Wednesday, May 25, 2011

കൊച്ചി മെട്രോ: സ്വകാര്യമേഖലയ്ക്ക് സാധ്യതയേറി

കൊച്ചി മെട്രോ സ്വകാര്യമേഖലയിലേക്ക് പോകാനുള്ള സാധ്യത വര്‍ധിച്ചു. പദ്ധതിക്ക് കേന്ദ്ര മുതല്‍മുടക്ക് ബുദ്ധിമുട്ടാകുമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ വ്യക്തമാക്കിയതോടെയാണ് ഇതിന് സാധ്യത തെളിഞ്ഞത്. കേന്ദ്രമന്ത്രി കെ വി തോമസുമായുള്ള ചര്‍ച്ചയിലാണ് അലുവാലിയ നിലപാട് ആവര്‍ത്തിച്ചത്. മെട്രോ ലാഭകരമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും കേന്ദ്രസഹായം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അലുവാലിയ അറിയിച്ചു. ഡല്‍ഹി മെട്രോ ചെയര്‍മാന്‍ ഇ ശ്രീധരനുമായും മന്ത്രി തോമസ് ഇക്കാര്യം ചര്‍ച്ചചെയ്തു. കൊച്ചി മെട്രോ കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ ഡല്‍ഹി മെട്രോയുടെ മാതൃകയില്‍ നടപ്പാക്കണമെന്ന നിലപാടാണ് ശ്രീധരന്‍ ചര്‍ച്ചയില്‍ സ്വീകരിച്ചതെന്ന് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്.

പദ്ധതിക്ക് ധനമന്ത്രാലയവും ആസൂത്രണകമീഷനുമാണ് തടസ്സം പറയുന്നത്. എന്നാല്‍ , ആസൂത്രണകമീഷന്റെ സമീപനത്തില്‍ മാറ്റമുണ്ട്. ചര്‍ച്ചയ്ക്ക് ചീഫ്സെക്രട്ടറിയെ അയക്കാന്‍ അലുവാലിയ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ , ധനസഹായം നല്‍കാമെന്ന ഉറപ്പ് ഇപ്പോഴും കമീഷനില്‍നിന്ന് ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയ്ക്ക് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്നുണ്ടാകുന്നതിന് പ്രായോഗികമായ നീക്കങ്ങളാണ് ആവശ്യം. മുഖ്യമന്ത്രി ഇനിയെത്തുമ്പോള്‍ പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി അനുകൂല നിലപാട് സൃഷ്ടിക്കണം. കൊച്ചി മെട്രോയ്ക്ക് അടിസ്ഥാനസൗകര്യമൊരുക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ 145 കോടി അനുവദിച്ചിരുന്നു. ഇതില്‍ 30 കോടി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി മെട്രോ കോര്‍പറേഷന് കൈമാറിയിട്ടുണ്ട്- കെ വി തോമസ് പറഞ്ഞു.

deshabhimani 250511

1 comment:

  1. കൊച്ചി മെട്രോ സ്വകാര്യമേഖലയിലേക്ക് പോകാനുള്ള സാധ്യത വര്‍ധിച്ചു. പദ്ധതിക്ക് കേന്ദ്ര മുതല്‍മുടക്ക് ബുദ്ധിമുട്ടാകുമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ വ്യക്തമാക്കിയതോടെയാണ് ഇതിന് സാധ്യത തെളിഞ്ഞത്. കേന്ദ്രമന്ത്രി കെ വി തോമസുമായുള്ള ചര്‍ച്ചയിലാണ് അലുവാലിയ നിലപാട് ആവര്‍ത്തിച്ചത്. മെട്രോ ലാഭകരമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും കേന്ദ്രസഹായം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്ന് അലുവാലിയ അറിയിച്ചു.

    ReplyDelete