Sunday, April 24, 2011

മുല്ലപ്പെരിയാര്‍: കേരളത്തിന് അനുകൂലമായ റിപ്പോര്‍ട്ട് വീണ്ടും പഠനത്തിന്

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനനുകൂലമായ ഐഐടികളുടെ പഠനറിപ്പോര്‍ട്ടുകള്‍ വീണ്ടും പഠനത്തിന് അയക്കുന്നു. കേസില്‍ ഉന്നതാധികാരസമിതിയുടെ ഭാഗമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച കേന്ദ്ര ജലകമീഷന്റെ (സിഡബ്ള്യുസി) പരിഗണനയ്ക്കാണ് വീണ്ടുമയക്കുന്നത്. തമിഴ്നാടിന്റെ താല്‍പര്യത്തിനു വഴങ്ങി, മുല്ലപ്പെരിയാറില്‍ ഭൂകമ്പ-പ്രളയ സാധ്യതകള്‍ കുറവാണെന്ന് കേന്ദ്ര ജലകമീഷന്‍ നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സ്വതന്ത്ര പഠനത്തിന് ഐഐടികളെ ചുമതലപ്പെടുത്തിയത്. സിഡബ്ള്യുസി റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് റൂര്‍ക്കി, ഡല്‍ഹി ഐഐടികളുടെ പഠനത്തില്‍ തെളിഞ്ഞത്. ഐഐടി റിപ്പോര്‍ട്ടില്‍ വിസ്താരം നടത്താതെ വീണ്ടും പഠിക്കാന്‍ വിട്ടത്, അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ഉന്നതാധികാരസമിതി മുമ്പാകെ കേരളത്തിന്റെ വാദങ്ങളെ വളഞ്ഞവഴിയിലൂടെ ദുര്‍ബലമാക്കാനാണ്.

റൂര്‍ക്കി ഐഐടിയിലെ ഭൂകമ്പപഠന വിഭാഗം എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്സത ശാസ്ത്രജ്ഞരായ ഡോ. ഡി കെ പോളും ഡോ. എം എല്‍ ശര്‍മ്മയും മുല്ലപ്പെരിയാര്‍ കേസില്‍ സാക്ഷികളായി ഹാജരാകാന്‍ സമ്മതിച്ചിരിക്കെയാണ് ഈ നടപടി. ഉന്നതാധികാരസമിതിയില്‍ നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട സാങ്കേതികാംഗങ്ങളായ സി ഡി തട്ടേയുടെയും ഡി കെ മേത്തയുടെയും തന്ത്രങ്ങളാണിതിനു പിന്നില്‍. സിഡബ്ള്യുസി മുന്‍ ചെയര്‍മാനും മുന്‍ ചീഫ് എന്‍ജിനീയറുമാണ് ഇരുവരും. സാങ്കേതിക വിഷയങ്ങള്‍ പഠിച്ച് ഉന്നതാധികാരസമിതിയെ ഉപദേശിക്കാന്‍ രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മറവിലാണ് സിഡബ്ള്യുസി ഇടപെടല്‍. സിഡബ്ള്യുസി അംഗം എ കെ ഗഞ്ചുവാണ് ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍. ഇക്കാര്യങ്ങളൊക്കെ കാട്ടി സുപ്രീംകോടതിയെത്തന്നെ വീണ്ടും സമീപിക്കാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. കമ്മിറ്റികളുടെ 'സാങ്കേതിക വിചാരണ' യ്ക്ക് വിട്ട് മധ്യകേരളത്തിലെ 45 ലക്ഷത്തോളം മനുഷ്യജീവന്‍ പന്താടാനാവില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

ദുര്‍ബലമായ അണക്കെട്ടിനുപകരം സുരക്ഷിതമായതു നിര്‍മിച്ച് നിലവില്‍ നല്‍കുന്ന അളവില്‍ വെള്ളം തുടര്‍ന്നും നല്‍കാമെന്ന കേരളത്തിന്റെ നിലപാടിനെ എങ്ങനെയും അട്ടിമറിക്കാനാണ് തമിഴ്നാടിന്റെ നീക്കം. അതിന്റെ ഭാഗമായി പുതിയ അണക്കെട്ടിനായി കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2010 ഫെബ്രുവരി 18ന് ഉന്നതാധികാര സമിതി രൂപീകരിക്കാന്‍സുപ്രീകോടതി ഉത്തരവിട്ടപ്പോള്‍ സിഡബ്ള്യുസിയെയോ മുല്ലപ്പെരിയാര്‍ തര്‍ക്കവുമായി ബന്ധമുള്ളവരെയോ സമിതിയുടെ ഭാഗമാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചതാണ്. എന്നാല്‍ ഡിഎംകെയുടെ സ്വാധീനത്തിനു വഴങ്ങി ഉന്നതാധികാര സമിതിയില്‍ത്തന്നെ സിഡബ്ള്യുസി മുന്‍ ചെയര്‍മാനെയും മുന്‍ ചീഫ് എന്‍ജിനീയറെയും അംഗമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
(പി എസ് തോമസ്)

ദേശാഭിമാനി 240411

1 comment:

  1. ല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനനുകൂലമായ ഐഐടികളുടെ പഠനറിപ്പോര്‍ട്ടുകള്‍ വീണ്ടും പഠനത്തിന് അയക്കുന്നു. കേസില്‍ ഉന്നതാധികാരസമിതിയുടെ ഭാഗമാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ച കേന്ദ്ര ജലകമീഷന്റെ (സിഡബ്ള്യുസി) പരിഗണനയ്ക്കാണ് വീണ്ടുമയക്കുന്നത്. തമിഴ്നാടിന്റെ താല്‍പര്യത്തിനു വഴങ്ങി, മുല്ലപ്പെരിയാറില്‍ ഭൂകമ്പ-പ്രളയ സാധ്യതകള്‍ കുറവാണെന്ന് കേന്ദ്ര ജലകമീഷന്‍ നേരത്തെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സ്വതന്ത്ര പഠനത്തിന് ഐഐടികളെ ചുമതലപ്പെടുത്തിയത്. സിഡബ്ള്യുസി റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് റൂര്‍ക്കി, ഡല്‍ഹി ഐഐടികളുടെ പഠനത്തില്‍ തെളിഞ്ഞത്. ഐഐടി റിപ്പോര്‍ട്ടില്‍ വിസ്താരം നടത്താതെ വീണ്ടും പഠിക്കാന്‍ വിട്ടത്, അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള ഉന്നതാധികാരസമിതി മുമ്പാകെ കേരളത്തിന്റെ വാദങ്ങളെ വളഞ്ഞവഴിയിലൂടെ ദുര്‍ബലമാക്കാനാണ്.

    ReplyDelete