Sunday, May 29, 2011

ബി ജെ പി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ബി ജെ പി നേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി വിജയം പ്രതീക്ഷിച്ചിരുന്ന നേമം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പരാജയത്തെ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് എതിരായി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ യോഗത്തില്‍ ആരോപിച്ചു. നേമം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തീര്‍ത്തും പരാജയമായിരുന്നുവെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

അതിനിടെ വോട്ടുകച്ചവടം എന്ന പഴയ ശീലത്തില്‍ നിന്ന് പാര്‍ട്ടി ഇത്തവണയും മുക്തമായില്ലെന്ന് സംസ്ഥാന നേതൃയോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിലെ ചില മണ്ഡലങ്ങള്‍ ഉള്‍പ്പടെ ബി ജെ പി വോട്ടില്‍ വലിയചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് നേതാക്കന്‍മാരില്‍ ചിലരുടെ അറിവോടെയാണ് വോട്ടുകച്ചവടം നടന്നതെന്നും ആരോപണമുയര്‍ന്നു. കാലങ്ങളായി പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ഈ ദുഷ്പ്രവണത ഇല്ലാതാക്കാന്‍ നേതൃത്വം ഇത്തവണയും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന തുടര്‍ച്ചയായ പ്രഖ്യാപനങ്ങല്‍ പാഴ് വാക്കാവുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ പരിഹാസ്യമാക്കുമെന്നും ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പ്രകടനം സംബന്ധിച്ച് വിശദമായ പരിശോധന മണ്ഡലങ്ങളില്‍ നടത്തണമെന്ന് യോഗം തീരുമാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക്  പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് എല്‍ ഡി എഫിന്  ഇത്രയും സീറ്റ് ലഭിക്കാന്‍ കാരണം. ബി ജെ പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ പലതും നഷ്ടമായത് അച്യുതാനന്ദനോടുള്ള ജനങ്ങളുടെ താല്‍പര്യം മൂലമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ജനയുഗം 280511

1 comment:

  1. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ബി ജെ പി നേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി വിജയം പ്രതീക്ഷിച്ചിരുന്ന നേമം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പരാജയത്തെ സംബന്ധിച്ച് വിശദമായ പരിശോധന വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് എതിരായി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ യോഗത്തില്‍ ആരോപിച്ചു. നേമം, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ സംഘടനാ സംവിധാനം തീര്‍ത്തും പരാജയമായിരുന്നുവെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.

    ReplyDelete