Tuesday, March 29, 2011

ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ എതിര്‍ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയി

ചെന്നൈ: സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി തമിഴ്നാട്ടിലെ കോണ്‍ഗ്രസില്‍ രൂപംകൊണ്ട ഗ്രൂപ്പു പോരും തമ്മിലടിയും തമിഴ് സിനിമയെ വെല്ലുന്നതരത്തില്‍. തട്ടിക്കൊണ്ടുപോകലും കൂട്ടയടിയുമായി ഞായറാഴ്ചയും സംഭവബഹുലമായി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് എതിര്‍ഗ്രൂപ്പുകാര്‍ തട്ടിക്കൊണ്ടുപോയതിനാല്‍ നാമനിര്‍ദേശപത്രിക നല്‍കാനായില്ല. കൃഷ്ണഗിരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം രണ്ടാമത് തീരുമാനിച്ച മഖ്ബൂല്‍ ജാനിനെയാണ് തട്ടിക്കൊണ്ടുപോയത്. ഔദ്യോഗികസ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക നല്‍കാന്‍ എത്താതായതോടെ എതിര്‍വിഭാഗം പടക്കം പൊട്ടിച്ചു നടത്തിയ ആഹ്ളാദപ്രകടനം കൂട്ടയടിയില്‍ കലാശിച്ചു. ഗുരുതര പരിക്കേറ്റ പ്രാദേശികനേതാവ് നാരായണമൂര്‍ത്തിയടക്കം നിരവധിപേര്‍ ആശുപത്രിയിലായി. ആദ്യ പട്ടികയിലുണ്ടായിരുന്ന ഹസീന സെയ്ദ് അടക്കം വിവിധ ഗ്രൂപ്പില്‍പ്പെട്ട ഒമ്പതു പേര്‍ ഇവിടെ പത്രിക നല്‍കി.

കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തങ്കബാലുവിന്റെ ചാനലിലെ അവതാരക ഹസീന സെയ്ദിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ജി കെ വാസന്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് കേന്ദ്രനേതൃത്വം ആദ്യപട്ടികയില്‍ മാറ്റംവരുത്തിയത്. കേന്ദ്രനേതൃത്വം നിര്‍ദേശിച്ച രണ്ടു സ്ഥാനാര്‍ഥിയും മണ്ഡലത്തിനു പുറത്തുനിന്നുള്ളവരാണെന്നും ഇവരെ അംഗീകരിക്കില്ലെന്നും പ്രാദേശിക നേതൃത്വം പറയുന്നു. മൈലാപ്പുര്‍ മണ്ഡലത്തില്‍ തങ്കബാലുവിന്റെ ഭാര്യ ജയന്തിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ചെന്നൈ സെക്രട്ടറി ശിവകാമി വിമതയായി രംഗത്തുവന്നു. പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി പത്രിക നല്‍കിയ ശിവകാമി തങ്കബാലുവിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ജയന്തി പാര്‍ടി അംഗം പോലുമല്ലെന്നും കോണ്‍ഗ്രസിനു ലഭിച്ച സീറ്റുകള്‍ തങ്കബാലു പണം വാങ്ങി വില്‍ക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസം തങ്കബാലുവിന്റെ വീടിനു മുന്നില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ശിവകാമിയുമുണ്ടായിരുന്നു. തങ്കബാലുവിന്റെ വീടിനു പ്രതിഷേധക്കാര്‍ കല്ലെറിയുകയും വീടിനുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു.

തിരുത്തണി മണ്ഡലത്തിലും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയെ മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമായി. തങ്കബാലു പക്ഷത്തെ ശിവലിംഗമായിരുന്നു ആദ്യപട്ടികയിലുണ്ടായിരുന്നത്. ഇയാളെ മാറ്റി വാസന്‍പക്ഷത്തെ ഇ എസ് എസ് രാമന് സീറ്റുനല്‍കി. ഇതിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷേധപ്രകടനം നടന്നു. പലയിടത്തും വാസന്റെയും തങ്കബാലുവിന്റെയും കോലംകത്തിച്ചു.

ദേശാഭിമാനി 280311

1 comment:

  1. സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി തമിഴ്നാട്ടിലെ കോണ്‍ഗ്രസില്‍ രൂപംകൊണ്ട ഗ്രൂപ്പു പോരും തമ്മിലടിയും തമിഴ് സിനിമയെ വെല്ലുന്നതരത്തില്‍. തട്ടിക്കൊണ്ടുപോകലും കൂട്ടയടിയുമായി ഞായറാഴ്ചയും സംഭവബഹുലമായി. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് എതിര്‍ഗ്രൂപ്പുകാര്‍ തട്ടിക്കൊണ്ടുപോയതിനാല്‍ നാമനിര്‍ദേശപത്രിക നല്‍കാനായില്ല

    ReplyDelete