Wednesday, April 27, 2011

ഇന്ത്യ ഒറ്റപ്പെട്ടു

ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ കടുത്ത നിലപാട് തുടരുന്ന ഇന്ത്യ ജനീവയില്‍ നടക്കുന്ന സ്റോക്ഹോം കണ്‍വന്‍ഷനില്‍ ഒറ്റപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കരുതെന്ന ആവശ്യം ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ തള്ളിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പകരം ഉപയോഗിക്കാന്‍ കഴിയുന്ന കീടനാശിനിയുടെ ഉല്‍പ്പാദനത്തിനും മറ്റുമുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ എവിടെനിന്ന് ലഭ്യമാക്കുമെന്ന് കവന്‍ഷനില്‍ തന്നെ തീരുമാനിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെയാണ് ഏഷ്യ-പസഫിക് മേഖലാ യോഗം ചേര്‍ന്നത്. ബഹ്റൈന്‍, ഖത്തര്‍, ലബനന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. നിരോധിച്ച രാസവസ്തു വീണ്ടും ഉപയോഗിക്കാനാകില്ലെന്നും അതുകൊണ്ട് ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ഗൌരികുമാറാണ് ഇന്ത്യക്കുവേണ്ടി സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് ഏഴുപേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍സമയം പകല്‍ 1.30നാണ് (പ്രാദേശിക സമയം രാവിലെ 10) കവന്‍ഷന്‍ ആരംഭിച്ചത്. ഉച്ചയ്ക്കു ശേഷമായിരുന്നു യോഗനടപടികള്‍.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതു സംബന്ധിച്ച് പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂ കമ്മിറ്റിയുടെ പ്രമേയം ഉള്‍പ്പെടുന്ന അജന്‍ഡ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പോപ് റിവ്യു കമ്മിറ്റി നിര്‍ദേശിച്ച സാഹചര്യത്തില്‍ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യക്കു മുമ്പു സംസാരിച്ച വിവിധ രാജ്യങ്ങള്‍ സ്വീകരിച്ചത്. ഈ രാജ്യങ്ങളാകട്ടെ നിലവില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നവരുമാണ്. 172 രാജ്യത്തു നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ ആദ്യദിനത്തിലെ ചര്‍ച്ചയില്‍ ചൈന, ജപ്പാന്‍, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങി 25 രാജ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുത്തു. പോപ് റിവ്യൂ കമ്മിറ്റിയുടെ നിഗമനത്തെ അംഗീകരിച്ച ഈ രാജ്യങ്ങള്‍ നിരോധനം നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. ഈ നിലപാടിനെ നിവൃത്തിയില്ലാതെ ഇന്ത്യയും പിന്തുണയ്ക്കുകയായിരുന്നെന്ന് തിരുവനന്തപുരത്തെ തണല്‍ എന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു.
(ടി എന്‍ സീന)

വെള്ളിയാഴ്ച കേരളം നിശ്ചലമാകും

തിരു: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇരുചക്രവാഹനങ്ങള്‍, ആശുപത്രി, ആരാധനാലയങ്ങള്‍, പാല്‍, പത്രം, വിവാഹം എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാടിന്റെ താല്‍പ്പര്യവും ജനങ്ങളുടെ നിലനില്‍പ്പും അപകടപ്പെടുത്തി ബഹുരാഷ്ട്ര കീടനാശിനിക്കമ്പനികള്‍ക്ക് കൊള്ളയടിക്ക് അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിളച്ചുമറിയുന്ന രോഷപ്രകടനമാകും ഹര്‍ത്താലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന മാരകവിഷത്തിനെതിരായ ജനകീയമുന്നേറ്റത്തിന്റെ ഭാഗമായാണ് സ്റോക്ഹോം കണ്‍വന്‍ഷന്‍ ആരംഭിച്ച തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉപവാസം സംഘടിപ്പിച്ചത്. രാഷ്ട്രീയത്തിനതീതമായി വലിയ ജനപിന്തുണയാണ് ഉപവാസത്തിന് ലഭിച്ചത്. എന്നാല്‍,എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഭൂരിപക്ഷാഭിപ്രായത്തിനെതിരെ നില്‍ക്കുന്ന ന്യൂനപക്ഷത്തിന്റെ നേതാവായി ഇന്ത്യ മാറുന്ന കാഴ്ചയാണ് കണ്‍വന്‍ഷനില്‍ കണ്ടത്. ഈ സാഹചര്യത്തിലാണ് കണ്‍വന്‍ഷന്‍ അവസാനിക്കുന്ന വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

ജനകീയതാല്‍പ്പര്യം തൃണവല്‍ഗണിച്ച് നാടിനെ നശിപ്പിക്കാന്‍ കീടനാശിനിലോബിക്ക് അവസരമൊരുക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ച് നിരവധി പഠനം നടന്നു. എന്നിട്ടും ഇനിയും പഠിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. പഠനങ്ങളുടെ പേരില്‍ നിരോധനം നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇനി പഠനമല്ല, മനുഷ്യത്വപരമായ തീരുമാനമാണ് ഉണ്ടാകേണ്ടത്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ടികളും നിരോധനമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നു. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങുന്നില്ല. എന്‍ഡോസള്‍ഫാനെതിരായ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് ഹര്‍ത്താലെന്ന് വൈക്കം വിശ്വന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് ഇരകളായവരെ സഹായിക്കാന്‍ ഒട്ടേറെ നടപടി എടുത്തു. സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ വേണ്ടതുചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും നിഷേധാത്മകസമീപനം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉപവാസം അനുഷ്ഠിച്ചത്. എന്‍ഡോസള്‍ഫാനെതിരായ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി.

ദേശാഭിമാനി 270411

2 comments:

  1. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ കടുത്ത നിലപാട് തുടരുന്ന ഇന്ത്യ ജനീവയില്‍ നടക്കുന്ന സ്റോക്ഹോം കണ്‍വന്‍ഷനില്‍ ഒറ്റപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പിന്തുണയ്ക്കരുതെന്ന ആവശ്യം ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ തള്ളിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പകരം ഉപയോഗിക്കാന്‍ കഴിയുന്ന കീടനാശിനിയുടെ ഉല്‍പ്പാദനത്തിനും മറ്റുമുള്ള സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ എവിടെനിന്ന് ലഭ്യമാക്കുമെന്ന് കവന്‍ഷനില്‍ തന്നെ തീരുമാനിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കണ്‍വന്‍ഷന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെയാണ് ഏഷ്യ-പസഫിക് മേഖലാ യോഗം ചേര്‍ന്നത്. ബഹ്റൈന്‍, ഖത്തര്‍, ലബനന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. നിരോധിച്ച രാസവസ്തു വീണ്ടും ഉപയോഗിക്കാനാകില്ലെന്നും അതുകൊണ്ട് ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസിന്റെ പോഷകസംഘടനയായ സ്വദേശി ജാഗര മഞ്ച് ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ സ്വദേശി ഉല്‍പ്പന്നമാണെന്ന വാദമുയര്‍ത്തിയാണിത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് അനുകൂലനിലപാട് സ്വീകരിച്ചതിനുപിന്നാലെയാണ് ആര്‍എസ്എസ് ഇടപെടല്‍. സ്റോക്ഹോം കവന്‍ഷനില്‍ സ്വീകരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ മാറ്റംവരുത്തരുതെന്ന് മഞ്ച് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന് വില കുറവാണെന്നും ഇത് നിരോധിച്ചാല്‍ വിദേശങ്ങളില്‍നിന്ന് കൂടിയ വിലയ്ക്ക് കീടനാശിനിയെത്തുമെന്നുംകത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന് വിരുദ്ധവികാരം സൃഷ്ടിക്കാന്‍ വന്‍തോതില്‍ വിദേശഫണ്ട് ഒഴുകുന്നുണ്ട്. നിരോധനം ആവശ്യപ്പെടുന്ന സന്നദ്ധസംഘടനകള്‍ക്കാണ് പണം ലഭിക്കുന്നത്. എന്‍ഡോസള്‍ഫാനെതിരായ പ്രചാരണം കര്‍ഷകതാല്‍പ്പര്യത്തിന് വിരുദ്ധമാണ്- കത്തില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് കീടനാശിനിലോബിയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍സും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

    ReplyDelete