Tuesday, April 19, 2011

തൃണമൂല്‍ സഖ്യത്തിനുപിന്നില്‍ ജനവിരുദ്ധര്‍: ബുദ്ധദേവ്

ഉത്തരബംഗാള്‍ പോളിങ് 76 ശതമാനം; സമാധാനപരം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടം വോട്ടെടുപ്പ് സമാധാനപരം. 76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. അവസാന കണക്കില്‍ ഇത് ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലാണ്-78.17. മറ്റു ജില്ലകള്‍: കൂച്ച് ബിഹാര്‍-77.1, ജല്‍പായ്ഗുരി-80, ഡാര്‍ജിലിങ്-71, ഉത്തര ദിനാജ്പുര്‍-72.5, മാല്‍ഡ-75.1.
ഉത്തരബംഗാളിലെ ആറ് ജില്ലയിലെ 54 മണ്ഡലത്തിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. പകല്‍ പന്ത്രണ്ടോടെ തന്നെ 40 ശതമാനത്തിലധികം വോട്ടു രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ വലിയ നീണ്ടനിരയാണ് ബൂത്തുകളില്‍ കണ്ടത്. കൂച്ച്ബിഹാര്‍, ദക്ഷിണ ദിനാജ്പുര്‍, മാല്‍ഡ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ കേടായതിനാല്‍ 35 ബൂത്തില്‍ പോളിങ് തുടങ്ങാന്‍ വൈകി. കനത്ത സുരക്ഷാ സന്നാഹത്തിലാണ് വോട്ടെടുപ്പ് നടന്നത്. 560 കമ്പനി കേന്ദ്രസേനയെ 54 മണ്ഡലത്തിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. കൂച്ച്ബിഹാര്‍ (ഒന്‍പത് മണ്ഡലം), ജല്‍പായ്ഗുരി (12), ഡാര്‍ജിലിങ് (5), ഉത്തര ദിനാജ്പുര്‍ (9), ദക്ഷിണ ദിനാജ്പുര്‍ (6), മാല്‍ഡ (12) എന്നീ ജില്ലകളിലായിരുന്നു ഒന്നാം ഘട്ടം വോട്ടെടുപ്പ്. ആകെ 364 സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. 97.42 ലക്ഷം വോട്ടര്‍മാര്‍.

ഡാര്‍ജിലിങ്ങിലെയും കലിംപോങ്ങിലെയും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പോളിങ് ബൂത്തുകളില്‍ ശനിയാഴ്ച തന്നെ ഉദ്യോഗസ്ഥരെ എത്തിച്ചു. ഇവിടത്തെ ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ കനത്ത പോളിങ് രേഖപ്പെടുത്തി. കൂച്ച്ബിഹാറിലെ ശീതള്‍കുച്ചി നിയമസഭാ മണ്ഡലത്തിലെ 181-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. സുരക്ഷാസേന നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മാല്‍ഡ വിമെന്‍സ് കോളേജില്‍ ബൂത്തില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ കേന്ദ്ര സേനാംഗങ്ങള്‍ ലാത്തിച്ചാര്‍ജ് ചെയ്തു. സിലിഗുരിയിലെ ധാബ്ഗ്രാമില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒരു സിപിഐ എം പ്രവര്‍ത്തകന് പരിക്കേറ്റു. ഡാര്‍ജിലിങ്ങില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയായിരുന്നു വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളില്‍ സിപിഐ എം 32 സീറ്റിലും ഫോര്‍വേഡ് ബ്ളോക്ക് പത്തു സീറ്റിലും ആര്‍എസ്പി ഒന്‍പത് സീറ്റിലും സിപിഐ രണ്ട് സീറ്റിലും മത്സരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് 26 സീറ്റിലും കോണ്‍ഗ്രസ് 27 സീറ്റിലും. 49 ബിജെപി സ്ഥാനാര്‍ഥികളുമുണ്ട്. 102 സ്വതന്ത്രരും.
(വി ജയിന്‍)


തൃണമൂല്‍ സഖ്യത്തിനുപിന്നില്‍ ജനവിരുദ്ധര്‍: ബുദ്ധദേവ്

കൊല്‍ക്കത്ത: പാവപ്പെട്ട കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാര്‍ക്ക് എന്നും തുണ ചെങ്കൊടിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതിലോമ ശക്തികളെയും ഒപ്പം നിര്‍ത്തിയാണ് പ്രതിപക്ഷം ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ആഗോള മൂലധനത്തെയും ഭൂപ്രഭുവര്‍ഗത്തെയുമാണ് അവര്‍ പ്രതിനിധാനംചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഈ സഖ്യം അധികാരത്തിലെത്തിയാല്‍ അത് ബംഗാളിന്റെ നാശത്തില്‍ കലാശിക്കും. ഇടതുപക്ഷത്തെ ദുര്‍ബലമാക്കി ബാങ്ക് സ്വകാര്യവല്‍ക്കരണം, പൊതുമേഖല നശിപ്പിക്കല്‍ എന്നിവ എളുപ്പമാക്കാനാകും അവര്‍ ശ്രമിക്കുക. ആദിവാസികളെയും കര്‍ഷകരെയും കൊന്നൊടുക്കുന്ന മാവോയിസ്റുകളെ സഹായിക്കുന്ന തൃണമൂല്‍ ഡാര്‍ജിലിങ്ങില്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നു. പ്രതിലോമസഖ്യം അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടും.

ഇടതുമുന്നണി സര്‍ക്കാര്‍ 34 വര്‍ഷമായി ഭൂപരിഷ്കരണം നടപ്പാക്കുന്നു. 30 ലക്ഷം കര്‍ഷകര്‍ക്ക് ഭൂമി കിട്ടി. 15 ലക്ഷം പങ്കുകൃഷിക്കാര്‍ക്ക് സംരക്ഷണം നല്‍കി. പഞ്ചായത്തിരാജ് സംവിധാനം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സ്ഥലങ്ങളിലെല്ലാം പഞ്ചായത്തുകളെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങാക്കി. സംസ്ഥാന ഭരണം അവരുടെ കൈയില്‍ കിട്ടിയാല്‍ പശ്ചിമബംഗാളിന് എന്ത് സംഭവിക്കുമെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്- ബുദ്ധദേവ് പറഞ്ഞു.


ബുദ്ധദേവിന്റെ പേരില്‍ വ്യാജ ഫോണ്‍; ഇടതുമുന്നണി പരാതി നല്‍കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വികാസ്രഞ്ജന്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ഫോണില്‍ വിളിച്ചയാള്‍ മുഖ്യമന്ത്രിയാണെന്ന് പരിചയപ്പെടുത്തി ഇംഗ്ളീഷിലാണ് സംസാരിച്ചത്. ഫോണ്‍ സന്ദേശം ലഭിച്ചവര്‍ സിപിഐ എം ഓഫീസിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് വ്യാജനാണ് വിളിച്ചതെന്ന് മനസിലായത്.

ദേശാഭിമാനി 190411

1 comment:

  1. എല്ലാ പ്രതിലോമ ശക്തികളെയും ഒപ്പം നിര്‍ത്തിയാണ് പ്രതിപക്ഷം ഇടതുമുന്നണിയെ തെരഞ്ഞെടുപ്പില്‍ നേരിടുന്നത്. ആഗോള മൂലധനത്തെയും ഭൂപ്രഭുവര്‍ഗത്തെയുമാണ് അവര്‍ പ്രതിനിധാനംചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഈ സഖ്യം അധികാരത്തിലെത്തിയാല്‍ അത് ബംഗാളിന്റെ നാശത്തില്‍ കലാശിക്കും. ഇടതുപക്ഷത്തെ ദുര്‍ബലമാക്കി ബാങ്ക് സ്വകാര്യവല്‍ക്കരണം, പൊതുമേഖല നശിപ്പിക്കല്‍ എന്നിവ എളുപ്പമാക്കാനാകും അവര്‍ ശ്രമിക്കുക. ആദിവാസികളെയും കര്‍ഷകരെയും കൊന്നൊടുക്കുന്ന മാവോയിസ്റുകളെ സഹായിക്കുന്ന തൃണമൂല്‍ ഡാര്‍ജിലിങ്ങില്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നു. പ്രതിലോമസഖ്യം അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെടും.

    ReplyDelete