Friday, April 1, 2011

നഷ്ടം ലാഭമാക്കി 'ട്രാക്കോ'

പത്തനംതിട്ട:

മാന്യമായ ജോലി, ന്യായമായ ശമ്പളം. അഞ്ച് വര്‍ഷംമുമ്പ് തിരുവല്ലയിലെ ട്രാക്കോ കേബിളെന്ന പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഇവ അന്യമായിരുന്നു. നഷ്ടത്തിന്റെ പേര് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനം സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ വ്യഗ്രതകാട്ടി. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകള്‍. എന്നാല്‍ ഇന്ന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് തൊഴിലാളികള്‍. അന്തസ്സോടെ ജോലിചെയ്യുന്നു. അഭിമാനത്തോടെ ശമ്പളം വാങ്ങുന്നു. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണമാണ് 400 ഓളം തൊഴിലാളികളുടെ ജീവിതത്തില്‍ പ്രകാശം പരത്തി സ്ഥാപനത്തെ ലാഭത്തിലാക്കിയത്.

1991ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് സ്ഥാപനം തുടങ്ങിയത്. ബിഎസ്എന്‍എല്ലിന് ആവശ്യമായ ജെല്ലിഫില്‍ഡ് കേബിളായിരുന്നു ഉല്‍പാദിപ്പിച്ചത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഓപ്പണ്‍ ടെണ്ടര്‍ വിളിക്കാന്‍ തുടങ്ങിയതോടെ കുത്തകകളുമായി ഏറ്റുമുട്ടാന്‍ കഴിയാതെ സ്ഥാപനം തകര്‍ച്ചയിലേക്ക് നീങ്ങി. 2000-2001ല്‍ 98 കോടിയുടെ വിറ്റ് വരവുണ്ടായിരുന്ന സ്ഥാപനം 2006ഓടെ പ്രവര്‍ത്തന രഹിതമായി. അന്ന് അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനത്തെ നഷ്ടത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് പകരം സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ശ്രമിച്ചത്. ചില സ്വകാര്യകമ്പനികളുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉജ്വലമായ സമരങ്ങള്‍ നടന്നു. സര്‍ക്കാര്‍ മുട്ടുകുത്തി. ആനുകൂല്യം വെട്ടിക്കുറച്ചും നാമമാത്രം ശമ്പളം നല്‍കിയും സര്‍ക്കാര്‍ തൊഴിലാളികളുടെ ജീവിതത്തില്‍ ദുരിതം വിതറി.

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കമ്പനിയുടെ ശനിദിശമാറിയത്. 2006-2007 വര്‍ഷത്തില്‍ 218 ലക്ഷം രൂപയായി കമ്പനിയുടെ വിറ്റ് വരവ്. 2009 -2010 ആകുമ്പോഴേക്ക് വിറ്റു വരവ് 7137 ലക്ഷം രൂപയായി ഉയര്‍ന്നു. ഈ കമ്പനിയില്‍നിന്നും ലഭിച്ച ലാഭം ഉപയോഗിച്ച് കണ്ണൂരില്‍ മറ്റൊരു യൂണിറ്റ് തുടങ്ങാനും 200 പേര്‍ക്ക് തൊഴില്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്ന നയം നടപ്പാക്കിയതും ഉല്‍പ്പന്ന വൈവിധ്യവത്കരണവുമാണ് ട്രാക്കോ കേബിളിനെ രക്ഷിച്ചത്. കെഎസ്ഇബിക്കാവശ്യമായ എസിഎസ്ആര്‍ കേബിളുകളും വെതര്‍പ്രൂഫ് കേബിളും ഉല്‍പ്പാദിപ്പിക്കാന്‍ തീരുമാനച്ചതോടെ കമ്പനി ലാഭത്തിലായി. 20 വര്‍ഷത്തിനിടെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ നടപ്പാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. ശമ്പള പരിഷ്കരണവും നടപ്പിലാക്കി. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസത്തിനകം ഇരുപതോളം താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. എക്സ്എല്‍ പിവിസി എന്ന പേരില്‍ ഹൈടെന്‍ഷന്‍ എക്സ്ട്രാ ഹൈടെന്‍ഷന്‍ കേബിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാപനം നഷ്ടത്തിലായപ്പോള്‍ തൊഴിലാളികളാണ് പദ്ധതി തയ്യാറാക്കിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഈപദ്ധതിയെക്കുറിച്ച് ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ല.

ദേശാഭിമാനി 010411

1 comment:

  1. മാന്യമായ ജോലി, ന്യായമായ ശമ്പളം. അഞ്ച് വര്‍ഷംമുമ്പ് തിരുവല്ലയിലെ ട്രാക്കോ കേബിളെന്ന പൊതുമേഖലാ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഇവ അന്യമായിരുന്നു. നഷ്ടത്തിന്റെ പേര് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനം സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ വ്യഗ്രതകാട്ടി. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകള്‍. എന്നാല്‍ ഇന്ന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് തൊഴിലാളികള്‍. അന്തസ്സോടെ ജോലിചെയ്യുന്നു. അഭിമാനത്തോടെ ശമ്പളം വാങ്ങുന്നു. അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണമാണ് 400 ഓളം തൊഴിലാളികളുടെ ജീവിതത്തില്‍ പ്രകാശം പരത്തി സ്ഥാപനത്തെ ലാഭത്തിലാക്കിയത്.

    ReplyDelete