Wednesday, April 27, 2011

ചെന്നിത്തല കോടികളുടെ അഴിമതി നടത്തിയെന്ന് കെ കെ രാമചന്ദ്രന്‍

അഴിമതി വെളിപ്പെടുത്തിയ കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: എഐസിസി അംഗവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാമചന്ദ്രനെ പുറത്താക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദന്‍ മിസ്ത്രി ഡല്‍ഹിയില്‍ അറിയിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ നടന്ന വന്‍ അഴിമതി വെളിപ്പെടുത്തി വാര്‍ത്താസമ്മേളനം നടത്തിയതിനാണ് അന്ന് മന്ത്രിയായിരുന്ന രാമചന്ദ്രനെതിരെ നടപടി.

മാലിന്യസംസ്കരണത്തിന്റെ പേരില്‍ ടൈറ്റാനിയത്തില്‍ 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു. തന്നെ മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. മന്ത്രിപദം ഒഴിഞ്ഞശേഷം മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് കേന്ദ്രീകരിച്ച് തന്റെ ഫോ ചോര്‍ത്തി. അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിപദത്തിന് അയോഗ്യരാണെന്നും രണ്ടുപേരും മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ട രാമചന്ദ്രന്‍ കേരളത്തിലെ കോണ്‍ഗ്രസ് അഴിമതിക്കാരുടെ കൈകളില്‍ അധഃപതിച്ചെന്നും പറഞ്ഞിരുന്നു.

വാര്‍ത്താസമ്മേളനത്തെതുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ വാര്‍ത്താസമ്മേളനം നടത്തിയ രാമചന്ദ്രനെ പുറത്താക്കണമെന്ന് കെപിസിസി നേതൃത്വം എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എഐസിസി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് തീരുമാനമെടുപ്പിച്ചത്. പുറത്താക്കലിനെക്കുറിച്ച് ബുധനാഴ്ച പ്രതികരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അഴിമതി വിളിച്ചു പറഞ്ഞത് പുറത്തേക്കുള്ള വഴിയൊരുക്കി

കല്‍പ്പറ്റ: ആറ് തവണ എംഎല്‍എ, രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയും കാലം കോണ്‍ഗ്രസിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട് നേതാക്കളുടെ കൊള്ളരുതായ്മകള്‍ വിളിച്ചു പറഞ്ഞു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പടിയടച്ചു പുറത്താക്കാന്‍ നേതൃത്വത്തിന് ഈ വിളിച്ചു പറയല്‍ തന്നെ ധാരാളമായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പാണ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ അഴിമതിയാരോപണവുമായി കെ കെ രാമചന്ദ്രന്‍ പരസ്യമായി രംഗത്തുവന്നത്. ഇരുനേതാക്കളും കെ കെ രാമചന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്എത്തിയദിവസം തന്നെയാണ് അദ്ദേഹം തിരുവനന്തപുരത്ത് ഈ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. നടപടിയെടുക്കും എന്ന് ചെന്നിത്തല അന്നുതന്നെ പറഞ്ഞു. നടപടിയുണ്ടാകില്ല എന്ന് പിന്നീട് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു. 'പ്രതീക്ഷിച്ച നടപടി' വന്നുവെങ്കിലും പുറത്താക്കലിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍പോലും കരുതിയില്ല.

തലശേരി ചൊക്ളി നിടുമ്പ്രം സ്വദേശിയായ കെ കെ രാമചന്ദ്രന്‍ 1954ലാണ് കോണ്‍ഗ്രസിലെത്തിയത്. നിടുമ്പ്രത്ത് യൂത്ത്കോണ്‍ഗ്രസ് വില്ലേജ് പ്രസിഡന്റായി തുടക്കം. പിന്നീട് 1962 ല്‍ വയനാട്ടില്‍ താമസം തുടങ്ങി. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഈ 21 അംഗങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നത് കെ കെ രാമചന്ദ്രന്‍ മാത്രം. 1980ല്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റായി. 1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം പിന്നീട് എഐസിസി അംഗമായി. അല്‍പ്പകാലം മുമ്പുവരെ വയനാട് ജില്ലയിലെ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എതിര്‍ശബ്ദമുണ്ടായിരുന്നില്ല. വയനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍നിന്നായി 1980 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ് അദ്ദേഹം എംഎല്‍എയായത്. 2006ല്‍ മാത്രമാണ് തോറ്റത്. 1982ല്‍ കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറിയുമായിരുന്നു. 1995ല്‍ ആന്റണി മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഒമ്പതുദിവസത്തിനുശേഷമാണ് ടിക്കറ്റ് നല്‍കിയത്.

ചെന്നിത്തല കോടികളുടെ അഴിമതി നടത്തിയെന്ന് കെ കെ രാമചന്ദ്രന്‍


കൊച്ചി: കഴിഞ്ഞ ആറുകൊല്ലമായി കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല കോടികളുടെ അഴിമതിയാണ് നടത്തിയതെന്ന് പാര്‍ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചെലവിലേക്കായി ഹൈക്കമാന്‍ഡ് നല്‍കിയതില്‍ 20 കോടിരൂപ കാണാതായതിന് ചെന്നിത്തല ഉത്തരം പറയണമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുറത്താക്കിയ വിവരം ചാനലില്‍ നിന്നാണ് അറിഞ്ഞത്. വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന കാര്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഒറ്റക്കെട്ടാണ്. ഇതുപോലൊരു അവസ്ഥ കോണ്‍ഗ്രസില്‍ മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു.

ദേശാഭിമാനി 270411

1 comment:

  1. ആറ് തവണ എംഎല്‍എ, രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയും കാലം കോണ്‍ഗ്രസിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട് നേതാക്കളുടെ കൊള്ളരുതായ്മകള്‍ വിളിച്ചു പറഞ്ഞു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പടിയടച്ചു പുറത്താക്കാന്‍ നേതൃത്വത്തിന് ഈ വിളിച്ചു പറയല്‍ തന്നെ ധാരാളമായിരുന്നു.

    ReplyDelete