ്വാസവും നെഞ്ചുറപ്പും ഒരിക്കല്‍കൂടി വ്യക്തമാക്കിയ നിമിഷങ്ങള്‍ ഹൃദയം ഹൃദയത്തോട് സംവദിക്കുന്നവയായിരുന്നു.

    ReplyDelete