Tuesday, May 31, 2011

ലക്ഷ്യം ചെന്നിത്തലയുടെ തല; കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

തര്‍ക്കം തീര്‍ന്നില്ല; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്

തിരുവനന്തപുരം: പാര്‍ലമെന്ററികാര്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളില്‍ തീരുമാനമാകാതെ യു ഡി എഫ് യോഗം പിരിഞ്ഞു. ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ജൂണ്‍ 22ന് യു ഡി എഫ് യോഗം വീണ്ടും ചേരും. അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നോമിനി മത്സരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജി കാര്‍ത്തികേയനായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്കു വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്ററികാര്യ മന്ത്രി, ഡെപ്യൂട്ടി സീപീക്കര്‍ സ്ഥാനങ്ങളില്‍ മുന്‍തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് കേരളകോണ്‍ഗ്രസും മുസ്‌ലിംലീഗും അറിയിച്ചതോടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്ത് യോഗം പിരിയുകയായിരുന്നു.

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് അറിയിച്ചപ്പോള്‍ അഞ്ചാം മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന മുസ്‌ലിംലീഗ് യോഗത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് തീരുമാനമൊന്നുമുണ്ടാകാത്തതിനാല്‍ മാണിയും കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നാണ് വിവരം. അതേസമയം ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ നിലപാട് കര്‍ക്കശമാക്കാനാണ് മാണി തീരുമാനിച്ചിട്ടുള്ളത്. ആദ്യമേ മുന്നോട്ടുവച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനം ഒഴിച്ചിട്ടതിന് ശേഷം ലീഗിന് ചീഫ് വിപ്പ് പദവി നല്‍കും. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസ്സിന് ഏറ്റെടുക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

പാര്‍ലമെന്ററികാര്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെചൊല്ലി യു ഡി എഫില്‍ ആശയക്കുഴപ്പമുണ്ടെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അതിശയോക്തിപരവും തെറ്റിദ്ധാരണപരത്തുന്നതുമാണെന്ന് യു ഡി എഫ് യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടികള്‍ക്കു അവരുടേതായ ആവശ്യങ്ങള്‍ പറയാന്‍ കഴിയും. അതില്‍ യാതൊരു തെറ്റുമില്ല. പൊതുവായി ചര്‍ച്ച ചെയ്തു അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് യു ഡി എഫ് ശൈലി. യാതൊരു ന്യായീകരണവുമില്ലാതെ തുടക്കം മുതലേ സര്‍ക്കാരിനെ എതിര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനങ്ങളാണ് എടുത്തത്. യു ഡി എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയെ സംബന്ധിച്ച് ഒന്നാം തീയതി ചേരുന്നമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കോര്‍പ്പറേഷനുകളും ബോര്‍ഡുകളും പുനസ്സംഘടിപ്പിക്കുന്നതിനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആഗസ്ത് 18ന് മുമ്പായി ഈ രണ്ടുവകുപ്പുകളും പുനസ്സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ ഐകകണേഠനയാണ് സ്പീക്കര്‍ സ്ഥാനത്തെ സംബന്ധിച്ച് യു ഡി എഫ് തീരുമാനമെടുത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ മര്യാദ അനുസരിച്ച് ഭരണമാറ്റം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയപരമായി ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടതാണെന്നു പി പി തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ പല സ്ഥാനങ്ങളും ഇപ്പോഴും രാജിവയ്ക്കാതെ ആനുകൂല്യങ്ങളും കൈപ്പറ്റി പലരും തുടര്‍ന്നുപോവുകയാണ്. രാഷ്ട്രീയ മര്യാദപാലിച്ച് ഇത്തരം സ്ഥാനങ്ങള്‍ ഒഴിയണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ നിയമനങ്ങളില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയേയും അംഗങ്ങളേയും ഭരിക്കാന്‍ അനുവദിക്കില്ലെന്ന വി എസിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നു കെ എം മാണി പറഞ്ഞു. ഇതിനു ഭീഷണിയുടേയും ഫാഷിസത്തിന്റേയും സ്വഭാവമുണ്ട്. ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ല. ഒരു ഭീഷണിക്കു മുന്നിലും യു ഡി എഫ് വഴങ്ങില്ല, വി എസിന്റെ പ്രസ്താവനയ്ക്കു ഒരുവിലയും കല്‍പ്പിക്കില്ലെന്നും മാണി പറഞ്ഞു.

ലക്ഷ്യം ചെന്നിത്തലയുടെ തല; കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി കൊണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ നീക്കത്തിന് പിന്നില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കരുതപ്പെട്ടിരുന്ന വി ഡി സതീശന്‍ എം എല്‍ എ തുടങ്ങിവച്ച പരസ്യമായ ആക്രമണം ടി എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തത് മുതിര്‍ന്ന ചില നേതാക്കളുടെ കൂടി താല്‍പര്യമനുസരിച്ചാണ്.

തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ ഉത്തരവാദി രമേശ് ചെന്നിത്തലയാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ ഉണ്ടായ സാമൂഹ്യ വിമര്‍ശനത്തിന്റെ ഉത്തരവാദിത്വവും ചെന്നിത്തലക്കുണ്ടെന്നും പ്രതാപന്‍ ആരോപിച്ചിരുന്നു. ഇതിനേക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് വി ഡി സതീശന്‍ നടത്തിയത്. പെട്ടിയെടുപ്പുകാര്‍ക്ക് മാത്രമായി മന്ത്രിസ്ഥാനം വീതം വച്ചത് ശരിയായില്ലെന്ന് പറഞ്ഞ സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനമടക്കമുള്ള നടപടികളെയും വിമര്‍ശിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ കെ മുരളീധരന്‍ അടക്കമുള്ളവരും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റണമെന്ന് എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതുകൂടി മുന്നില്‍കണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചെന്നിത്തലയുടെ ആഗ്രഹത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം മുഖ്യമന്ത്രിപദത്തിന് ചെന്നിത്തല അവകാശവാദം ഉയര്‍ത്തിയിരുന്നു. അത് നടക്കില്ലെന്നുറപ്പായതോടെ ആഭ്യന്തരമന്ത്രിപദം ആഗ്രഹിച്ച ചെന്നിത്തലയ്ക്ക് അതും എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരില്ലെന്ന പ്രഖ്യാപനം നടത്തേണ്ടിവന്നത്. കെ പി സി സി പ്രസിഡന്റ് പദം ഒഴിഞ്ഞ് അപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാവുന്നതിലെ അപകടം ചെന്നിത്തല മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ കെ പി സി സി അധ്യക്ഷനായിരുന്ന് ഭരണത്തെ നിയന്ത്രിക്കുക എന്ന തന്ത്രമാണ് അദ്ദേഹം ഇപ്പോള്‍ മുന്നില്‍ കാണുന്നത്. ഇതിന്റെ അപകടം ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് അവര്‍ തുറന്ന യുദ്ധത്തിന് തയ്യാറല്ല.

ഈ സാഹചര്യത്തിലാണ് പ്രതാപന്റെയും സതീശന്റെയും വിമര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. പ്രതാപന്‍ വ്യക്തിപരമായി ആന്റണിയോട് വളരെ അടുപ്പം പുലര്‍ത്തുന്ന ആളാണ്. വി എം സുധീരനടക്കമുള്ള ആന്റണി അനുകൂലികളും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ വി ഡി സതീശനെ വെട്ടിയത് ചെന്നിത്തലയാണെന്ന് ഇവര്‍ പറയുന്നു. സതീശന് പകരം ശിവകുമാര്‍ മന്ത്രിയായേതീരുമെന്ന പിടിവാശി ചെന്നിത്തലയുടേതായിരുന്നു. അതുകൊണ്ട് തന്നെ സതീശനെ തഴഞ്ഞതിനുത്തരവാദി ചെന്നിത്തലയാണെന്ന് എ വിഭാഗം രഹസ്യമായി പ്രചരിപ്പിക്കുന്നു. കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സ്വന്തക്കാരെ തിരുകികയറ്റാന്‍ ചെന്നിത്തല ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പ്രസിഡന്റ് മത്സരിക്കാന്‍ പോയതോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാളില്ലാതായി എന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കത്തില്‍ കഴിയുന്നത്ര വേഗത്തില്‍ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെ തടയിടാന്‍ ചെന്നിത്തലയുടെ അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ ആദ്യ ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കെ പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചിരുന്നു. ടി എന്‍ പ്രതാപന്‍ കെ പി സി സി സെക്രട്ടറി സ്ഥാനം രാജിവച്ചിട്ട് വിമര്‍ശിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപരീക്ഷണത്തിനായി തെരുവിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുമെന്നുറപ്പാണ്.
(കെ എസ് അരുണ്‍)

janayugom 310511

2 comments:

  1. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി കൊണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ നീക്കത്തിന് പിന്നില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കരുതപ്പെട്ടിരുന്ന വി ഡി സതീശന്‍ എം എല്‍ എ തുടങ്ങിവച്ച പരസ്യമായ ആക്രമണം ടി എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തത് മുതിര്‍ന്ന ചില നേതാക്കളുടെ കൂടി താല്‍പര്യമനുസരിച്ചാണ്.

    ReplyDelete
  2. election kazhinjallo. iniyum enthanu parayanullath?

    ReplyDelete