Thursday, May 26, 2011

പശുവിനും പാലിനും വെവ്വേറെ വകുപ്പ്: വി എസ്

ഐപ്പിന്റെ നിയമനം ഐസ്ക്രീം കേസിനെ ബാധിക്കില്ല: ഉമ്മന്‍ചാണ്ടി

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രത്യേക പൊലീസ് അന്വേഷണസംഘം ചോദ്യംചെയ്ത പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി നിയമിച്ചത് കേസന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐപ്പിന്റെ നിയമനം പുനഃപരിശോധിക്കേണ്ടതില്ല. ജഡ്ജിമാരെ സ്വാധീനിക്കാന്‍ പണം നല്‍കിയത് ഐപ്പാണെന്ന് മുന്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ സി പീറ്ററാണ് വെളിപ്പെടുത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ കേസിനെ നിയമനം ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേസന്വേഷണത്തില്‍ ഇടപെടില്ലെന്നും അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

പൊലീസ് ചോദ്യം ചെയ്ത് ദിവസങ്ങള്‍ക്കകം ഐപ്പിനെ പ്രധാനസ്ഥാനത്ത് അവരോധിച്ചതിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വി ഡി സതീശനെ മന്ത്രിയാക്കാത്തതില്‍ ദുഃഖമുണ്ട്. ഇതില്‍ ആദ്യം അഭിപ്രായം പ്രകടിപ്പിച്ചത് താനാണ്. പിന്നീട് കെപിസിസി പ്രസിഡന്റും വിഷമം പ്രകടിപ്പിച്ചു. മന്ത്രിസഭയില്‍ വരേണ്ടവര്‍ വന്നിട്ടില്ല. മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് കെ മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയതില്‍ തെറ്റില്ലെന്നും കരുണാകരനെ അപമാനിച്ചവരെ മന്ത്രിയാക്കിയെന്ന ആക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശുവിനും പാലിനും വെവ്വേറെ വകുപ്പ്: വി എസ്

പശുവിന്റെ വകുപ്പ് ഒരുകൂട്ടര്‍ക്ക്, പാലിന്റെ വകുപ്പ് വേറൊരുകൂട്ടര്‍ക്ക് എന്ന നിലയിലാണ് യുഡിഎഫിലെ വകുപ്പുവിഭജനമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഒരു മന്ത്രിക്കും മൃഗസംരക്ഷണം മറ്റൊരു മന്ത്രിക്കും നല്‍കിയതിനെ സൂചിപ്പിച്ചാണ് വി എസ് ഇങ്ങനെ പറഞ്ഞത്. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവും വകുപ്പുകള്‍ മാറിമറിയുന്നു. എല്ലാ ചെറുപാര്‍ടികള്‍ക്കും മന്ത്രിസ്ഥാനം കൊടുത്ത് തൃപ്തിപ്പെടുത്തേണ്ട അവസ്ഥയിലാണ് യുഡിഎഫെന്നും വി എസ് പറഞ്ഞു.

അവിവാഹിത ആദിവാസി അമ്മമാര്‍ക്ക് ഒരേക്കര്‍ ഭൂമി, പെന്‍ഷന്‍ 1000 രൂപയാക്കും

വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാര്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന്മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവര്‍ക്കുള്ള പെന്‍ഷന്‍ മുന്നൂറ് രൂപയില്‍ നിന്ന് ആയിരം രൂപയാക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കണക്കുപ്രകാരം അവിവാഹിത ആദിവാസി അമ്മമാരുടെ എണ്ണം 910ഉം പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് 1500ഉം ആണ്. ഇവരെ ചൂഷണം ചെയ്തവര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനാവകാശനിയമപ്രകാരം ഭൂമിക്ക് അര്‍ഹതയുള്ളവര്‍ക്ക് താമസസ്ഥലത്തുതന്നെ ഭൂമി കൊടുക്കും. മറ്റുള്ളവര്‍ക്ക് വയനാട് കലക്ടര്‍ ഭൂമി വാങ്ങി നല്‍കും. വീട് നിര്‍മാണത്തിന് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്ന് പണം നല്‍കും. ഇവരുടെ പുനരധിവാസത്തിനും കുട്ടികളുടെ പഠനത്തിനും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്ലസ് ടു: 20 ശതമാനം സീറ്റ് വര്‍ധന

പ്ലസ് ടുവിന് 20 ശതമാനം സീറ്റു വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും സീറ്റുവര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. 3.5 ലക്ഷം സീറ്റുകളാണ് ഇപ്പോഴുള്ളത്. എയ്ഡഡ് സ്കൂളിലടക്കം 60,000 ത്തോളം സീറ്റ് വര്‍ധിക്കും.

അനധികൃത സ്വത്തു സമ്പാദനം: കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി തള്ളി

തൃശൂര്‍ : അനധികൃത സ്വത്തു സമ്പാദനത്തിന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കള്‍ക്കുമെതിരെ നല്‍കിയ പരാതി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ആധികാരിക രേഖകളുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ അനുവദിച്ചുകൊണ്ടാണ് വിജിലന്‍സ് കോടതി ജഡ്ജി വി ജയറാം ഹര്‍ജി തള്ളിയത്. തിരുവനന്തപുരം പിടിപി നഗറിലടക്കം അഞ്ചിടത്ത് അവിഹിതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് കാണിച്ച് കുഞ്ഞാലിക്കുട്ടിക്കും ഭാര്യ ഉമ്മുക്കുല്‍സുവിനുമെതിരെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. ആവശ്യമായ രേഖകളുമായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു.

deshabhimani 260511

1 comment:

  1. പശുവിന്റെ വകുപ്പ് ഒരുകൂട്ടര്‍ക്ക്, പാലിന്റെ വകുപ്പ് വേറൊരുകൂട്ടര്‍ക്ക് എന്ന നിലയിലാണ് യുഡിഎഫിലെ വകുപ്പുവിഭജനമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഒരു മന്ത്രിക്കും മൃഗസംരക്ഷണം മറ്റൊരു മന്ത്രിക്കും നല്‍കിയതിനെ സൂചിപ്പിച്ചാണ് വി എസ് ഇങ്ങനെ പറഞ്ഞത്.

    ReplyDelete