Wednesday, April 20, 2011

ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ ശ്രദ്ധേയം

സൂപ്പര്‍ ലജിസ്ലേച്ചര്‍ ആയി മാറാന്‍ കോടതികളും അതുവഴി ന്യായാധിപരും പരിശ്രമിക്കരുതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ പറഞ്ഞത് ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്. ജനാധിപത്യ പ്രക്രിയയില്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയാണ് സുപ്രധാനമായ നെടും തൂണുകള്‍. മാധ്യമങ്ങളെ ജനാധിപത്യ വ്യവസ്ഥയിലെ നാലാമത്തെ തൂണായി വിശേഷിപ്പിക്കാറുമുണ്ട്.

എന്നാല്‍ സമീപകാലത്തായി ജുഡീഷ്യറി തങ്ങളുടെ അധികാരപദവികളുടെ പരിമിതികള്‍ കടന്ന് നിഗമനങ്ങളിലെത്തുന്നതും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും പരിമിതമായ നിലയിലാണെങ്കിലും ചര്‍ച്ചാ വിഷയമായിരുന്നു. ലജിസ്ലേച്ചറിന്റെയും എക്‌സിക്യുട്ടീവിന്റെയും അധികാര പദവികളെ കടന്നു കയറുംവിധമുള്ള വിധി പ്രസ്താവങ്ങളും ചില ന്യായാധിപരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ജുഡീഷ്യല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഇതിലെ അപായകരമായ നില ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ ജഡ്ജിമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍, നിഷ്പക്ഷ മാധ്യമങ്ങള്‍ ഒക്കെ ഈ ജുഡീഷ്യല്‍ ആക്ടിവിസത്തിനെതിരായി നിലപാടെടുക്കുകയും ചെയ്തു.

അപ്രമാദിത്വം സ്വയം കല്‍പിച്ച ചില ന്യായാധിപര്‍ തങ്ങളുടേതാണ് അവസാന വാക്കെന്ന് കരുതി മുന്‍പിന്‍ നോക്കാതെ ചില വിധി പ്രസ്താവങ്ങള്‍ നടത്തുകയുണ്ടായി. അപ്രമാദിത്വവും ധാര്‍ഷ്ട്യവും  ഏതൊരു വ്യക്തിക്കും ഏതൊരു ഭരണഘടനാ സ്ഥാപനത്തിനും ഭൂഷണമല്ല. അത്തരം പ്രവണത സമൂഹത്തെയും ഭരണഘടനാ സംവിധാനത്തെയും ദുഷിപ്പിക്കും.
ജുഡീഷ്യറിക്കെതിരെ ഉയരുന്ന ഉത്തമ ബോധ്യത്തോടെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യണമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് കപാഡിയ ലെജിസ്ലേറ്റീവിന്റെ അധികാരത്തെ തന്റെ പ്രസ്താവനയിലൂടെ ഉയര്‍ത്തി പിടിക്കുകയും ചെയ്തു. നിയമപരമായി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അതീതരാണ് തങ്ങളെന്ന് ന്യായാധിപര്‍ കരുതുന്നത് ശരിയല്ലെന്നും അത്തരമൊരു ധാരണ ജുഡീഷ്യറിയെ അതിരു കടന്ന പ്രവണതകളിലേയ്ക്ക് നയിക്കുമെന്നും കപാഡിയ ഓര്‍മ്മിപ്പിച്ചു. 'സൂപ്പര്‍ ലജിസ്ലേച്ചര്‍' ആയി കോടതികള്‍ മാറുന്നതിന്റെ അപകടാവസ്ഥയും കപാഡിയ ഓര്‍മ്മിപ്പിച്ചു.

ജുഡീഷ്യറിയില്‍ കറുത്ത ഗൗണിട്ട കളങ്ക രഹിതരെയാണ് ആവശ്യമെന്ന ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ വന്നു പതിച്ച കളങ്കത്തിന്റെ തെളിവാണ്. എക്കാലവും ജനങ്ങള്‍ പ്രത്യാശയോടെ കണ്ടിരുന്നത് നീതിന്യായ വ്യവസ്ഥയെയാണ്. ജനങ്ങളുടെ അവസാന പ്രത്യാശയും അത്താണിയും ആണ് ജുഡീഷ്യറി. നീതി നിഷേധിക്കപ്പെട്ടവരുടെ ആലംബ കേന്ദ്രമായി അവര്‍ കരുതുന്നത് നീതിന്യായ സംവിധാനങ്ങളെയാണ്. അത്തരമൊരു സംവിധാനം കളങ്കിതരുടെകൂടി കേന്ദ്രമാകുമ്പോള്‍ നിസ്സഹായരുടെ വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ന്യായാധിപന്മാര്‍ ജീവിക്കുന്ന മാതൃകകളാകണം എന്ന് ചീഫ് ജസ്റ്റിസ് കപാഡിയ പറഞ്ഞതിന്റെ അര്‍ഥം വളരെ വലുതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിക്കുന്ന കളങ്ക രഹിതരാണ് ഇന്നത്തെ ആവശ്യമെന്നു കൂടി കപാഡിയ പറയുമ്പോള്‍ സമകാലിക നീതിന്യായ വ്യവസ്ഥയുടെ ഉടച്ചു വാര്‍ക്കലാണ് അനിവാര്യമാകുന്നത്. ന്യായാധിപര്‍ സ്വയം അച്ചടക്കം പാലിക്കണമെന്നും അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍, ഭരണാധികാരികള്‍ എന്നിവരില്‍ നിന്ന് ജഡ്ജിമാര്‍ നിശ്ചിതമായ അകലം പാലിക്കണമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കപാഡിയ പറഞ്ഞു. ആരുടെയെങ്കിലും രക്ഷകര്‍തൃത്വം ജഡ്ജിമാര്‍ ഏറ്റെടുക്കരുതെന്നുകൂടി ചീഫ് ജസ്റ്റിസു പറയുമ്പോള്‍ നീതിന്യായ വ്യവസ്ഥയില്‍ വന്നുപെട്ടിരിക്കുന്ന അപചയത്തിലുള്ള തിരിച്ചറിവും ഖേദപ്രകടനവുമാണ് അദ്ദേഹം നടത്തുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയും അപചയവും കടന്നുകൂടുന്നതുപോലെ അപകടകരമായ മറ്റൊന്നില്ല. സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലകൃഷ്ണന്റെയും സന്താനങ്ങളുടെയും അനധികൃതമായ സ്വത്തിനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപം നീതിന്യായ വ്യവസ്ഥയ്ക്ക് ചാര്‍ത്തിയ കളങ്കം ചെറുതൊന്നുമായിരുന്നില്ല. തന്റെ സ്വത്തുവിവരം വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മിഷന്‍ അനുവദിക്കരുതെന്ന ജസ്റ്റിസ് ബാലകൃഷ്ണന്റെ നിലപാട് ജുഡീഷ്യറി സംവിധാനത്തെ കൂടുതല്‍ കളങ്കിതമാക്കി.

നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുണ്ടാകുന്ന ആക്ഷേപങ്ങളെ കോടതികള്‍ തന്നെ നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയിലെ പല ജഡ്ജിമാരും ബന്ധുക്കളായ അഭിഭാഷകരുടെ സ്വാധീനത്തിന് വഴങ്ങുന്നുവെന്ന നിശിത വിമര്‍ശനം നടത്തിയത് സുപ്രിം കോടതിയാണ്. കപാഡിയ നടത്തിയ വിമര്‍ശനം, മുന്‍ സുപ്രിം കോടതി ജഡ്ജിമാരായ പലരും ഉയര്‍ത്തിയതും വിസ്മരിക്കാനാവുന്നതല്ല.

എന്തു തന്നെയായാലും ചീഫ് ജസ്റ്റിസ് കപാഡിയ നടത്തിയ അഭിപ്രായ പ്രകടനം ഏറ്റവും ശ്രദ്ധേയമാണ്. ജുഡീഷ്യറിക്ക് വന്നു ഭവിച്ചിരിക്കുന്ന അപചയത്തെ ഇല്ലായ്മ ചെയ്യുവാനുള്ള ഗൗരവതരമായ ഇടപെടലുകള്‍ക്ക് കപാഡിയയുടെ വാക്കുകള്‍ പ്രേരകമാവണം.

ജനയുഗം മുഖപ്രസംഗം 200411

1 comment:

  1. സൂപ്പര്‍ ലജിസ്ലേച്ചര്‍ ആയി മാറാന്‍ കോടതികളും അതുവഴി ന്യായാധിപരും പരിശ്രമിക്കരുതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ പറഞ്ഞത് ഏറ്റവും ശ്രദ്ധേയമായ വസ്തുതയാണ്. ജനാധിപത്യ പ്രക്രിയയില്‍ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയാണ് സുപ്രധാനമായ നെടും തൂണുകള്‍. മാധ്യമങ്ങളെ ജനാധിപത്യ വ്യവസ്ഥയിലെ നാലാമത്തെ തൂണായി വിശേഷിപ്പിക്കാറുമുണ്ട്.

    ReplyDelete