Friday, April 29, 2011

ജെയ്താപുര്‍ ഒറ്റമനസ്സോടെ പറയുന്നു... ആണവപദ്ധതി അനുവദിക്കില്ല

ജെയ്താപുര്‍ (മഹാരാഷ്ട്ര): ജപ്പാനിലെ ഫുകുഷിമയില്‍ ആണവചോര്‍ച്ച സൃഷ്ടിച്ച നരകസമാനമായ അവസ്ഥയെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ ജയ്താപുരിലെ ജനങ്ങള്‍ക്ക് ഒരേ മനസ്സും ഒരേ നിശ്ചയദാര്‍ഢ്യവും. ഭൂകമ്പസാധ്യതയുള്ള തങ്ങളുടെ നാട്ടില്‍ നിര്‍മിക്കാന്‍ പോകുന്ന ആണവപദ്ധതി അനുവദിക്കില്ലെന്ന ഏകസ്വരം. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവകരാര്‍ ജെയ്താപുരിലെ സാധാരണമനുഷ്യര്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണ്. എംപിമാരെ വിലയ്ക്ക് വാങ്ങി ആണവകരാര്‍ പാസാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ജനരോഷത്തിനു മുമ്പില്‍ വിയര്‍ക്കുകയാണ്. കരാര്‍ ഒപ്പിട്ടശേഷം ഇന്ത്യയില്‍ ഫ്രാന്‍സിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന ആദ്യആണവനിലയം ജയ്താപുരിലാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുമ്പോഴും ഗ്രാമീണര്‍ പദ്ധതി അനുവദിക്കില്ലെന്ന് ഒറ്റമനസ്സോടെ ഗര്‍ജിക്കുകയാണ്.

രത്നഗിരി ജില്ലയിലെ മദ്ബന്‍, വാര്‍ളിവാഡി എന്നീ ഗ്രാമങ്ങളിലെ 968 ഹെക്ടര്‍ സ്ഥലമാണ് ആണവനിലയത്തിന് തെരഞ്ഞെടുത്തത്. 'അണു ഊര്‍ജ നാകോ' (ആണവോര്‍ജം വേണ്ട) എന്ന മുദ്രാവാക്യമാണ് പശ്ചിമഘട്ടത്തിന്റെ ഈ താഴ്വാരത്തില്‍നിന്നുയരുന്നത്. പദ്ധതിപ്രദേശത്ത് ആണവോര്‍ജ കോര്‍പറേഷന്‍ സ്ഥാപിച്ച ബോര്‍ഡില്‍ പ്രതിഷേധം പ്രതിഫലിക്കുന്നു. പദ്ധതിക്കായി വാദിക്കുന്ന മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്റെയും പരിസ്ഥിതി മന്ത്രി ജയ്റാം രമേഷിന്റെയും കോലങ്ങളാണ് ബോര്‍ഡിന്റെ വശങ്ങളില്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ബോര്‍ഡിന് അലങ്കാരമായി ചെരിപ്പുമാലയും. സാഖ്റി നാട്ടെ ഗ്രാമത്തില്‍ തബ്രിസ് സായേകറിനെ പൊലീസ് വെടിവച്ചുകൊന്നതോടെ ഗ്രാമീണര്‍ ക്ഷുഭിതരാണ്. പ്രശ്നബാധിത ഗ്രാമങ്ങളിലേക്ക് പദ്ധതിയെ അനുകൂലിക്കുന്ന ആര്‍ക്കും പ്രവേശനമില്ല. പൊലീസിനെന്നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപോലും ഇവിടെ വിലക്ക്. സ്ഥലം എംപി നീലേഷ് റാണെയ്ക്കുപോലും പ്രവേശിക്കാനായിട്ടില്ല. ഏറ്റെടുത്ത അഞ്ച് ഗ്രാമത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസ് ജാഗരൂകം. ഊടുവഴികളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയം. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ജപ്പാനില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്.

ഫുകുഷിമയിലേതുപോലെ ആറ് റിയാക്ടറുകളാണ് ജെയ്താപുരില്‍ സ്ഥാപിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ അറീവയുടെ 1650 മെഗാവാട്ട് ശേഷിയുള്ള ആറ് യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ (ഇപിആര്‍). രത്നഗിരി ജില്ലയ്ക്ക് ആവശ്യമായത് 180 മെഗാവാട്ട് വൈദ്യുതി മാത്രമാണെങ്കില്‍ ആണവനിലയത്തിന്റെ ശേഷി 9900 മെഗാവാട്ട്.

എന്നാല്‍, ഊര്‍ജോല്‍പ്പാദനത്തിന് സ്വന്തം ജീവിതം ഹോമിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഗ്രാമീണര്‍ ഉയര്‍ത്തുന്നത്. രത്നഗിരിയുടെ നിലനില്‍പ്പിനാധാരം മീന്‍പിടിത്തവും മാമ്പഴ, കശുവണ്ടി കൃഷിയുമാണ്. പ്രദേശത്തുള്ള അരഡസന്‍ കല്‍ക്കരി അധിഷ്ഠിത താപനിലയങ്ങള്‍ മാമ്പഴക്കൃഷി ഇപ്പോഴേ തകര്‍ത്തുകഴിഞ്ഞു. ഇവ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മാമ്പഴത്തോട്ടങ്ങളെ വിഷമയമാക്കി. കയറ്റുമതി പൂര്‍ണമായും നിലച്ചു. ആണവനിലയം മലിനീകരണം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്. സാഖ്റി നാട്ടെ ഉള്‍പ്പെടെ പത്തോളം ഗ്രാമങ്ങളിലെ ഉപജീവനമാര്‍ഗം മത്സ്യബന്ധനമാണ്. ആണവനിലയം വരുന്നതോടെ യുറേനിയം ദണ്ഡുകള്‍ തണുപ്പിക്കാന്‍ കടല്‍ജലം വര്‍ധിച്ചതോതില്‍ ഉപയോഗിച്ച് പുറന്തള്ളും. സമുദ്രജലത്തിന്റെ ഊഷ്മാവിനേക്കാള്‍ അഞ്ച് ഡിഗ്രി അധികം ഊഷ്മാവുള്ള ജലമാണ് പുറന്തള്ളുക. ഇത് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. പത്തോളം ഗ്രാമങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗം സുരക്ഷാകാരണങ്ങളാല്‍ അടയുകയും ചെയ്യും. ഇതും മത്സ്യബന്ധനത്തെ ബാധിക്കും. സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോകുന്ന ഗ്രാമീണജീവിതം അടിമുടി തകര്‍ക്കുമെന്ന് ഗ്രാമീണര്‍ ഭയക്കുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 290411

1 comment:

  1. ജപ്പാനിലെ ഫുകുഷിമയില്‍ ആണവചോര്‍ച്ച സൃഷ്ടിച്ച നരകസമാനമായ അവസ്ഥയെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ ജയ്താപുരിലെ ജനങ്ങള്‍ക്ക് ഒരേ മനസ്സും ഒരേ നിശ്ചയദാര്‍ഢ്യവും. ഭൂകമ്പസാധ്യതയുള്ള തങ്ങളുടെ നാട്ടില്‍ നിര്‍മിക്കാന്‍ പോകുന്ന ആണവപദ്ധതി അനുവദിക്കില്ലെന്ന ഏകസ്വരം. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവകരാര്‍ ജെയ്താപുരിലെ സാധാരണമനുഷ്യര്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണ്. എംപിമാരെ വിലയ്ക്ക് വാങ്ങി ആണവകരാര്‍ പാസാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ജനരോഷത്തിനു മുമ്പില്‍ വിയര്‍ക്കുകയാണ്. കരാര്‍ ഒപ്പിട്ടശേഷം ഇന്ത്യയില്‍ ഫ്രാന്‍സിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന ആദ്യആണവനിലയം ജയ്താപുരിലാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുമ്പോഴും ഗ്രാമീണര്‍ പദ്ധതി അനുവദിക്കില്ലെന്ന് ഒറ്റമനസ്സോടെ ഗര്‍ജിക്കുകയാണ്.

    ReplyDelete