Monday, April 25, 2011

2ജി: കനിമൊഴിയെയും പ്രതിയാക്കി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ സിബിഐ പ്രതിയാക്കി. തിങ്കളാഴ്ച സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴി, കലൈഞ്ജര്‍ ടിവി മാനേജിങ്ങ് ഡയറക്ടര്‍ ശരത്കുമാര്‍ തുടങ്ങിയവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അതേസമയം കലൈഞ്ജര്‍ ടിവിയുടെ ഉടമയായ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2ജി സ്പെക്ട്രം അഴിമിതി ഗൂഡാലോചനയില്‍ കനിമൊഴിക്കും പങ്കുണ്ടെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 2008ല്‍ എ രാജ ടെലികോം മന്ത്രിയായിരിക്കെയാണ് 2ജി സ്പെക്ട്രം സ്വാന്‍ ടെലികോം അടക്കമുള്ള കമ്പനികള്‍ക്ക് തുഛമായ വിലയ്ക്ക് നല്‍കിയത്. ഇതിനു പകരമായി സ്വാന്‍ എ രാജയ്ക്ക് 214 കോടിരൂപ കൈക്കൂലി നല്‍കിയതായാണ് ആരോപണം. പല കമ്പനികളിലൂടെ കൈമാറിയാണ് പണം കലൈഞ്ജര്‍ ടിവിയിലെത്തിയത്. കനിമൊഴിക്കും ദയാലു അമ്മാളുക്കും കൂടി 80 ശതമാനം ഓഹരിയുണ്ട്. സൈന്‍യുഗ് ഫിലിംസ്, കുശ്ഗാവ് റിയാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെയും രണ്ടാം കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

2ജി: പണം വെട്ടിച്ച കമ്പനിക്ക് ബിജെപി ബന്ധം

ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം കുംഭകോണത്തില്‍ പ്രതിപ്പട്ടികയിലേക്ക് യുപിഎക്ക് പിന്നാലെ ബിജെപി നേതൃത്വവും. സ്പെക്ട്രം ഇടപാടിലൂടെ നേട്ടമുണ്ടാക്കിയ ഡിബി റിയല്‍റ്റി കമ്പനിയുടെ പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന്‍ ബല്‍വ, വിനോദ് ഗോയങ്ക എന്നിവരുമായി ബിജെപി ദേശീയ ട്രഷറര്‍ പിയൂഷ് ഗോയലിന് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനുള്ള തെളിവ് സിബിഐക്ക് ലഭിച്ചു. ഗോയലിന്റെ വീട് അടുത്തദിവസം സിബിഐ റെയ്ഡ് ചെയ്യും. തിങ്കളാഴ്ച ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ പിയൂഷ് ഗോയലിന്റെ പേര് പരാമര്‍ശിച്ചേക്കും. സ്പ്രെക്ട്രം കേസില്‍ ഒരുമാസത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്.

എ രാജ ടെലികോംമന്ത്രിയായിരിക്കുമ്പോള്‍ നിസാരതുകയ്ക്ക് സ്പെക്ട്രം വിറ്റഴിച്ച് കോടികള്‍ തട്ടാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനികളാണ് ബല്‍വയും ഗോയങ്കയും. ഇരുവരും രാജക്കൊപ്പം കേസിലെ പ്രധാന പ്രതിയാണ്. ചാര്‍ട്ടേഡ് അക്കൌണ്ടന്റും ബാങ്കറുമായ പിയൂഷ് ഗോയല്‍ ഡിബി റിയല്‍റ്റിയുടെ കസള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. ഗോയലും ഡിബി റിയല്‍റ്റിയുമായി നടന്ന സാമ്പത്തിക ഇടപാടിന്റെ രേഖ സിബിഐ പിടിച്ചെടുത്തു. ബിജെപിയിലെ ഉന്നത നേതാക്കളുമായി ബന്ധമുള്ള ഗോയല്‍ തന്റെ അക്കൌണ്ടിലെത്തിയ പണം ഇവരില്‍ പലര്‍ക്കും നല്‍കിയെന്നും സിബിഐ സംശയിക്കുന്നു. ഡിബി റിയല്‍റ്റിയുടെ റിയല്‍ എസ്റേറ്റ് ബിസിനസിന് താന്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നെന്ന് പിയൂഷ് ഗോയല്‍ സമ്മതിച്ചിട്ടുണ്ടുണ്ട്. എന്നാല്‍, സ്പെക്ട്രം ഇടപാടില്‍ തനിക്കൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വാദിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്പെക്ട്രം അഴിമതിയില്‍ മുന്‍ ടെലികോംമന്ത്രി എ രാജ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയും ഭാര്യ ദയാലുഅമ്മാളും സിബിഐ തിങ്കളാഴ്ച സമര്‍പ്പിക്കുന്ന രണ്ടാം കുറ്റപത്രത്തിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഗോയലിന്റെ പങ്കിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഗൌരവമേറിയതാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും എഐസിസി വക്താവ് അഭിഷേക് സിങ്വി ആവശ്യപ്പെട്ടു.

ദേശാഭിമാനി 250411

1 comment:

  1. 2ജി സ്പെക്ട്രം അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയെ സിബിഐ പ്രതിയാക്കി. തിങ്കളാഴ്ച സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് കനിമൊഴി, കലൈഞ്ജര്‍ ടിവി മാനേജിങ്ങ് ഡയറക്ടര്‍ ശരത്കുമാര്‍ തുടങ്ങിയവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അതേസമയം കലൈഞ്ജര്‍ ടിവിയുടെ ഉടമയായ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2ജി സ്പെക്ട്രം അഴിമിതി ഗൂഡാലോചനയില്‍ കനിമൊഴിക്കും പങ്കുണ്ടെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. 2008ല്‍ എ രാജ ടെലികോം മന്ത്രിയായിരിക്കെയാണ് 2ജി സ്പെക്ട്രം സ്വാന്‍ ടെലികോം അടക്കമുള്ള കമ്പനികള്‍ക്ക് തുഛമായ വിലയ്ക്ക് നല്‍കിയത്. ഇതിനു പകരമായി സ്വാന്‍ എ രാജയ്ക്ക് 214 കോടിരൂപ കൈക്കൂലി നല്‍കിയതായാണ് ആരോപണം. പല കമ്പനികളിലൂടെ കൈമാറിയാണ് പണം കലൈഞ്ജര്‍ ടിവിയിലെത്തിയത്. കനിമൊഴിക്കും ദയാലു അമ്മാളുക്കും കൂടി 80 ശതമാനം ഓഹരിയുണ്ട്. സൈന്‍യുഗ് ഫിലിംസ്, കുശ്ഗാവ് റിയാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെയും രണ്ടാം കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

    ReplyDelete